ഷാരൂഖ് ഖാന്റെ രണ്ടാം വരവ് ഓരോ ദിവസവുമെന്നോണം ആഘോഷമാക്കുകയാണ് ഇന്ത്യൻ സിനിമാ പ്രേമികൾ. തിയേറ്ററിൽ ഒരു ഷാരൂഖ് ചിത്രമെത്തിയാൽ അതു കണ്ടിട്ടേ വേറെന്തുമുള്ളൂ എന്ന് തോന്നിപ്പിക്കുകയാണ് ബോക്സ് ഓഫീസ് കണക്കുകൾ. 'പഠാനും' 'ജവാനും' തീർത്ത വിജയാരവങ്ങൾക്ക് ശേഷം 'ഡങ്കി'യാണ് ഉടൻ തിയേറ്ററുകളിലെത്തുന്ന കിങ് ഖാൻ ചിത്രം. ഒപ്പമെത്തുന്നത് പ്രശാന്ത് നീലിന്റെ 'സലാർ' ആണ്.
പ്രഭാസ് നായകനാകുന്ന ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ പ്രധാന കഥാപാത്രമാണ്. ഷാരൂഖ് ചിത്രത്തിനൊപ്പം സിനിമ റിലീസിനെത്തുന്നതിൽ തന്നിലെ സിനിമാ പ്രേമി സന്തോഷിക്കുന്നുണ്ടെന്ന് വ്യക്തമാക്കുകയാണ് പൃഥ്വിരാജ്.
'ഒരു സിനിമപ്രേമി എന്ന നിലയിൽ രണ്ടു ചിത്രങ്ങൾ ഒന്നിച്ചെത്തുന്നത് ഞാൻ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. സൂപ്പർ താരങ്ങളുടെയും ഹിറ്റ് സംവിധായകരുടെയും രണ്ട് പ്രതീക്ഷയുള്ള ചിത്രങ്ങൾ അവധി ആഘോഷവേളയിൽ ഒന്നിച്ച് എത്തുന്നതിലാണ് ഞാൻ കൂടുതൽ സന്തോഷിക്കുന്നത്. വ്യത്യസ്തമായ കഥകൾ പറയുന്ന ഈ രണ്ട് സിനിമകളും ഞാൻ ഉറപ്പായും കാണും. ഇന്ത്യൻ സിനിമയെ ഇതുപോലെ ആഘോഷിക്കാൻ 2023നേക്കാൾ മികച്ചൊരു വർഷമുണ്ടോ,' പൃഥ്വിരാജ് പറഞ്ഞു. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിർമ്മാതാക്കൾ നവംബറോടെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഷാരൂഖും രാജ് കുമാർ ഹിരാനിയും ഒന്നിക്കുന്ന 'ഡങ്കി' 'സലാറി'നൊപ്പം ഡിസംബർ 22നാണ് തിയേറ്ററുകളിൽ എത്തുന്നത്. കെജിഎഫിന് ശേഷം സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കുന്ന ചിത്രം എന്നതാണ് സലാറിന്റെ പ്രധാന ആകർഷണം. വർദ്ധരാജ മന്നാർ എന്ന പൃഥ്വിരാജ് കഥാപാത്രം പ്രതിനായകനാകും എന്ന സൂചനകളാണ് പോസ്റ്റർ നൽകിയത്. 12 വർഷത്തിന് ശേഷമാണ് പൃഥ്വിരാജ് ഒരു തെലുങ്ക് ചിത്രത്തിന്റെ ഭാഗമാകുന്നത് എന്ന പ്രത്യേകതയുമുണ്ട്.
അതേ സമയം തിയേറ്ററുകൾ പിടിക്കുന്ന കാര്യത്തിൽ ഇരു സിനിമകളുടെയും നിർമ്മാതാക്കൾ തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 3:1 അനുപാതത്തിൽ ഡങ്കിക്ക് മൂന്ന് ഷോകളും സലാറിന് ഒരു ഷോയും നൽകാനാണ് വിതരണക്കാർ പദ്ധതിയിടുന്നത്. എന്നാൽ സലാറിൻറെയും ഡങ്കിയുടെയും നിർമ്മാതാക്കൾ ഈ ഫോർമുലയോട് താൽപ്പര്യം കാണിക്കുന്നില്ല എന്നാണ് ഇൻഡസ്ട്രി ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നത്.