'അയാം ടോണി കുരിശിങ്കൽ!!!ഡിസ്റ്റർബൻസ് ആയാ??ഡിസ്റ്റർബൻസ് ആവണം'; നാടാരുടെ ടോണിക്കുട്ടന് 34 വയസ്സ്

മികച്ച നടനത്തിൻ്റെ അളവ് കോലുകളിലൊന്നും കമേഴ്സ്യൽ സിനിമകളിലെ ഗംഭീര പ്രകടനങ്ങളൊന്നും പലപ്പോഴും പരിഗണിക്കപ്പെടാറില്ല എന്നത് ഖേദകരമാണ്

സഫീർ അഹമദ്
3 min read|16 Feb 2024, 11:59 am
dot image

'അയാം ടോണി കുരിശിങ്കൽ!!!ഡിസ്റ്റർബൻസ് ആയാ??ഡിസ്റ്റർബൻസ് ആവണം' എന്നും പറഞ്ഞ് ജോഷി-മോഹൻലാൽ കൂട്ടുക്കെട്ടിൻ്റെ No.20 മദ്രാസ് മെയിലും ടോണി കുരിശിങ്കലും വന്നിട്ട് ഇന്നേയ്ക്ക്,ഫെബ്രുവരി 16ന് മുപ്പത്തിനാല് വർഷങ്ങളായി..

കുടിച്ച് പൂസായ മൂന്ന് ചെറുപ്പക്കാരുടെ മദ്രാസിലേക്കുള്ള ട്രെയിൻ യാത്രയിലെ തമാശകളും കുസൃതികളും അതേ തുടർന്ന് ഉണ്ടാകുന്ന ക്രൈമും ഇൻവസ്റ്റിഗേഷനും ഒക്കെ രസകരമായിട്ടാണ് ജോഷി അവതരിപ്പിച്ചിരിക്കുന്നത്. ജോഷി സിനിമകളിൽ No.20 മദ്രാസ് മെയിലിനോളം ഹ്യൂമറസ് ആയ സിനിമ വേറെ ഇല്ല എന്ന് പറയാം. മോഹൻലാലിൻ്റെ തകർപ്പൻ പ്രകടനത്തിലൂടെ ഒരു പ്രിയദർശൻ സിനിമ പോലെ തിയേറ്ററുകളിൽ പൊട്ടിച്ചിരിയുടെ അലയൊളികൾ സൃഷ്ടിച്ച ഫസ്റ്റ് ഹാഫ്, അത് തന്നെയാണ് പുതുതലമുറ പോലും ഇഷ്ടപ്പെടുന്ന ഈ ജോഷി സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയും ആകർഷണവും..

ടോണി കുരിശിങ്കൽ എന്ന കഥാപാത്രത്തിന് മോഹൻലാൽ നല്കിയ ഭാവപ്പകർച്ചയാണ് No.20 മദ്രാസ് മെയിൽ എന്ന സിനിമയെ ഇത്രമാത്രം ഹൃദ്യമാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച ഘടകം. ട്രെയിൻ യാത്രയ്ക്കിടയിൽ ടോണി കുരിശിങ്കലിനെയും 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' എന്ന പാട്ടും ഓർക്കാത്ത മലയാളികൾ ഉണ്ടാകുമോ,സംശയമാണ്..

വന്ദനത്തിലെ ഉണ്ണിയെ പോലെ, മായാമയൂരത്തിലെ നരേനെ പോലെ മോഹൻലാലിൻ്റെ ഏറ്റവും സ്മാർട്ട് & എനർജറ്റിക് കഥാപാത്രങ്ങളിലൊന്നാണ് ടോണി കുരിശിങ്കൽ..തികച്ചും ഒരു വൺ മാൻ ഷോ പെർഫോമൻസ്..സിനിമ തുടങ്ങി ഇൻ്റർവെൽ ആകുന്നത് വരെ ടോണി എന്ന കഥാപാത്രം മദ്യ ലഹരിയിൽ അല്ലാത്ത ഒരു രംഗം പോലും ഇല്ല..മദ്യപിച്ച് ലക്ക് കെട്ടുള്ള ടോണിയുടെ നടത്തവും സംസാരവും കലിപ്പും ചേഷ്ടകളും കുസൃതികളും ഒക്കെ സമാനതകളില്ലാത്ത മികവോടെയാണ് മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്..

ശരിക്കും മദ്യപിച്ച് കൊണ്ടാണൊ മോഹൻലാൽ അഭിനയിച്ചിരിക്കുന്നത് എന്ന് തോന്നുന്ന രീതിയിൽ ഉള്ള, എന്നാൽ കൃത്രിമത്വം ലവലേശം കലരാതെയുള്ള അതിഗംഭീര പ്രകടനം..എങ്ങനെയാണ് മോഹൻലാൽ ഇത്തരത്തിൽ വളരെ ലളിതമായി അഭിനയിക്കുന്നതെന്ന് അറിയാൻ അതിയായ ആഗ്രഹമുണ്ട്, ഏറ്റവും ചുരുങ്ങിയത് അദ്ദേഹത്തിന് നിർദ്ദേശങ്ങൾ കൊടുത്ത സംവിധായകരിൽ നിന്നെങ്കിലും..മോഹൻലാലിൽ നിന്നും ഇതിനൊരു വ്യക്തമായ മറുപടി പ്രതീക്ഷിച്ചിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല..മോഹൻലാലിൻ്റെ ഈ പ്രകടനം മമ്മൂട്ടി പോലും വളരെ ആസ്വദിച്ചാണ് No.20 ൽ ഒപ്പം അഭിനയിച്ചതെന്ന് അദ്ദേഹത്തിൻ്റെ ശരീരഭാഷയിൽ നിന്നും വ്യക്തമാണ്..

സിനിമയിൽ നടീനടന്മാരുടെ അഭിനയത്തിലെ ഒരു പ്രധാന പോരായ്മ ശ്രദ്ധിച്ചിട്ടുണ്ടോ??പേര് കേട്ട പല നടന്മാരുടെയും അഭിനയത്തിലെ പോരായ്മ വെളിവാകുന്നത് അവർ മദ്യപാന രംഗങ്ങളിൽ അല്ലെങ്കിൽ മദ്യപാനിയുടെ വേഷം കെട്ടിയാടുമ്പോഴാണ്..കണ്ണുകൾ പാതിയടഞ്ഞ്,ആടിയാടി നില്ക്കുന്ന,നടക്കുന്ന,കൈകൾ കൊണ്ട് പ്രത്യേക ചേഷ്ടകൾ കാണിച്ച് കുഴഞ്ഞ് കുഴഞ്ഞ് സംസാരിക്കുന്ന മദ്യപാനിയാണ് കാലാകാലങ്ങളായിട്ടുള്ള സിനിമയിലെ ടിപ്പിക്കൽ മദ്യപാനി,സിനിമയിലെ ക്ലീഷേകളിൽ ഒന്ന്..മഹാനടന്മാരെന്ന് പേര് കേട്ട പലരും പിൻതുടരുന്നതും മേല്പ്പറഞ്ഞ അസ്വാഭാവികത നിറഞ്ഞ് നിൽക്കുന്ന ഈ രീതി തന്നെയാണ്, പരാജയപ്പെടുന്നതും ഇത്തരം മദ്യപാന രംഗങ്ങളിലാണ്..അവിടെയാണ് മോഹൻലാൽ എന്ന നടന്റെ ആക്റ്റിങ്ങ് ബ്രില്യൻസ് നമുക്ക് ബോധ്യമാകുന്നത്..

പരമ്പരാഗത രീതികളെ, ക്ലീഷേകളെ ഒക്കെ ഒഴിവാക്കി വശ്യമായിട്ടാണ്,അതിലേറെ വളരെ സ്വഭാവികമായിട്ടാണ് മോഹൻലാൽ കുടിയൻ കഥാപാത്രങ്ങളെ അവതരിപ്പിക്കാറുള്ളത്.. അത്തരം കഥാപാത്രങ്ങൾക്ക് മോഹൻലാൽ കൊടുക്കുന്ന ഗംഭീര വോയ്സ് മോഡുലേഷൻ എടുത്ത് പറയേണ്ടതാണ്..ദശരഥത്തിലും No.20 മദ്രാസ് മെയിലിലും അയാൾ കഥയെഴുതുകയാണിലും നരനിലും ഹലോയിലും സ്പിരിറ്റിലും ഒക്കെ മോഹൻലാലിൻ്റെ ഈ അനുപമായ ശൈലി പ്രേക്ഷകർക്ക് നവീനമായ കാഴ്ചാനുഭവം സമ്മാനിച്ചവയാണ്...ഇന്ത്യൻ സിനിമയിൽ തന്നെ മോഹൻലാലിനോളം മനോഹരമായി,സ്വഭാവികമായി ഇത്തരം റോളുകൾ ചെയ്ത് വിജയിപ്പിക്കുന്ന നടന്മാർ ഇല്ല എന്ന് തന്നെ പറയാം..

മികച്ച നടനത്തിൻ്റെ അളവ് കോലുകളിലൊന്നും കമേഴ്സ്യൽ സിനിമകളിലെ ഗംഭീര പ്രകടനങ്ങളൊന്നും പലപ്പോഴും പരിഗണിക്കപ്പെടാറില്ല എന്നത് ഖേദകരമാണ്..നമ്മുടെ പല അവാർഡ് ജൂറിക്കും പ്രേക്ഷകർക്കും ഒരു മുൻവിധി ഉണ്ട്,ആർട്ട് സിനിമകളിലെ പ്രകടനം അല്ലെങ്കിൽ സീരിയസ് സിനിമകളിലെ സെന്റിമെന്റൽ രംഗങ്ങളിൽ നാടകീയത കുത്തിനിറച്ച് അഭിനയിക്കുന്നതുമാണ് മികച്ച അഭിനയമെന്നും ആ അഭിനേതാക്കളാണ് മികച്ചവർ എന്നും..സത്യത്തിൽ അങ്ങേയറ്റം തെറ്റായ ഒരു ധാരണയാണത്..No.20 മദ്രാസ് മെയിലിലെ ടോണിയെ പോലെയുള്ള ഹ്യൂമറസായ ഒരു മദ്യപാനി കഥാപാത്രത്തെ വളരെ സ്വഭാവികമായി അവതരിപ്പിക്കുക അഥവാ അഭിനയിക്കുകയല്ല എന്ന് പ്രേക്ഷകർകക്ക് തോന്നിപ്പിക്കുക എന്നത് ഏതൊരു നടനെയും സംബന്ധിച്ച് ഒരു വെല്ലുവിളിയാണ്..അത്തരം വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങൾ ഒരു പൂ പറിക്കുന്ന ലാഘവത്തോടെ മോഹൻലാൽ കെട്ടിയാടാറുമുണ്ട്,അതിലൊന്നാണ് ടോണി കുരിശിങ്കൽ..എൻ്റെ അഭിപ്രായത്തിൽ No.20 മദ്രാസ് മെയിലിലെയും വരവേൽപ്പിലെയും ഒക്കെ പെർഫോമൻസുകളാണ് ശരിക്കും പറഞ്ഞാൽ അവാർഡ് സ്റ്റഫ്..പക്ഷെ മോഹൻലാലിൻ്റെ മികച്ച പ്രകടനങ്ങളുടെ കൂട്ടത്തിൽ ടോണി കുരിശിങ്കലിനെ ഒന്നും പരാമർശിച്ച് കാണാറില്ല,കാരണം നേരത്തെ സൂചിപ്പിച്ച അഭിനയത്തെ കുറിച്ചുള്ള മുൻവിധി തന്നെ..കിലുക്കം,അഭിമന്യു, സ്ഫടികം തുടങ്ങിയ കമേഴ്സ്യൽ സിനിമകളിലെ മനോഹര പെർഫോമൻസുകൾ അതർഹിക്കുന്ന പ്രാധാന്യത്തോടെ പരിഗണിച്ച് മികച്ച നടനുള്ള സംസ്ഥാന അവാർഡുകൾ കൊടുത്ത 1991ലെയും 1995ലെയും ജൂറി പാനലുകൾ മറ്റുള്ളവയിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്,ഒപ്പം പ്രശംസനീയമാണ്..ഈ അടുത്ത കാലത്തെ അവാർഡ് ജൂറികളിൽ ഇത്തരത്തിലുള്ള മാറ്റങ്ങൾ കണ്ട് തുടങ്ങിത് സന്തോഷകരമായ കാര്യമാണ്..

മമ്മൂട്ടിയുടെ ഗസ്റ്റ് റോൾ No.20 മദ്രാസ് മെയിലിൻ്റെ മുഖ്യ ആകർഷണമായിരുന്നു.. അടിമകൾ ഉടമകൾ എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിക്കുന്നു എന്നത് No.20ക്ക് റിലീസ് മുമ്പേ വാർത്ത പ്രാധാന്യം നേടി കൊടുത്തിരുന്നു..No.20 യിലെ ഏറ്റവും രസകരമായ രംഗങ്ങൾ ഇരുവരും ഒരുമിച്ചുള്ളവ തന്നെയായിരുന്നു..മമ്മൂട്ടിയെ ടോണി പരിചയപ്പെടാൻ പോകുന്നതും,മമ്മൂട്ടിയെ ക്യാമറയിലൂടെ നോക്കി സിനിമയിൽ കാണുന്നത് പോലെ തന്നെയെന്ന് ടോണി പറയുന്നതും,ഫോട്ടൊ എടുക്കുന്നതും,മമ്മൂട്ടിയുടെ കവിളിൽ ടോണി മുത്തം കൊടുക്കുന്നതും ഒക്കെ തിയേറ്ററിൽ വൻ ഓളം ഉണ്ടാക്കിയ രംഗങ്ങളാണ്.. 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' എന്ന പാട്ടും രംഗങ്ങളും, ഇന്നസെൻ്റ് അവതരിപ്പിച്ച നാടാർ എന്ന കഥാപാത്രത്തിൻ്റെ പാട്ട്,,സുചിത്രയെ വായ് നോക്കാൻ പോകുന്ന രംഗങ്ങൾ,സോമനുമായി ടോണി കലിപ്പ് ആകുന്ന രംഗങ്ങൾ ഒക്കെ ഈ സിനിമയുടെ മാറ്റ് കൂട്ടുന്ന മറ്റു ഘടകങ്ങളായി..ഒപ്പം മണിയൻപിള്ള രാജുവും ജഗദീഷും നല്ല പ്രകടനം കാഴ്ച്ച വെച്ചു..

കൊടുങ്ങല്ലൂർ മുഗൾ തിയേറ്ററിൽ നിന്നും കണ്ടതാണ് ഞാൻ No.20 മദ്രാസ് മെയിൽ,ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ.. ഒരുപാട് ചിരിച്ച് ആസ്വദിച്ച് കണ്ട സിനിമ..1986ന് ശേഷമുള്ള ലാൽ സിനിമകളിൽ ഞാൻ ഏറ്റവും വൈകി തിയേറ്ററിൽ നിന്നും കണ്ട സിനിമയാണ് മദ്രാസ് മെയിൽ..എൻ്റെ നാടായ കൊടുങ്ങല്ലൂരിൽ ഈ സിനിമ റിലീസായത് അമ്പതാം ദിവസത്തിലാണ്..അത്യാവശ്യം നല്ല അഭിപ്രായം പ്രേക്ഷകരിൽ നിന്നും നേടിയെങ്കിലും ഒരു ബ്ലോക്ബസ്റ്റർ വിജയം ഈ സിനിമയ്ക്ക് നേടാനായില്ല..തൊട്ട് മുമ്പത്തെ ആഴ്ചകളിൽ ഇറങ്ങിയ മോഹൻലാലിൻ്റെ തന്നെ അക്കരെയക്കരെയും ഏയ് ഓട്ടൊയും കാരണമാണ് No.20 ക്ക് ഹിറ്റ് സ്റ്റാറ്റസിൽ ഒതുങ്ങേണ്ടി വന്നത്..

സിനിമയുടെ മുക്കാൽ ഭാഗത്തോളം ട്രെയിനിലെ ഇൻഡോർ രംഗങ്ങളാണെങ്കിലും ഹ്യൂമറും ത്രില്ലറും ചേർന്ന തിരക്കഥ ഒട്ടും മുഷിയാതെ ഭംഗിയോടെ അവതരിപ്പിക്കാൻ ഛായാഗ്രാഹകരായ ജയനൻ വിൻസെൻ്റിനും സന്തോഷ് ശിവനും ആനന്ദകുട്ടനും സാധിച്ചു..തിരക്ക് വളരെ കുറഞ്ഞ ഷൊർണൂർ-നിലമ്പൂർ റെയിൽവേ റൂട്ടിലാണ് സിനിമയിലെ ഭൂരിഭാഗം ട്രെയിൻ രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്..അത് പോലെ തന്നെ ഔസേപ്പച്ചൻ്റെ സംഗീതവും SP വെങ്കിടേഷിൻ്റെ പശ്ചാത്തല സംഗീതവും സിനിമയോട് ചേർന്ന് നിന്നു..സിനിമയുടെ ആദ്യ പകുതി എഴുതിയത് ഡെന്നീസ് ജോസഫും രണ്ടാം പകുതി എഴുതിയത് ഷിബു ചക്രവർത്തിയും ആണെന്ന് കേട്ടീട്ടുണ്ട്..ഫസ്റ്റ് ഹാഫിലെ ചടുലത സെക്കൻ്റ് ഹാഫിൽ നിലനിർത്താൻ കഴിയാതിരുന്നതും സസ്പൻസ് അത്ര ശക്തമല്ലാത്തതും ആണ് ഈ സിനിമയെ കുറിച്ച് പറയാവുന്ന ചെറിയൊരു ന്യൂനത..എങ്കിലും No.20 മദ്രാസ് മെയിൽ ഇപ്പോൾ കാണുമ്പോഴും ആസ്വാദകരമാണ്..

മോഹൻലാലിൻ്റെ കുടിയൻ കഥാപാത്രങ്ങളെ കാണാൻ നല്ല ചേലാണ്,പ്രേക്ഷകർക്ക് അത് വളരെ ഇഷ്ടവുമാണ്,ഒട്ടനവധി തവണ അവരത് നെഞ്ചിലേറ്റിയതുമാണ്..ഇനിയും ഇത്തരം രസകരമായ സിനിമകളിലൂടെ, കഥാപാത്രങ്ങളിലൂടെ ജോഷിക്കും മോഹൻലാലിനും പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയുമെന്ന് പ്രത്യാശിക്കാം..

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us