'ഇത് ഫെമിനിസം അല്ല, ഒരുതരം ഗതികെട്ട അവസ്ഥയാണ്'; സൈബർ ബുള്ളിയിങ്ങിനെതിരെ മറീന മൈക്കിൾ

'ഞാൻ ബോൾഡാണ് എന്ന് പറഞ്ഞ് ഫേയ്ക്ക് ചെയ്ത് മടുത്തൂ. ഞാൻ ബോൾഡൊന്നും അല്ല. ഭയങ്കര സെൻസിറ്റീവ് ആണ്. വീട്ടുകാരുടെ പ്രാർത്ഥന കൊണ്ടോ ഒരു ധൈര്യം കൊണ്ടോ ആണ് ഞാൻ സർവൈവ് ചെയ്ത് പോകുന്നത്'

dot image

സോഷ്യൽ മീഡിയയിൽ തനിക്കെതിരെ എത്തുന്ന മോശം കമന്റുകളോട് പ്രതികരിച്ച് നടി മറീന മൈക്കിൾ. വിവേകനാന്ദൻ വൈറലാണ് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പുരുഷന്മാർക്ക് സിനിമ സെറ്റിൽ കാരവനും താൻ അടക്കമുള്ളവർക്ക് ബാത്ത്റൂം പോലുമില്ലാത്തതിനെ കുറിച്ച് മറീന പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നടൻ ഷൈൻ മറീനയോട് കയർക്കുകയും ഇറങ്ങിപ്പോവുകയും ചെയ്തു. വീഡിയോ വൈറലായതോടെ നിരവധി പ്രതികരണങ്ങളാണ് തനിക്കു നേരെ ഉണ്ടാകുന്നതെന്നാണ് മറീന പറയുന്നത്.

താൻ സിനിമയിലുള്ള എല്ലാ പുരുഷന്മാരെയും കുറിച്ചല്ല പറഞ്ഞതെന്നും തനിക്ക് നേരിട്ട അനുഭവമാണ് വ്യക്തമാക്കിയതെന്നും മറീന തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. എന്തെങ്കിലും പറഞ്ഞാൽ ഫെമിനിസ്റ്റ് ആണെന്ന് പറയും. ഇത് ഫെമിനിസം അല്ല ഒരുതരം ഗതികെട്ട അവസ്ഥയാണെന്നും മറീന പ്രതികരിച്ചു.

എനിക്ക് ഒരുപാട് വിഷമം തോന്നിയ വിഷയത്തില് പ്രതികരിക്കാൻ പറ്റാത്ത സന്ദർഭത്തിൽ ചെയ്തൊരു ചർച്ചയാണത്. ഞാൻ എന്താണ് പറയാൻ വന്നതെന്ന് അംഗീകരിക്കുക പോലും ചെയ്യുന്നില്ലെന്ന് തോന്നി. അഭിമുഖത്തിന് താഴെ വന്നിരിക്കുന്ന പ്രതികരണം, ഞാൻ ആണുങ്ങൾക്ക് എതിരെ പറഞ്ഞു, ഇവൾ ഫെമിനിസ്റ്റ് ആണ്, വിക്ടിം കാർഡ് പ്ലെ ചെയ്യുകയാണ് എന്നൊക്കെയാണ്. ഞാൻ എല്ലാ ആണുങ്ങളും എന്ന് ഒന്നും പറഞ്ഞില്ല. എന്റെ സുഹൃത്തായിട്ടുള്ള ഷൈൻ ടോം ചാക്കോയെ പോലുമല്ല ഞാന് ഉദ്ദേശിച്ചത്. വ്യക്തിപരമായി ഏതെങ്കിലും ആർട്ടിസ്റ്റിനോ നിങ്ങൾക്കോ വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു.

ഞാൻ തിരുവനന്തപുരത്ത് ഒരു സിനിമയുടെ ഷൂട്ടിന് ചെന്ന സമയത്ത് എനിക്ക് പീരിയഡ്സായി. സ്വാഭാവികമായും നല്ലൊരു മുറി ഉണ്ടെങ്കിൽ പോലും നല്ലൊരു ബാത്റൂം കൂടി വേണമെന്ന് നമ്മൾ ആഗ്രഹിക്കുമല്ലോ. ശാരീരികമായി അത്രയും ബുദ്ധിമുട്ടുന്ന സമയം. ആദ്യ ദിവസം മുറിയിൽ കത്യമായ ബാത് റൂം പോലുമില്ല. പക്ഷേ ലീഡ് ആയിട്ടുള്ള പുരുഷ അഭിനേതാക്കൾക്ക് അവർ കാരവാൻ കൊടുത്തു. ഒരുവേള അവരോട് ഇക്കാര്യം സംസാരിച്ചപ്പോൾ കാരവാൻ ഉപയോഗിക്കാൻ പറഞ്ഞു. പക്ഷേ എനിക്കത് കൺഫർട്ടബിളായി തോന്നിയില്ല. കാരണം അവർക്ക് കൊടുത്തതാണല്ലോ.

ഷൂട്ടിന് താമസ സൗകര്യം ഒരുക്കിയത് ഒരു ബാർ ഹോട്ടലിന് അടുത്താണ്. ആദ്യത്തെ രണ്ട് ദിവസം ഷൂട്ട് കഴിഞ്ഞ് വന്നപ്പോൾ ഹോട്ടലിന് താഴെ ഫുൾ കള്ള് കുടിച്ച ആളുകളാണ്. ഡ്രൈവർ ചേട്ടനോട് ഞാൻ ഇറങ്ങി ഓടുമെന്നാണ് പറയുന്നത്. അശ്വിൻ ആണ് എന്റെ അസിസ്റ്റന്റ്. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ച് പറഞ്ഞാൽ മതിയെന്ന് പറഞ്ഞ് ഓടി അകത്ത് കയറി. പിന്നെ ഞാൻ പുറത്ത് ഇറങ്ങിയിട്ടെ ഇല്ല. ഭക്ഷണം ഓർഡർ ചെയ്യാൻ തോന്നിയാൽ അതിന് പോലും സാധിക്കില്ലായിരുന്നു. കാരണം താഴെ ഇങ്ങനെയാണ്. ഒടുവിൽ ക്രുവിനോട് വേറെ നല്ലൊരു ഹോട്ടലിലേക്ക് മാറ്റി തരുമോന്ന് ചോദിച്ചു. ആരെങ്കിലും കേറി പിടിച്ചുവെന്ന് ഞാൻ ഒരു പരാതി പറഞ്ഞാൽ അവരെന്താ ചോദിക്കാ, നിങ്ങൾ വേണമെങ്കിൽ ചോദിച്ച് മേടിക്കണമായിരുന്നു എന്ന്.

അങ്ങനെയൊക്കെ പറയേണ്ടി വരുന്നതിന്റെ ഗതികേടും ബുദ്ധിമുട്ടുമൊക്കെയാണ് ഞാൻ സംസാരിച്ചത്. അല്ലാതെ ആണുങ്ങളെല്ലാവരും എന്നോട് ഇങ്ങനെ പെരുമാറി എന്നല്ല. എന്നോട് സിനിമയിൽ മാന്യമായും നല്ല രീതിയിൽ പെരുമാറിയതുമായ ഒരുപാട് പേരുണ്ട്. പലതും പുറത്തുവരുന്നില്ല. എന്തെങ്കിലും പറഞ്ഞാൽ ഫെമിനിസ്റ്റ് ആണെന്ന് പറയും. ഇത് ഫെമിനിസം അല്ല ഒരുതരം ഗതികെട്ട അവസ്ഥയാണ്.

ഇതൊക്കെ അംഗീകരിക്കുന്നില്ലെന്ന് കണ്ടപ്പോൾ, എഴുന്നേറ്റ് പോകുകയല്ലാതെ വേറെ വഴി ഉണ്ടായിരുന്നില്ല. ഞാൻ ബോൾഡാണ് എന്ന് പറഞ്ഞ് ഫേയ്ക്ക് ചെയ്ത് മടുത്തൂ. ഞാൻ ബോൾഡൊന്നും അല്ല. ഭയങ്കര സെൻസിറ്റീവ് ആണ്. വീട്ടുകാരുടെ പ്രാർത്ഥന കൊണ്ടോ ഒരു ധൈര്യം കൊണ്ടോ ആണ് ഞാൻ സർവൈവ് ചെയ്ത് പോകുന്നത്. ആൾക്കാരെന്നോട് മോശമായി സംസാരിക്കരുതെന്ന് കരുതി ഞാൻ തന്നെ ക്രിയേറ്റ് ചെയ്തെടുത്ത പേഴ്സണാലിറ്റിയാണത്. അത് ഒത്തിരി എനിക്ക് ഹെൽപ് ചെയ്തിട്ടുണ്ട്, മറീന തുടരുന്നു...

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us