ഡീപ്ഫെയ്ക്കുകൾക്കെതിരെ അന്വേഷണങ്ങൾ ശക്തമാകുമ്പോഴും വീണ്ടും വ്യാജ അക്കൗണ്ടുകളിൽ താരങ്ങളുടെ ഡീപ്ഫെയ്ക് ചിത്രങ്ങൾ പ്രചരിക്കുകയാണ്. ഈ പട്ടികയിലെ പുതിയ ഇര സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറ ടെണ്ടുൽക്കറാണ്. എക്സിലൂടെയാണ് താരത്തിന്റെ ഡീപ്ഫെയ്ക് ചിത്രം പ്രചരിക്കുന്നത്. സാറയുടെ നിരവധി വ്യാജ ചിത്രങ്ങൾ ഇതിനോടകം തന്നെ സാറയുടെ പേരിലുള്ള ഫെയ്ക് അക്കൗണ്ടിൽ നിന്ന് വൈറലാകുന്നുണ്ട്. ഇതോടെ സാറയും പ്രതികരണം അറിയിച്ചെത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെയാണ് സാറ ടെണ്ടുൽക്കർ വ്യാജ അക്കൗണ്ടുകളിൽ നിറയുന്ന ഡീപ്ഫെയ്ക്കുകൾക്കെതിരെ പ്രതികരിച്ചത്. സാങ്കേതിക വിദ്യയുടെ ഇത്തരം ദുരുപയോഗത്തിൽ തനിക്ക് ആശങ്കയുണ്ടെന്നും അസ്വസ്ഥത തോന്നുന്നുവെന്നും സാറ കുറിച്ചു.
'നമുക്കെല്ലാവർക്കും നമ്മുടെ സന്തോഷങ്ങളും സങ്കടങ്ങളും ദൈനംദിന പ്രവർത്തനങ്ങളും പങ്കിടാനുള്ള ഒരു മികച്ച ഇടമാണ് സോഷ്യൽ മീഡിയ. എന്നാൽ, ഇന്റർനെറ്റിന്റെ സത്യത്തിലും ആധികാരികതയിലും അകന്ന് നിന്നുള്ള സാങ്കേതികവിദ്യയുടെ ദുരുപയോഗം കാണുമ്പോൾ അസ്വസ്ഥതയുണ്ടാകുന്നു. അതിൽ ചിലത് ഞാൻ കണ്ടു, യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത എന്റെ ഡീപ്ഫേക്ക് ഫോട്ടോകൾ. ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് എന്റെ വ്യാജ ചിത്രങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. എനിക്ക് എക്സിൽ അക്കൗണ്ട് ഇല്ല, എക്സ് അത്തരം അക്കൗണ്ടുകൾ പരിശോധിച്ച് അവ സസ്പെൻഡ് ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,' സാറ എഴുതി.
വിശ്വാസ്യതയിലും യാഥാർത്ഥ്യത്തിലും അധിഷ്ഠിതമായ ആശയവിനിമയത്തെയാണ് നമുക്ക് വിനോദം എന്ന് വിളിക്കാനാവുക, അതിനെയാണ് പ്രോത്സാഹിപ്പിക്കാൻ കഴിയുക. അല്ലാത്തതിനെ എതിർക്കുക തന്നെ വേണമെന്നും സാറ കൂട്ടിച്ചേർത്തു. മുൻപ് സാറ ടെണ്ടുൽക്കറും ക്രിക്കറ്റ് താരം ശുഭ്മാൻ ഗില്ലും തമ്മിൽ ഡേറ്റിലാണെന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. കരൺ ജോഹറിന്റെ പരിപാടിയായ കോഫി വിത്ത് കരൺ സീസൺ എട്ടിൽ നടി സാറ അലി ഖാനോട് ഈ അഭ്യൂഹത്തെ കുറിച്ചു ചോദിച്ചിരുന്നു. എന്നാൽ സാറ ടെണ്ടുൽക്കറിന്റെ സുഹൃത്ത് കൂടിയായ സാറ അലി ഖാൻ ഇത് നിഷേധിക്കുകയാണ് ചെയ്തത്.