കൊച്ചി: ഓൺലൈൻ സിനിമാ ബോംബിങ്ങുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ആദ്യ കേസിൽ സൈബർ പൊലീസ് ശേഖരിച്ച വിവരങ്ങൾ ഉടൻ അന്വേഷകസംഘത്തിന് കൈമാറും. പ്രതികളുടെ വിവരങ്ങളും ഇവർ സമൂഹ മാധ്യമങ്ങളിൽ നടത്തിയ ഇടപാടുകളുമാണ് പരിശോധിക്കുന്നത്.
ഇത് ലഭിച്ച ശേഷം ഇവർക്ക് നോട്ടീസ് നൽകി ചോദ്യം ചെയ്യും. പ്രതികളുടെ സാമ്പത്തിക ഇടപാടുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിക്കും. 'റാഹേൽ മകൻ കോര' സിനിമയുടെ പ്രൊമോഷനു വേണ്ടി നിർമാതാവ് ഷാജി കെ ജോർജിന്റെ കൈയ്യിൽ നിന്ന് പലതവണയായി 19 ലക്ഷം രൂപ മുഖ്യപ്രതി സി എൻ വി സിനിമാ പ്രൊമോഷൻ കമ്പനിയായ 'സ്നേക് പ്ലാന്റ്' ഉടമ ഹൈൻസ് വാങ്ങിയെന്നാണ് പരാതിയിലുള്ളത്.
സിനിമയുടെ സംവിധായകൻ ഉബൈനിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ സിനിമ മോശമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെന്നാണ് പരാതിയിലുള്ളത്. സിനിമയ്ക്ക് നെഗറ്റീവ് റിവ്യു എഴുതുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ ഹൈക്കോടതി നിർദേശം അനുസരിച്ച് സർക്കാർ വ്യക്തത വരുത്തുമെന്ന് മന്ത്രി സജി ചെറിയാൻ മുൻപ് പറഞ്ഞിരുന്നു.
റിവ്യൂ ബോംബിങ്; തുടർ നടപടികൾ തീരുമാനിക്കാൻ സിനിമാ സംഘടനകളുടെ സംയുക്തയോഗം നവംബർ ഒന്നിന്അതേസമയം, റിവ്യൂ ബോംബിങ് കേസുമായി ബന്ധപ്പെട്ട തുടർ നടപടികൾ തീരുമാനിക്കുന്നതിനായി സിനിമാ സംഘടനകളുടെ സംയുക്തയോഗം നവംബർ ഒന്നിന് വിളിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഫെഫ്കയുടെയും നിർമാതാക്കളുടെ സംഘടനയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കൊച്ചിയിൽ വെച്ചാണ് യോഗം. സിനിമ രംഗത്തെ വിവിധ സംഘടനകൾ പങ്കെടുക്കും. എല്ലാവരുടെയും അഭിപ്രായം തേടിയ ശേഷം വിഷയത്തിൽ നിലപാടുകൾ സ്വീകരിക്കും.