നിവിൻ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്ത 'ഏഴ് കടൽ ഏഴ് മലൈ' റോട്ടർഡാം ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ മാറ്റുരക്കുന്ന ഫിലിം ഫെസ്റ്റിവലിൽ നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ശതാബ്ദങ്ങളിലേയ്ക്ക് പടർന്നു കിടക്കുന്ന പ്രണയത്തിൻ്റെയും സഹാനുഭൂതിയുടെയും അതിജീവനത്തിൻ്റെയും കഥയാണ് ചിത്രം പറയുന്നത്.
മുഖ്യ അഭിനേതാക്കളായ നിവിൻ പോളി, അഞ്ജലി, സൂരി, നിർമ്മാതാവ് സുരേഷ് കാമാച്ചി, സംഗീത സംവിധായകൻ യുവൻ ശങ്കർ രാജ തുടങ്ങിയവർ ഫെസ്റ്റിവലിലിൽ എത്തിയിരുന്നു. റോട്ടർഡാമിലെ ചിത്രങ്ങൾ താരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
'പേരൻപ്', 'തങ്കമീൻകൾ', 'കട്രത് തമിഴ്', 'തരമണി' എന്നീ ചിത്രങ്ങൾക്ക് ശേഷം ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്. റോട്ടർഡാമിൽ ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ എന്ന മത്സരവിഭാഗത്തിലേക്കാണ് 'ഏഴ് കടൽ ഏഴ് മലൈ' മത്സരിച്ചത്.
വി ഹൗസ് പ്രൊഡക്ഷൻസിൻറെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിക്കുന്ന ചിത്രം ബിഗ് ബഡ്ജറ്റിലുള്ളതാണ്. ഛായാഗ്രഹണം എൻ കെ ഏകാംബരം, ചിത്രസംയോജനം: മതി വി എസ്, വസ്ത്രാലങ്കാരം: ചന്ദ്രക്കാന്ത് സോനവാനെ, മേക്കപ്പ്: പട്ടണം റഷീദ്, പ്രൊഡക്ഷൻ ഡിസൈനർ: ഉമേഷ് ജെ കുമാർ, ആക്ഷൻ: സ്റ്റണ്ട് സിൽവ, കൊറിയോഗ്രഫി: സാൻഡി തുടങ്ങിയവരാണ് മറ്റു അണിയറപ്രവർത്തകർ.