'മഞ്ഞുമ്മലിലെ ടീംസ്' പറയുന്ന ഗുണാ കേവ്സ് അഥവാ ഡെവിൾസ് കിച്ചൻ, പോയ പലരും തിരിച്ചുവരാത്ത ഭീതിയും ഭയവും നിറഞ്ഞുനിൽക്കുന്ന ഗുഹ. ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മഞ്ഞുമ്മൽ ബോയ്സിന്റെ ട്രെയ്ലർ പുറത്തിറങ്ങിയതോടെ ഗുണാ കേവ്സ് സോഷ്യൽ മീഡിയയിൽ വീണ്ടും സജീവ ചർച്ചയാവുകയാണ്. ഒരു യഥാർത്ഥ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ നിന്ന് പിറവിയെടുത്ത കഥയാണ് ചിത്രത്തിന്റേത് എന്ന് ട്രെയിലറിൽ വ്യക്തമാണ്. നിരവധി പേരാണ് ട്രെയ്ലർ കണ്ടതിന് ശേഷം മികച്ച അഭിപ്രായം രേഖപ്പെടുത്തുന്നത്.
1821ൽ ബ്രിട്ടീഷ് ഫോറസ്റ്റ് ഓഫീസർ ആയിരുന്ന ബി എസ് വാർഡ് ആണ് ഈ ഗുഹ കണ്ടെത്തിയത്. ഷോള മരങ്ങളും പുല്ലും നിറഞ്ഞ പ്രദേശത്താണ് ഗുഹകൾ സ്ഥിതിചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും 2230 മീറ്റർ ഉയരത്തിലായാണ് ഇതിന്റെ സ്ഥാനം. അതുകൊണ്ട് തണുപ്പും മഞ്ഞുമൊക്കെ നിറഞ്ഞ കാലാവസ്ഥയായിരിക്കും ഗുഹയ്ക്കുള്ളിലും പുറത്തും. വവ്വാലുകൾ സ്ഥിര താമസമാക്കിയ ഇവിടുത്തെ ഏറ്റവും അഗാധമായ ഭാഗത്തേക്ക് വീണ് പതിമൂന്നോളം പേര് മരണപ്പെട്ടിട്ടുണ്ട്. ആഴമേറിയ ഭാഗമാണ് ഡെവിൾസ് കിച്ചൻ അഥവാ പിശാചിന്റെ അടുക്കള എന്നറിയപ്പെടുന്നത്.
സർവൈവൽ ത്രില്ലർ, ക്വാളിറ്റി മേക്കിങ്; 'മഞ്ഞുമ്മൽ ബോയ്സ്' ട്രെയ്ലർ പുറത്ത്1992ൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രമായ ഗുണയും അതിലെ 'കണ്മണി അൻപോട് കാതലൻ' എന്ന ഗാനവും ആരും മറന്നു കാണില്ല. ഈ ചിത്രത്തിലെ പ്രണയഗാനം ചിത്രീകരിക്കാൻ അണിയറപ്രവർത്തകർ എത്തിയത് ഈ ഗുഹയിലായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ശേഷമാണു 'ഗുണാ കേവ്സ്' എന്ന പേര് ലഭിക്കുന്നത് തന്നെ. ഇതിന് പിന്നാലെ ഗുഹയിലേക്കുള്ള സഞ്ചാരികളുടെ എണ്ണം വർധിക്കുകയും കമിതാക്കൾ ഇവിടെയെത്തി ആത്മഹത്യ ചെയ്യുന്നത് പതിവാകാനും തുടങ്ങിയതോടെ ഗുഹയിലെ ഏറ്റവും ആഴമേറിയ ഭാഗം എന്നന്നേക്കുമായി അടച്ചു.
ഗുഹയ്ക്കു സമീപത്തായി ഇപ്പോൾ ഒരു വാച്ച് ടവർ നിർമിച്ചിട്ടുണ്ട്. കൊടൈക്കനാലിന്റെ മനോഹരമായ കാഴ്ചയും കാലാവസ്ഥയും ആസ്വദിക്കാൻ കഴിയുന്ന സ്ഥലമാണ് ഈ വാച്ച് ടവർ. ഈ മാസം റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന് വൻ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഗുണാ ഗുഹയിൽ അകപ്പെട്ട് പോകുന്ന ഒരു സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്ന ഒരു സർവൈവൽ ത്രില്ലറാണ് ചിത്രമെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി ഷൈജു ഖാലിദാണ്.