അമ്മ പറഞ്ഞ ഏഴിലം പാലയിലെ പ്രതികാരദാഹിയായ യക്ഷി; ആകാശഗംഗയ്ക്ക് 25 വര്ഷം

ചിത്രം 25 വര്ഷം പൂര്ത്തിയാകുന്ന വേളയില് സംവിധായകന് വിനയന് ഓര്മ്മകള് പുതുക്കുന്നു

dot image

മാണിക്യശ്ശേരി കുടുംബത്തിന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെടുന്ന ദാസി പെണ്ണ് ഗംഗയുടെ പകയ്ക്ക് ഇന്നേക്ക് 25 വര്ഷം. ആകാശഗംഗ വിനയന്റെ എക്കാലത്തെയും മികച്ച ഹൊറര് ചിത്രമാണ്. യക്ഷി കഥകള് മലയാള സിനിമയില് മുന്പും വന്നു പോയെങ്കിലും ആകാശഗംഗയുടെ അത്രയും വിജയം കൈവരിച്ചിട്ടുണ്ടോ എന്ന കാര്യത്തില് സംശയമാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം വന്നെങ്കിലും മലയാളിയുടെ മനസിലെ ആകാശ ഗംഗയ്ക്കൊപ്പം എത്താന് ആയില്ല. ചിത്രം 25 വര്ഷം പൂര്ത്തിയാകുന്ന വേളയില് സംവിധായകന് വിനയന് ഓര്മ്മകള് പുതുക്കുന്ന സോഷ്യല് മീഡിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

വിനയന്റെ കുറിപ്പ് ഇങ്ങനെ:

'ആകാശഗംഗ റിലീസായിട്ട് നാളെ ഇരുപത്തഞ്ചു വര്ഷം തികയുന്നു..വെള്ള സാരി ഉടുത്ത ഏഴിലം പാലയിലെ യക്ഷിക്കഥയുടെ കാലം കഴിഞ്ഞു എന്നെന്നോട് നിരവധി നിര്മ്മാതാക്കള് അന്നു പറഞ്ഞിരുന്നു.. പക്ഷേ എനിക്കെന്തോ ആ കഥ ജനം സ്വീകരിക്കും എന്ന വിശ്വാസം തോന്നിയിരുന്നു.. കഥ കേട്ട പലരും എന്നോട് മുഖം തിരിച്ചപ്പോള് ഒടുവില് സ്വയം നിര്മ്മാതാവിന്റെ കൂടി മേലങ്കി അണിയുവാന് ഞാന് തീരുമാനിച്ചു.. പ്രതികാര ദുര്ഗ്ഗയായ യക്ഷിക്കും അവളെ തളക്കുന്ന മേപ്പാടന് എന്ന രാജന് പി ദേവ് ചെയ്ത കഥാപാത്രത്തിനും ആയിരുന്നു സിനിമയില് പ്രാധാന്യം എന്നതു കൊണ്ടു തന്നെ അന്നു പ്രശസ്തനായിരുന്ന യുവനടനും ആകാശ ഗംഗയില് നിന്നു പിന്മാറി.. അപ്പോഴും ഈ യക്ഷിയമ്മ എന്നെ രക്ഷിക്കും എന്നെന്റെ മനസ്സെന്നോടു പറഞ്ഞു കൊണ്ടേയിരുന്നു.. അതിനൊരു കാരണവും ഉണ്ടായിരുന്നു കുട്ടനാട്ടിലെ ഞങ്ങടെ കുടുംബമായ കോയിപ്പുറത്ത് കാവിലെ കന്യക്കോണില് നിന്നിരുന്ന ഏഴിലം പാലയിലെ പ്രണയാദ്രയും പ്രതികാര ദാഹിയുമായ യക്ഷിയുടെ കഥ അമ്മ പലപ്പോഴും പറയുമായിരുന്നു.. ആ കഥ തന്നെ ആയിരുന്നു ആകാശ ഗംഗയുടെ ത്രെഡ്.. ചില കാര്യങ്ങള് നടപ്പാക്കാന് പലപ്പോഴും വലിയ റിസ്ക് എടുക്കേണ്ടി വരും..ആകാശഗംഗയുടെ കാര്യത്തില് ഞാനതെടുത്തു..വീടു വയ്ക്കാനനുവദിച്ച ലോണ് പോലും എടുത്ത് ആ സിനിമയ്കു വേണ്ടി ഉപയോഗിച്ച കാര്യം ഞാന് പല ഇന്റര്വ്യുകളിലും മുന്പ് പറഞ്ഞിട്ടുണ്ട്..നായകനായി പുതുമുഖം റിയാസിനെ ആ യുവ നടനു പകരം കാസ്റ്റു ചെയ്തുകൊണ്ട് മുന്നോട്ടു പോയ എന്നെ അന്നു ഞാന് കണ്ടിരുന്ന സ്വപ്നം പോലെ തന്നെ യക്ഷി സഹായിച്ചു..

വീണ്ടും പ്രേമവുമായി നിവിന് പോളിയും കൂട്ടരും; തമിഴില് റീ റിലീസ്

ആകാശ ഗംഗ സൂപ്പര്ഹിറ്റായെന്നു മാത്രമല്ല സംവിധായകനപ്പുറം നിര്മ്മാതാവെന്ന നിലയില് എനിക്ക് വലിയ ലാഭവും നേടിത്തന്നു..ആകാശഗംഗ റിലീസായ 1999 ല് തന്നെ വാസന്തിയും ലഷ്മിയും ലഷ്മിയും പിന്നെ ഞാനും, പ്രണയ നിലാവും! ഇന്ഡിപ്പെന്ഡന്സും റിലീസു ചെയ്തിരുന്നു..എല്ലാം വിജയചിത്രങ്ങളായിരുന്നു..അതിനടുത്ത വര്ഷങ്ങളിലായിരുന്നു കരുമാടിക്കുട്ടനും ദാദാ സാഹിബും രാക്ഷസ രാജാവുമൊക്കെ.. പിന്നീടിങ്ങോട്ടു മലയാളത്തിലും തമിഴിലുമായി നാല്പ്പത്തി നാലു ചിത്രങ്ങള്.. ഒടുവില് റിലീസായ 'പത്തൊമ്പതാം നൂറ്റാണ്ടു' വരെയുള്ള എന്റെ സിനിമാ ജീവിതത്തിലേക്കു തിരിഞ്ഞു നോക്കുമ്പോള് ഞാന് സംതൃപ്തനാണ്..'

ബെന്നി പി. നായരമ്പലമാണ് ആകാശഗംഗയുടെ തിരക്കഥ രചിച്ചത്. ബേണി ഇഗ്നേഷ്യസ് ഈണം പകര്ന്ന മനോഹര ഗാനങ്ങള് ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. ഭീകര രംഗങ്ങളും ശുദ്ധഹാസ്യവും ഇടകലര്ത്തി അവതരിപ്പിച്ച ആകാശഗംഗ വിനയന്റെ ഏറ്റവും വിജയം വരിച്ച ചിത്രമാണ്. ഈ ചിത്രം അവളാ ആവിയാ എന്ന പേരില് തമിഴിലേക്ക് മൊഴിമാറ്റം നടത്തിയിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us