പ്രജേഷ് സെന്നിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു 2018 ഫെബ്രുവരി 16-ന് പുറത്തിറങ്ങിയ ജയസൂര്യ നായകനായ 'ക്യാപ്റ്റൻ'. ഫുട്ബോൾ ഇതിഹാസം വി പി സത്യന്റെ സംഭവ ബഹുലമായ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രം നിരൂപക പ്രശംസ നേടി മലയാളി പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ക്യാപ്റ്റൻ ഇറങ്ങി ആറ് വർഷങ്ങൾ പിന്നിടുമ്പോൾ ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് സംവിധായകൻ.
ക്യാപ്റ്റന്റെ ആദ്യ ഷോയ്ക്ക് ശേഷം തനിക്ക് ലഭിച്ച അഭിനന്ദനങ്ങളെ കുറിച്ചും, വി പി സത്യന്റെ സുഹൃത്ത് സിനിമ കണ്ട് നിറകണ്ണകുളോടെ തന്നെ ആലംഗിനം ചെയ്തതിനെ കുറിച്ചും പ്രജേഷ് കുറിപ്പിലൂടെ ഓർത്തെടുക്കുന്നു. കൂടാതെ 'റോക്കട്രി ദ നമ്പി ഇഫക്ടി'ലെ സഹ സംവിധാനത്തിന് ശേഷം വരാനിരിക്കുന്ന 'ക്രട്ട് ഓഫ് വുമൺ', 'ഹൗഡിനി' എന്നീ സിനിമകളെ കുറിച്ചും സംവിധായകൻ കുറിച്ചിട്ടുണ്ട്.
2018 ഫെബ്രുവരി 16. കവിത തീയറ്ററിൽ നിന്ന് “ക്യാപ്റ്റൻ “ ആദ്യ ഷോ കണ്ടിറങ്ങിയ നിമിഷം മറക്കാനാവില്ല. ഒരു പാട് കടമ്പകൾ കടന്ന്, അംഗീകരിക്കപ്പെട്ട ദിവസം. സിനിമ കണ്ടിറങ്ങിയവരെല്ലാം നല്ല അഭിപ്രായം പറഞ്ഞു. പലരും വന്ന് ഷേക്ക് ഹാൻ്റ് തന്നു. അപ്പോഴാണ് എൻ്റെ ശ്വാസം നേരെ വീണതെന്നതാണ് സത്യം. ആളുകൾക്കിടയിൽ നിന്ന് മാറി, കോണിപ്പടിക്കരികിൽ ഒരു പ്രായമായ മനുഷ്യനും ചെറിയ മോനും നിൽപ്പുണ്ടായിരുന്നു. 'നിങ്ങളാണോ ഈ സിനിമയുടെ സംവിധായകൻ', ഉറക്കെയുള്ള ചോദ്യം കേട്ടപ്പോഴാണ് അവരെ ശ്രദ്ധിച്ചത്. അതെ എന്ന് പറഞ്ഞതും അവർ അടുത്തേക്ക് വന്നു.
'സത്യൻ്റെ കളിയും ജീവിതവും അടുത്തു കണ്ട ഒരാളാണ് ഞാൻ. അത് സിനിമയാക്കുമ്പോ ആദ്യം കാണണമെന്ന വാശിയിൽ തൊടുപുഴയിൽ നിന്ന് കൊച്ചിയിൽ വന്നതാണ്', നിറഞ്ഞ കണ്ണുകളോടെ അദ്ദേഹം എന്നോട് ചോദിച്ചു. 'ഞാൻ നിങ്ങളെ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ', ഇറുക്കെ കെട്ടിപ്പിടിച്ച ശേഷം ആ കുട്ടിയുടെ കൈ പിടിച്ച് അദ്ദേഹം നടന്നു പോയി. അദ്ദേഹത്തിൻ്റെ പേരെന്താണ്? സത്യേട്ടനുമായി എന്താണ് ബന്ധം ? ഒന്നും ഇന്നുമറിയില്ല. പക്ഷേ ക്യാപ്റ്റനും എനിക്കും കിട്ടിയ ആദ്യത്തെ അംഗീകാരം അതായിരുന്നു.
ഇന്ന് ക്യാപ്റ്റൻ ഇറങ്ങി ആറ് വർഷം തികയുകയാണ്. സിനിമാ ലോകത്ത് ഒരു ഇരിപ്പിടം എനിക്കുമുണ്ടെന്ന ആത്മവിശ്വാസം തന്നത് ക്യാപ്റ്റനാണ്. അനിതേച്ചി, എന്നും പ്രിയപ്പെട്ട ഗുരുനാഥൻ സിദ്ധിഖ് സർ, എല്ലാ കാലത്തും സ്നേഹത്തോടെ സപ്പോർട്ട് ചെയ്തിട്ടുള്ള മമ്മൂക്ക, ജയേട്ടൻ, പ്രൊഡ്യൂസർ ജോബി ജോർജ് ചേട്ടൻ, ആന്റോ ചേട്ടൻ അനു സിത്താര, സിദ്ധിക്ക, റോബി രാജ്, നൗഷാദ്, ബിജിത്ത് ബാല, ഗോപി സുന്ദർ, തമീർ, ലിബിൻ, ശ്രീകുമാറേട്ടൻ, ലെബിസൺ ചേട്ടൻ അങ്ങനെ ക്യാപ്റ്റൻ ടീമിലെ ഓരോരുത്തരോടും വീണ്ടും വീണ്ടും നന്ദി. കൂടെ നിന്നവരോട്, പിന്തുണച്ചവരോട് ക്യാപ്റ്റനെ നെഞ്ചോട് ചേർത്ത പ്രിയ പ്രേക്ഷകരോട് ഒരുപാട് സ്നേഹം.
ക്യാപ്റ്റൻ്റെ ഓരോ വരിയിലും ഓരോ ഷോട്ടിലും സത്യേട്ടൻ കൂടെ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാനാണ് ഇഷ്ടം. ആ വേദനകൾ എൻ്റേതു കൂടിയായിരുന്നു. തിരിഞ്ഞുനോക്കുമ്പോൾ രണ്ടാമത്തെ സിനിമ 'വെള്ളം' രണ്ട് സംസ്ഥാന പുരസ്കാരങ്ങൾ നേടി ജനങ്ങൾ ഏറ്റെടുത്തു. മൂന്നാം ചിത്രം മേരി ആവാസ് സുനോ, കോ ഡയറക്ടറായ റോക്കട്രി ദ നമ്പി ഇഫക്ട് എന്നിവ പിന്നീട് വന്ന സന്തോഷങ്ങൾ. നാലാം ചിത്രം സീക്രട്ട് ഓഫ് വുമൺ അടുത്ത മാസം ഒടി.ടിയിലൂടെ നിങ്ങൾക്ക് മുന്നിലെത്തും. അഞ്ചാം ചിത്രം ആസിഫ് അലിയുമൊത്തുള്ള ‘ഹൗഡിനി’ ആദ്യ ഷെഡ്യൂൾ ചിത്രീകരണം പൂർത്തിയായി. എല്ലാ സ്വപ്നങ്ങൾക്കും ഒപ്പം നിന്ന നിങ്ങളാണ് എന്റെ കരുത്ത്. കൂടെയുണ്ടാവണം.