റൺബീർ കപൂറിനെയും രശ്മിക മന്ദാനയെയും ചേർത്ത് സന്ദീപ് റെഡി ഒരുക്കിയ ബോളിവുഡ് ചിത്രം അനിമലിനെ കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ച് നടി തപ്സി പന്നു. അനിമൽ പോലൊരു ചിത്രം താൻ ഒരിക്കലും ചെയ്യില്ലെന്നും ഹോളിവുഡിനേയും ബോളിവുഡിനേയും തമ്മിൽ താരതമ്യം ചെയ്യുന്നതിൽ കാര്യമില്ലെന്നും ഒരു അഭിമുഖത്തിൽ തപ്സി പറഞ്ഞു. താൻ ചിത്രം കണ്ടിട്ടില്ലെന്നും താരം പറഞ്ഞു.
ചിത്രത്തെ പറ്റി ഒരുപാട് പേർ തന്നോട് പറഞ്ഞതായി താരം പറഞ്ഞു. താൻ ഒരു തീവ്രപക്ഷക്കാരിയല്ലാത്തതുകൊണ്ട് ആളുകളോട് യോജിക്കുകയും വിയോജിക്കുകയും ചെയ്യാറുണ്ടെന്നും തപ്സി പറഞ്ഞു. താരതമ്യം ചെയ്യുമ്പോൾ ഗോൺ ഗേൾ ഇഷ്ടപ്പെട്ടെങ്കിൽ എന്തുകൊണ്ട് അനിമൽ ഇഷ്ടപ്പെട്ടില്ല എന്ന് ആരും ചോദിക്കരുത്. സിനിമ കണ്ട് പ്രേക്ഷകർ സിനിമ താരങ്ങളെ പോലെ ഹെയർസ്റ്റൈൽ അനുകരിക്കുകയോ സിനിമയെ ജീവിതത്തിലേക്ക് പകർത്തുകയോ സിനിമ കണ്ട് സ്ത്രീകളെ പിന്തുടരുകയോ ഹോളിവുഡിൽ ചെയ്യാറില്ല. എന്നാൽ ഇതെല്ലാം നമ്മുടെ നാട്ടിൽ നടക്കുന്നുണ്ടെന്നും താരം പറഞ്ഞു.
നമ്മുടെ യാഥാർഥ്യം ഇതാണ്. ഗോൺ ഗേളിനെ കലാസൃഷ്ടിയായി കാണാനാകുമെങ്കിൽ പിന്നെന്തുകൊണ്ട് കപടവാദികൾ അനിമലിനെക്കുറിച്ച് ഇങ്ങനെ സംസാരിക്കുന്നത് എന്ന് ചിലര് ചോദിക്കാറുണ്ട്. എന്നാല് നമ്മുടെ സിനിമ വ്യവസായത്തെ ഹോളിവുഡുമായി താരതമ്യം ചെയ്തു പറയാനാകില്ലെന്നും അതിൻ്റെ വ്യത്യാസം മനസ്സിലാക്കാനും താരം പറയുന്നുണ്ട്. ഒരോരുത്തർക്കും സിനിമ തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. ഈ സിനിമ താൻ ചെയ്യില്ലെന്ന കാര്യം മാത്രമേ താൻ പറഞ്ഞുള്ളു എന്നും തപ്സി പറഞ്ഞു. ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രമാണ് അതിനാൽ എന്ത് തിരഞ്ഞെടുക്കണമെന്ന സ്വാതന്ത്ര്യം നമുക്കുണ്ടെന്നും താരം പറഞ്ഞു.