
നിവിൻ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന 'ഏഴ് കടൽ ഏഴ് മലൈ'യിലെ ആദ്യഗാനം പുറത്തിറങ്ങി. 'മറുപടി നീ' എന്ന് തുടങ്ങുന്ന ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. മദൻ കർക്കിയുടെ വരികൾക്ക് യുവൻ ശങ്കർ രാജ ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് യുവൻ ശങ്കർ രാജയും സിദ്ധാർത്ഥും ചേർന്നാണ്.
റോട്ടർഡാം ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വെച്ച് നടന്ന പ്രീമിയർ ഷോയ്ക്ക് ചിത്രത്തിന് മികച്ച പ്രതികരണങ്ങൾ ലഭിച്ചിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ മാറ്റുരക്കുന്ന ഫിലിം ഫെസ്റ്റിവലിൽ നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. തമിഴ് നടൻ സൂരിയും ഒരു പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ അഞ്ജലിയാണ് നായിക.
വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എൻ കെ ഏകാംബരമാണ്. ചിത്രസംയോജനം: മതി വി എസ്, വസ്ത്രാലങ്കാരം: ചന്ദ്രക്കാന്ത് സോനവാനെ, മേക്കപ്പ്: പട്ടണം റഷീദ്, പ്രൊഡക്ഷൻ ഡിസൈനർ: ഉമേഷ് ജെ കുമാർ, ആക്ഷൻ: സ്റ്റണ്ട് സിൽവ, കൊറിയോഗ്രഫി: സാൻഡി, പിആർഒ: ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ.