സോഷ്യൽ മീഡിയയിൽ ഏറെ കാലമായി വൈറലായ ഒരു വീഡിയോ ആണ് സംഗീത സംവിധായകൻ ദീപക് ദേവ് അടങ്ങുന്ന വിധികർത്താക്കൾ മത്സരാർത്ഥികളെ ട്രോളുന്നത്. വർഷങ്ങൾക്ക് ശേഷവും സോഷ്യൽ മീഡിയയിൽ ഇത് ശ്രദ്ധേയമാണ്. എന്നാൽ മത്സരാർത്ഥികളെ കളിയാക്കിയതിൽ തനിക്ക് ഖേദമുണ്ടെന്നാണ് ദീപക് ദേവ് പറഞ്ഞത്. ചാനലിൽ സംഭവിക്കുന്ന ചിലതെല്ലാം സ്ക്രിപ്റ്റഡാണെന്നും എൻ്റർടെയ്ൻമെന്റ് വാല്യൂസിന് വേണ്ടി ഒരുക്കുന്നതാണെന്നും ദീപക് ദേവ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ട്രോൾ വീഡിയോകളൊക്കെ ഇറങ്ങിയ സമയത്ത് വളരെ റിഗ്രെറ്റുണ്ടായി. പലപ്പോഴും എൻ്റർടെയ്ൻമെന്റ് വാല്യൂസിന് വേണ്ടിയിട്ടായിരിക്കും ചാനലുകളുടെ അവശ്യപ്രകാരം നമ്മൾ ഓരോന്ന് ചെയ്യുന്നത്. അതുകൊണ്ടു തന്നെ അത് ഒറ്റയ്ക്കുള്ള ഒരു തീരുമാനമായിരിക്കില്ല. എന്റർടെയ്ൻമെന്റിന് വേണ്ടി ചാനൽ നമുക്ക് നൽകുന്ന കാര്യങ്ങളുണ്ടാകും, അതായത് നമ്മൾ വിചാരിക്കുന്നത് പോലെ എല്ലാവരും മത്സരാർത്ഥികളല്ല. ചിലത് സ്ക്രിപ്റ്റഡാണ്. ചാനൽ ഏർപ്പെടുത്തിയ ആളുകളാണ് വരുന്ന മത്സരാർത്ഥികളിൽ ചിലത്.
തലയെടുപ്പോടെ നടന്ന് നീങ്ങുന്ന ദാമുവും രമണനും ഷാജി പാപ്പനും; വിഡിയോ വൈറൽ; സംഭവമിങ്ങനെപക്ഷെ അത് കാണുന്ന പ്രേക്ഷകർക്കറിയില്ല. അന്നും അതാണ് സംഭവിച്ചത്. അവരുടെ ആൾക്കാരും മറ്റ് ചിലർ യഥാർത്ഥ മത്സരാർത്ഥികളുമായിരുന്നു. യഥാർത്ഥ മത്സരാർത്ഥികളാണെന്ന് തിരിച്ചറിയുന്നത് പരിപാടി കഴിയുമ്പോഴാണ്. അപ്പോൾ ഇത് പുറത്ത് വരുമ്പോൾ മത്സരാർത്ഥികൾക്കുണ്ടാകുന്ന ഡാമേജിനേ ഓർത്ത് ഞാൻ പലപ്പോഴും ചാനലിനോട് പറഞ്ഞ് ഇതിന്റെ തുടക്കത്തിലുള്ള വീഡിയോകൾ എടുക്കണമെന്ന് പറഞ്ഞിരുന്നു. ചാനൽ അത് മാനിച്ചുകൊണ്ട് തന്നെ എടുക്കുകയും ചെയ്തു. പക്ഷെ അതെടുക്കുന്നതിന് മുൻപേ മറ്റ് രീതിയിൽ കുറേപേർ ഡൗൺലോഡ് ചെയ്ത് തിരിച്ച് സമൂഹ മാധ്യമങ്ങളിൽ അപ്ലോഡ് ചെയ്തു.
കാണുന്നവർക്ക് അത് ചിലപ്പോഴൊരു കോമഡിയായിരിക്കാം, പക്ഷെ ആ ഒരു സ്ഥാനത്ത് നമ്മൾ പോയി നിൽക്കുമ്പോഴെ അതിന്റെ പ്രയാസം അറിയുകയുള്ളു, അതെനിക്കുമറിയാം. ചില കാര്യങ്ങൾ സമയത്ത് ചെയ്തില്ലെങ്കിൽ പിന്നീടത് തിരിത്താനാവാത്ത ഒന്നായി മാറുമെന്നതിന്റെ ഉദാഹരണാണ് വൈറൽ വീഡിയോകൾ. അങ്ങനെ സംഭവിച്ച ഒരാളെ ഞാനീയടുത്ത് കണ്ടു. ഞാൻ സംസാരിച്ചു. അയാൾക്ക് അന്നത്തെ സംഭവം കാരണം എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കിൽ എന്നാൽ കോണ്ട് കഴിയുന്ന തരത്തിൽ വേണ്ട പരമാവധി പിന്തുണ ഭാവിയിൽ നൽകാമെന്ന് ഞാൻ പറഞ്ഞു. ആ പയ്യൻ ഇന്ന് നന്നായി പാടുന്നുണ്ട്.