ഷാര്ജ: വിവാഹമോചനം ജീവിത പരാജയമല്ലെന്ന് ഓര്മ്മിപ്പിച്ച് ഡോക്യുമെന്ററി 'ഹാപ്പിലി ഡിവോഴ്സ്ഡ്'. കേരളം, യുഎഇ, ന്യൂസിലാന്ഡ് എന്നിവിടങ്ങളിലുള്ള വിവാഹമോചിതരായ മൂന്ന് മലയാളി സ്ത്രീകളുടെ ജീവിതകഥ പറയുന്നതാണ് ഡോക്യൂമെന്ററിയുടെ പ്രമേയം. വിവാഹമോചന ശേഷം നിരാശ ബാധിക്കാതെ ജീവിതം അതിജീവനത്തിലൂടെ തിരിച്ചുപിടിക്കാന് പ്രേരിപ്പിക്കുന്നതാണ് ഡോക്യുമെന്ററി.
വിവാഹമോചനം എന്നത് പൂര്ണ്ണ വിരാമമല്ലെന്നും ധീരതയോടെയും നിശ്ചയദാര്ഢ്യത്തോടെയും ജീവിതം പുനര് നിര്മ്മിക്കേണ്ടതാണെന്നും ഡോക്യുമെന്ററി ഓര്മ്മിപ്പിക്കുന്നു. പ്രതികൂല സാഹചര്യങ്ങളില് നിന്ന് വിജയത്തിലേക്കുള്ള മൂന്ന് വ്യക്തികളുടെ ജീവിതയാത്രകളുടെ നേര്ക്കാഴ്ചകളാണ് ഡോക്യുമെന്ററി പറയുന്നത്.
ഇവരുടെ മനഃസാക്ഷിയുടെ കഥപറച്ചില്, വ്യക്തിപരമായ പരിവര്ത്തനങ്ങള്, ഉപരിജീവിതത്തോടുള്ള അഭിനിവേശം ഒക്കെയും ഡോക്യുമെന്ററിയിൽ പരാമർശിക്കുന്നുണ്ട്. മാധ്യമ പ്രവര്ത്തകയും യുഎഇയിലെ സംരംഭകയുമായ നിഷ രത്നമ്മയാണ് ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും നിര്വ്വഹിക്കുന്നത്. 26 മിനിറ്റ് ദൈര്ഘ്യമുള്ളതാണ് ഹാപ്പിലി ഡിവോഴ്സ്ഡ്. ഡോക്യുമെന്ററി ശനിയാഴ്ച രാത്രി എട്ടരയ്ക്ക് ഷാര്ജ, നാഷണല് പെയിന്റ്സ്, എസ്എഎസ് പാര്ട്ടി ഹാളില് പ്രദര്ശിപ്പിക്കും.