കൊച്ചി: വരിവരിയായി നടന്ന് നീങ്ങുന്ന കാട്ടുപറമ്പൻ, രമണൻ, ദശമൂലം ദാമു, ഷാജി പാപ്പൻ, പിന്നെ കീലേരി അച്ചുവും. സോഷ്യൽ മീഡിയയിലെ ട്രോൾ താരങ്ങൾ പൂരപ്പറമ്പിലിറങ്ങിയാൽ എങ്ങനെയിരിക്കും. ഗുരുവായൂരുള്ള സൗപർണിക കലാലയം ടീമിന്റെ കരവിരുതാണ് ഇപ്പോൾ ട്രെൻഡിങ്. ആനക്കര പൂരത്തിനാണ് ഇവരുടെ പ്ലോട്ടുകൾ നിരത്തിലിറങ്ങിയത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിലെ സന്തോഷം റിപ്പോർട്ടറിനോട് പങ്കുവയ്ക്കുകയാണ് ടീമിന് നേതൃത്വം നൽകുന്ന രാജേഷ്.
'ഫൈബർ കൊണ്ട് ഉണ്ടാക്കിയ കഥാപാത്ര രൂപങ്ങളായാണ് പൂരത്തിനിറങ്ങിയത്. 24-ാമത്തെ വർഷമാണ് പരിപാടി അവതരിപ്പിക്കുന്നത്. ഇങ്ങനെ വൈറലാകുന്നത് ഇപ്പോഴാണ്. പുതിയ ആശയമായിരുന്നു. കഴിഞ്ഞ വർഷം കെവിൻ എന്ന പക്ഷിയുടെ രൂപം ചെയ്താണ് പരീക്ഷണം തുടങ്ങിയത്. വലിപ്പമുള്ള പക്ഷിയുടെ രൂപമായിരുന്നു അത്. ഇക്കുറി 5 ഹാസ്യകഥാപാത്രങ്ങളെ പരീക്ഷിക്കാമെന്ന് കരുതി. അങ്ങനെയാണ് കാട്ടുപറമ്പൻ, രമണൻ, ദശമൂലം ദാമു, ഷാജി പാപ്പൻ, കീലേരി അച്ചു രൂപങ്ങൾ ഒരുക്കിയത്. ഇന്നലെ ആനക്കര പൂരത്തിന് ഇറങ്ങിയ കഥാപാത്രങ്ങളുടെ വീഡിയോ വൈറലായതോടെ ഫോൺവിളികളാണ്. അഭിനന്ദിച്ചും പരിപാടി ബുക്ക് ചെയ്യാനുമുള്ള വിളികൾക്ക് പുറമേ ചില കഥാപാത്രങ്ങളെ വിട്ടുപോയെന്ന് പരിഭവിക്കുന്നവരുമുണ്ട്. സലീം കുമാറിന്റെ മണവാളൻ കഥാപാത്രം കൂടി വേണമെന്നായിരുന്നു മിക്കവരുടെയും നിർദേശം. കൂടുതൽ കഥാപാത്രങ്ങളെ ഇനി ഒരുക്കും. 85-ഓളം പേരാണ് സംഘത്തിലുള്ളത്. വീട്ടിൽ വച്ചാണ് ഇവയെല്ലാം നിർമിച്ചത്. ഇത്രയ്ക്ക് വൈറലാകുമെന്ന് ഒരിക്കലും വിചാരില്ല. സന്തോഷമുണ്ട്'. രാജേഷ് പറയുന്നു.
കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ ഇവരുടെ വീഡിയോ വൈറലാകുന്നത്. വ്യത്യസ്ത ആശയത്തിനാണ് കയ്യടി നേടുന്നത്. ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നെടാ ഉവ്വെ, മണവാളൻ കൂടി വേണമായിരുന്നു, ആരാ ഒരു വെറൈറ്റി ആഗ്രഹിക്കാത്തത്, ഇത് ഈ ഉത്സവ കാലം പൊളിയാക്കും തുടങ്ങി നീളുന്നു കമന്റുകൾ.