
കൊച്ചി: സിനിമയ്ക്കായുള്ള മമ്മൂട്ടിയുടെ അർപ്പണ മനോഭാവത്തെ പുകഴ്ത്തി സംവിധായകൻ കമൽ. റിപ്പോർട്ടർ ടിവി എഡിറ്റേഴ്സ് ബ്രേക്ക്ഫാസ്റ്റ് ഷോയിലാണ് കമൽ ഇതേക്കുറിച്ച് പറയുന്നത്. മമ്മൂട്ടിക്കാണ് ഏത് ഭാഷയും നന്നായി വഴങ്ങുന്നതെന്നും കമൽ വ്യക്തമാക്കുന്നു.
'സിനിമ സെറ്റിൽ വന്നാൽ മമ്മൂട്ടി കഥാപത്രത്തിന് വേണ്ടി തയാറെടുക്കുകയാണെന്ന് തോന്നുകയേ ഇല്ല, പക്ഷെ അദ്ദേഹത്തിന്റെ ഹോം വർക്ക് വളരെ വലുതാണ്. അതിപ്പോഴല്ല, ഞാൻ അസോസിയേറ്റ് ഡയറക്ടായിരുന്ന കാലത്ത് മുതൽ തുടങ്ങിയതാണ്. അന്ന് ഹോളിവുഡ് സിനിമകളുടെ കാസറ്റ് ഇട്ടിട്ട് മാർലിൻ ബ്രാൻഡോ അഭിനയിക്കുന്നത് പോലെ മമ്മൂക്ക ചെയ്യുമായിരുന്നു. അഭിനയത്തിന് വേണ്ടി നല്ലതുപൊലെ അദ്ദേഹം പ്രയത്നിച്ചിട്ടുണ്ട്. അതേസമയം മോഹൻലാലിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു ബോൺ ആക്ടറാണ്. അധികം ശ്രമങ്ങൾ നടത്താതെ തന്നെ മോഹൻലാലിന് ചെയ്യാൻ സാധിക്കും'. കമലിന്റെ വാക്കുകൾ ഇങ്ങനെ.
'ഭാഷ ഏറ്റവും കൂടുതൽ വഴങ്ങുന്നയാൾ മമ്മൂട്ടിയാണെന്ന് തോന്നിയിട്ടുണ്ട്. അദ്ദേഹം അതിന് വേണ്ടി പഠിക്കും. കറുത്തപക്ഷികൾ എന്ന സിനിമയിൽ തമിഴും മലയാളവും മിക്സ് ചെയ്ത് വേണം സംസാരിക്കാൻ. ഞാനായിരുന്നു ചിത്രത്തിന്റെ തിരക്കഥയെഴുതിയിരുന്നുത്. മമ്മൂക്കയോട് ഞാൻ അന്ന് പറഞ്ഞത് മലയാളത്തിലോ തമിഴിലോ എഴുതാം എന്ന്, അപ്പോൾ അദ്ദേഹം പറഞ്ഞത് തന്റെ ഇഷ്ടത്തിനെഴുതിക്കൊ, എന്റെ ഇഷ്ടത്തിന് ഞാൻ പറഞ്ഞോളാം എന്നാണ്. ഞാൻ രണ്ട് ഭാഷയും മിക്സ് ചെയ്താണ് എഴുതിയത്. എങ്ങനെ പറയണമെന്നൊന്നും ഞാൻ ഇടപെട്ടിട്ടേയില്ല, അദ്ദേഹം എന്നെ അത്ഭുതപ്പെടുത്തി. ഒരു തമിഴൻ മലയാളം സംസാരിക്കുന്ന രീതിയിൽ തന്നെ അത് പറഞ്ഞു'. കമൽ കൂട്ടിച്ചേർത്തു.
'സാഹിത്യവുമായി ബന്ധിപ്പിക്കുന്ന തിരക്കഥകളിന്ന് ആവശ്യമില്ല, ഹോളിവുഡിലെ പോലെ'; കമൽ