ഗിരീഷ് എ ഡിയുടെ സംവിധാനത്തിൽ ഇന്നലെ പുറത്തിറങ്ങിയ ചിത്രം 'പ്രേമലു'വിനെ പ്രശംസിച്ച് സംവിധായകൻ ജിസ് ജോയ്. കോമഡിയും ഇമോഷനും ഒരുപോലെ ഒത്തിണങ്ങിയ സിനിമയാണെന്നും ഏറെ നാളുകൾക്ക് ശേഷം തന്നെ തിയേറ്ററിൽ ചിരിപ്പിച്ചതിന് നന്ദിയെന്നും ജിസ് അഭിപ്രായപ്പെട്ടു. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ജിസ് ഇക്കാര്യം അറിയിച്ചത്.
'കോമഡിയും ഇമോഷനും ഒത്തിണങ്ങിയ ഒരു മനോഹര സിനിമ. ഭാവന സ്റ്റുഡിയോസിൽ അഭിമാനിക്കുന്നു, ഗിരീഷ് എ ഡി, കിരൺ ജോസി, ശ്യാം എന്നിവര്ക്ക് അഭിനന്ദനങ്ങൾ, ദിലീഷ്, ഫഹദ് ഈ വിജയം അർഹിക്കുന്നു. കോമഡിയും വികാരങ്ങളും എത്ര അനായാസമായാണ് നസ്ലെൻ കൈകാര്യം ചെയ്യുന്നത്. മമിതാ ബൈജു അത്ഭുതപ്പെടുത്തി. കുറച്ച് നാളുകൾക്ക് ശേഷം എന്നെ തിയേറ്ററിൽ പൊട്ടിചിരിപ്പിച്ചതിന് നന്ദി...', ജിസ് ജോയ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
മികച്ച പ്രതികരണമാണ് ചിത്രത്തിന് ലോകമെമ്പാടും ലഭിക്കുന്നത്. നിരവധി സംവിധായകരും നടന്മാരും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഒരുപാട് നാളുകൾക്കു ശേഷം ഒരു ചിരി വിരുന്ന് ലഭിച്ച സന്തോഷമാണ് മലയാളികൾക്ക് എന്നും നിരവധി പേർ അഭിപ്രായപ്പെടുന്നു. കൂടുതൽ സ്ക്രീനുകളിലേക്ക് ചിത്രം ഇന്ന് റിലീസ് ചെയ്തിരുന്നു. നസ്ലിന്, മമിത എന്നിവര് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒരു മുഴുനീള റൊമാന്റിക് കോമഡി എന്റര്ടൈനര് ആണ്.
ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില് ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്ന്നാണ് 'പ്രേമലു' നിര്മ്മിച്ചിരിക്കുന്നത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഗിരീഷ് എഡിയും കിരണ് ജോസിയും ചേര്ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.