സുധ കൊങ്കരയും സൂര്യയും ഒന്നിക്കുന്ന രണ്ടാം ചിത്രം 'സൂര്യ 43'-ന്റെ ടൈറ്റിൽ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. 'പുറനാനൂറ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ദുൽഖറും നസ്രിയയും ഭാഗമാകുന്ന വാർത്തയും അറിയിച്ചിരുന്നു. എന്നാൽ ചിത്രത്തിൽ മലയാള സിനിമയുടെ പ്രിയപ്പെട്ട ഛായാഗ്രാഹകനായ ജോമോൻ ടി ജോണും ഭാഗമാകുകയാണ്. 'പുറനാനൂറി'ൽ താനും ഭാഗമാകുന്നതിന്റെ സന്തോഷം ജോമോൻ തന്റെ സൊഷ്യൽ മീഡിയ ഹാൻഡിലിലൂടെ പങ്കുവെച്ചിരുന്നു.
'ചാർളി', 'എന്ന് നിന്റെ മൊയ്ദീൻ', 'തിര', 'തട്ടത്തിൻ മറയത്ത്' തുടങ്ങിയ നിരവധി സൂപ്പര് ഹിറ്റ് ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചത് ജോമോനാണ്. മലയാളത്തിൽ കയ്യൊപ്പ് പതിപ്പിച്ച ഛായാഗ്രഹകനും സുധ കൊങ്കരയും ഒന്നിക്കുന്ന ചിത്രത്തിൽ വലിയ പ്രതീക്ഷയാണ് പേക്ഷകരും അറിയിക്കുന്നത്. ചിത്രത്തിൽ വിജയ് വര്മയും ഭാഗമാകും. 2ഡി എന്റർടൈൻമെന്റിന്റെ ബാനറിൽ സൂര്യ, ജ്യോതിക, രാജ്ശേഖർ കർപൂരസുന്ദരപാണ്ഡ്യൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജി വി പ്രകാശ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ജി വിയുടെ നൂറാമത്തെ ചിത്രം കൂടിയാണ് 'പുറനാന്നൂറ്'. ഒരു ക്ലാസിക് തമിഴ് സാഹിത്യകൃതിയാണ് 'പുറനാനൂറ് '. പ്രണയം, യുദ്ധം, ആദ്യകാല തമിഴ് സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും മറ്റ് വശങ്ങൾ എന്നിവയ്ക്ക് പേരുകേട്ടതാണ് ഈ കൃതികള്. ഇതുമായി ചിത്രത്തിന് എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നത് വ്യക്തമല്ല. ചിത്രത്തിൽ സൂര്യ കോളേജ് വിദ്യാര്ത്ഥിയായാണ് എത്തുന്നതെന്നാണ് റിപ്പോർട്ട്.