ബോളിവുഡ് താരലോകം ഇപ്പോൾ ഒത്തുകൂടിയിരിക്കുന്നത് റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനി- നിത അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ വിവാഹത്തിനാണ്. ജൂലൈ 10, 11, 12 തിയ്യതികളിലായി നടക്കാനിരിക്കുന്ന വിവാഹത്തിന്റെ പ്രീ-വെഡ്ഡിങ് ആഘോഷങ്ങളൊക്കെ തുടങ്ങി കഴിഞ്ഞു. കഴിഞ്ഞ വർഷം ജനുവരിയിലാണ് ആനന്ദും നവവധു രാധിക മെർച്ചന്റിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്. പിന്നാലെ ആരാണ് രാധിക മെർച്ചെന്റ് എന്നും ആനന്ദുമായി രാധിക എങ്ങനെ അടുപ്പത്തിലായി എന്നുമുള്ള ചോദ്യങ്ങളായിരുന്നു സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. ആനന്ദ് അംബാനിയെ പോലെ പ്രമുഖയല്ല എങ്കിലും നിരവധി ബിസിനസ് ശൃഖലകളുള്ളയാളാണ് രാധിക മെർച്ചന്റ്.
എൻകോർ ഹെൽത്ത്കെയർ പ്രമുഖ കമ്പനിയുടെ സിഇഒ ആണ് രാധികയുടെ അച്ഛൻ വീരേൻ മെർച്ചൻന്റ്. കമ്പനിയുടെ ഡയറക്ടറാണ് രാധികയുടെ അമ്മ ഷൈല മെർച്ചന്റ്. രാധിക ജനിച്ചതും വളർന്നതുമെല്ലാം ഗുജറാത്തിലാണ്. 2017 ൽ ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസ് ആൻഡ് എക്കൊണോമിക്സിൽ രാധിക ബിരുദം നേടിയിട്ടുണ്ട്. ഉപരിപഠനത്തിന് ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ രാധിക ആഡംബര റിയൽ എസ്റ്റേറ്റ് കമ്പനിയായ ഇസ്പ്രാവയിൽ ചേർന്നു. ഒരു വർഷം അവിടെ പ്രവർത്തിച്ചതിന് ശേഷമാണ് സ്വന്തം കമ്പനിയായ എൻകോർ ഹെൽത്ത് കെയറിലേക്ക് മാറിയത്.
ബിസിനസിൽ മാത്രമല്ല ശാസ്ത്രീയ കലയിലും പ്രാവീണ്യം നേടിയിട്ടുണ്ട്. ഭരതനാട്യ നർത്തകിയാണ് രാധിക. മുംബൈയിലെ ശ്രീ നിബ ആർട്സ് അക്കാദമിയിലെ ഗുരു ഭാവന തക്കറിൽ നിന്നാണ് രാധിക പരിശീലനം നേടിയത്. 2022 ജൂണിൽ മുംബൈയിലെ ജിയോ വേൾഡ് സെൻ്ററിൽ രാധിക മർച്ചൻ്റ് തൻ്റെ അരങ്ങേറ്റം നടത്തിയിരുന്നു. ഇത് കൂടാതെ അനിമൽ വെൽഫെയർ, വിദ്യാഭ്യാസം, മനുഷ്യാവകാശം തുടങ്ങിയ മേഖലകളിലെല്ലാം രാധിക പ്രവർത്തിക്കുന്നുണ്ട്.
രാധികയും ആനന്ദും ബാല്യകാല സുഹൃത്തുക്കളാണ്. അംബാനിയുടെ വസതിയിൽ രാധിക പതിവായി അതിഥിയായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2018-ൽ ആനന്ദ് പിരാമലിന്റെയും ഇഷ അംബാനിയുടെ വിവാഹത്തിലും 2019-ൽ ആകാശ് അംബാനി-ശ്ലോക വിവാഹത്തിലും രാധിക തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. ആനന്ദിന്റെയും രാധികയുടെയും സൗഹൃദം ലൈെംലൈറ്റിലെത്തുന്നത് 2018ലാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രം ആദ്യമായി പുറത്തുവന്നതു മുതൽ ഇരുവരെയും കുറിച്ചുള്ള ആഭ്യഹങ്ങളും മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. അംബാനി കുടുംബത്തോടൊപ്പം പല അവസരങ്ങളിലും രാധികയെ പാപ്പരാസികൾ പകർത്തിയതോടെ ഇരുവരുടെയും പ്രണയം ചൂടുപിടിച്ച ചർച്ചകൾക്ക് വഴിവെച്ചു.
ഒടുവിൽ രാധിക ആനന്ദ് അംബാനിയുടെ പ്രതിശ്രുത വധുവാണെന്ന് അംബാനി കുടുംബവും ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2022 ൽ മുംബൈയിലെ ജിയോ വേൾഡ് സെൻററിൽ നടന്ന രാധികയുടെ ഭരതനാട്യം അരങ്ങേറ്റം പരിപാടിക്ക് നേതൃത്വം വഹിച്ചത് അംബാനി കുടുംബമായിരുന്നു. ബോളിവുഡ് താര പ്രൗഢിയോടെയായിരുന്നു പരിപാടി. 2022 ഡിസംബറിലാണ് ഇരുവരുടെയും റോക്ക ചടങ്ങുകൾ (വധുവിന്റെ വീട്ടിൽ നിന്ന് വരന്റെ വീട്ടിലേക്ക് കല്യാണം നിശ്ചയിക്കാനെത്തുന്ന ചടങ്ങ്) രാജസ്ഥാനിലെ നഥ്വാര ശ്രീനാത്ജി ക്ഷേത്രത്തിൽ വെച്ച് നടന്നത്. അതിന് ശേഷം 2023 ജനുവരിയിൽ ആന്റീലിയയിൽ വെച്ച് ആനന്ദ്-രാധിക ജോഡികളുടെ വിവാഹ നിശ്ചയം ഔദ്യോഗികമായി നടത്തി.