കേരള സർക്കാരിന്റെ 'എന്റെ ഷോ'; നടപ്പാക്കാൻ അനുവദിക്കില്ല, നിയമപരമായി നേരിടുമെന്ന് ഫിയോക്

'തിയേറ്ററുകൾക്ക് ലഭിക്കേണ്ട പണം സർക്കാർ എടുത്ത് ചെലവാക്കുമോ എന്ന ഭയമുണ്ട്'

dot image

കൊച്ചി: സിനിമ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി സർക്കാരിന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തുന്ന മൊബൈൽ ആപ്ലിക്കേഷനെയും വെബ്സൈറ്റിനെയും എതിർക്കുമെന്ന് തിയേറ്ററുടമകളുടെ സംഘടനയായ 'ഫിയോക്'. സർക്കാരിന്റെ ആപ്പിൽ അപാകതകൾ ഉണ്ടാകുമെന്നും ഇ - ടിക്കറ്റ് സംവിധാനം നടപ്പാക്കാൻ അനുവദിക്കില്ലെന്നും ഫിയോക് സംസ്ഥാന പ്രസിഡന്റ് വിജയകുമാർ പറഞ്ഞു.

'എന്റെ ഷോ' എന്ന പേരിലാണ് സർക്കാരിന്റെ ഇ - ടിക്കറ്റ് സംവിധാനം. ഈ ആപ്പിൽ വിശ്വാസമില്ല. സർക്കാർ നിശ്ചയിക്കുന്ന ഏജൻസിക്കാണ് പണം ലഭിക്കുക. സർക്കാർ ആപ്പിലൂടെ ബുക്ക് ചെയ്യുന്ന ടിക്കറ്റിന്റെ പണം തിയേറ്റർ ഉടമയ്ക്ക് കൃത്യ സമയത്ത് ലഭിക്കില്ല. മാത്രമല്ല, തിയേറ്ററുകൾക്ക് ലഭിക്കേണ്ട പണം സർക്കാർ എടുത്ത് ചെലവാക്കുമോ എന്ന ഭയവുമുണ്ടെന്നും വിജയകുമാർ ആശങ്ക പ്രകടിപ്പിച്ചു.

ഇ-ടിക്കറ്റ് സംവിധാനവുമായി സർക്കാർ നിർബന്ധമായി മുൻപോട്ട് പോകുകയാണെങ്കിൽ നിയമപരമായി നേരിടുമെന്നും വിജയകുമാർ പറഞ്ഞു. തിയേറ്റർ ക്ഷേമനിധിയിലേക്ക് ഫിയോക് കൃത്യമായി പണമടക്കുന്നുണ്ട്. മാളുകളിൽ നടത്തുന്ന തിയേറ്ററുകളിൽ നിന്ന് മാത്രമാണ് പണം ലഭിക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പരീക്ഷണാടിസ്ഥാനത്തിൽ കെഎസ്എഫ്ഡിസിയുടെ 16 തിയേറ്ററുകളിലാണ് 'എന്റെ ഷോ' വഴിയുള്ള ടിക്കറ്റ് വിതരണം തുടങ്ങുക. ജനുവരിയോടെ കേരളത്തിലെ എല്ലാ തിയേറ്ററുകളെയും ഉൾപ്പെടുത്തി പൂർണമായും പ്രവർത്തനസജ്ജമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. സാധാരണ സിനിമാടിക്കറ്റ് ബുക്കിങ് ആപ്പുകളെയും വെബ്സൈറ്റുകളെയും പോലെയാണ് ഇതിന്റെയും പ്രവർത്തനം. ഒരു ടിക്കറ്റിന് ഒന്നര രൂപ മാത്രമാണ് അധികമായി നൽകേണ്ടതായുള്ളത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us