ലോക സിനിമ പ്രേക്ഷകർ കാത്തിരുന്ന 81-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഇന്ത്യൻ സമയം ഇന്ന് രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പരിപാടി കാലിഫോർണിയയിലെ ബെവർലി ഹിൽസിൽ വച്ചാണ് നടന്നത്. ലോക ശ്രദ്ധയാകർഷിച്ച് ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഗഹൈമറാണ് ഏറ്റവും കൂടുതൽ പുരസ്കാരം സ്വന്തമാക്കിയ ചിത്രം. മികച്ച ചിത്രം (ഡ്രാമ), മികച്ച ഒറിജിനൽ സ്കോർ, മികച്ച നടൻ (ഡ്രാമ), മികച്ച സംവിധായകൻ എന്നീ വിഭാഗങ്ങളിലാണ് ഓപ്പൺഹൈമർ പുരസ്കാരം സ്വന്തമാക്കിയത്. ഇനി ഓസ്കറിനാണ് ഓപ്പൺഹൈമർ കാത്തിരിക്കുന്നത്.
മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് എമ്മ സ്റ്റോൺ കരസ്ഥമാക്കി. പുവർ തിങ്ങ്സ് എന്ന ചിത്രത്തിലെ ബെല്ല ബാക്സ്റ്റർ എന്ന കഥാപാത്രത്തിനാണ് പുരസ്കാരം. ലില്ലി ഗ്ലാഡ്സ്റ്റോണാണ് ഡ്രാമ വിഭാഗത്തിലെ മികച്ച നടി. 'കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂണി'ന് ലഭിച്ച ഏക പുരസ്കാരമാണിത്.
ഈ വർഷത്തെ ഏറ്റവും മികച്ച നോമിനേഷനിലുണ്ടായിരുന്ന മറ്റൊരു ചിത്രമായിരുന്നു ബാർബി. എന്നാൽ രണ്ട് വിഭാഗത്തിൽ മാത്രമാണ് ബാർബി പുരസ്കാരം സ്വന്തമാക്കിയത്. ലോകമെമ്പാടും 1.4 ബില്യൺ ഡോളർ ബോക്സ് ഓഫീസിൽ അസാധാരണ വിജയം സ്വന്തമാക്കാൻ ബാർബിക്ക് കഴിഞ്ഞതോടെ ബോക്സ് ഓഫീസ് അച്ചീവ്മെന്റ് അവാർഡും ചിത്രം സ്വന്തമാക്കി. ചിത്രത്തിലെ വികാര നിർഭരമായ ഗാനത്തിന് ടെയ്ലർ സ്വിഫ്റ്റും പുരസ്കാരത്തിനർഹയായി.
ടെലിവിഷൻ വിഭാഗത്തിൽ സക്സഷനാണ് ഏറ്റവും കൂടുതൽ നോമിനേഷനിൽ ഇടം പിടിച്ചത്. പ്രതീക്ഷകൾ കാത്തുകൊണ്ട് മികച്ച ടെലിവിഷൻ സീരീസ്/ ഡ്രാമ സീരീസ്, മികച്ച നടൻ, മികച്ച നടി വിഭാഗത്തിലും സക്സഷൻ ഈ വർഷത്തെ ഗോൾഡൻ ഗ്ലോബ് നേടി. മികച്ച ടെലിവിഷൻ കോമഡിക്കുള്ള പുരസ്കാരം ദ ബെയർ സ്വന്തമാക്കി. ചിത്രത്തിലെ ലീഡ് റോൾ കൈകാര്യം ചെയ്ത ജെറമി അലൻ വൈറ്റ്, അയൊ എഡെബിരി എന്നിവരും ഗോൾഡൻ ഗ്ലോബ് നേടി.
നിരൂപക പ്രശംസ നേടിയ 'ബീഫ്' മികച്ച ടെലിവിഷൻ ലിമിറ്റഡ് സീരീസിനുള്ള ഗോൾഡൻ ഗ്ലോബ് സ്വന്തമാക്കി. ഏഷ്യൻ-അമേരിക്കൻ താരങ്ങൾ സ്വന്തമാക്കുന്ന ആദ്യ ഗോൾഡൻ ഗ്ലോബ് എന്ന നേട്ടവും ബീഫിനുണ്ട്. കോമഡി-ഡ്രാമ വിഭാഗത്തിൽ സ്റ്റീവൻ യൂനും അലി വോങ്ങും പുരസ്കാരം സ്വന്തമാക്കി.