അടുത്ത കാലത്തൊന്നും ഒരു മലയാള സിനിമയ്ക്കും തമിഴ് നാട്ടിൽ ഇത്രയധികം സ്വീകാര്യത ലഭിച്ചിട്ടില്ല. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സിനെ തമിഴകം ഇരും കൈയ്യും നീട്ടിയാണ് ഏറ്റെടുത്തിരിക്കുന്നത്. ഐശ്വര്യ രജനികാന്തിന്റെ സംവിധാനത്തിൽ എത്തിയ ലാൽ സലാം എന്ന ചിത്രത്തിന്റെ തമിഴ്നാട് കളക്ഷന് മഞ്ഞുമ്മൽ ബോയ്സ് മറി കടന്നു.
തമിഴ്നാട്ടില് മഞ്ഞുമ്മല് ബോയ്സ് 21 കോടിയിലേറെയാണ് സ്വന്തമാക്കിയെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആദ്യമായാണ് ഒരു മലയാള ചിത്രം രജനികാന്ത് ചിത്രത്തിന്റെ കളക്ഷൻ മറികടക്കുന്നത്. ലാല് സലാം 90 കോടി മുടക്കിയാണ് ഐശ്വര്യ രജനികാന്ത് ഒരുക്കിയത്. രജനികാന്തിന്റെ ക്യാമിയോ റോള് വച്ചായിരുന്നു ചിത്രത്തിന്റെ മാര്ക്കറ്റിംഗ് നടത്തിയിരുന്നത്. ചിത്രം ആകെ ഇന്ത്യന് ബോക്സോഫീസില് നേടിയത് 18 കോടി രൂപയായിരുന്നു അതില് 16 കോടിക്ക് അടുത്ത് തമിഴ് നാട്ടില് നിന്നായിരുന്നു. റിലീസായി മൂന്ന് ദിവസം കൊണ്ട് ലാല്സലാമിന്റെ കളക്ഷന് മഞ്ഞുമ്മല് ബോയ്സ് മറികടന്നു.
തമിഴിലെ ഈ വർഷത്തെ മൂന്നാമത്തെ ഏറ്റവും കൂടുതല് കളക്ഷന് നേടുന്ന ചിത്രമായും മഞ്ഞുമ്മല് മാറിക്കഴിഞ്ഞു. പൊങ്കലിന് റിലീസായ അയലനാണ് ഒന്നാമത്. രണ്ടാം സ്ഥാനത്ത് ക്യാപ്റ്റന് മില്ലറാണ്. വീക്ക് ഡേയ്സില് പോലും നാലു കോടിക്ക് മുകളില് കളക്ഷനുമായി മഞ്ഞുമ്മല് പ്രദര്ശനം തുടരുകയാണ്.
ചാത്തന് സോണി ലിവിലേക്ക് സ്വാഗതം; ഭ്രമയുഗം ഉടൻ ഒടിടി റിലീസ് ചെയ്യുംകമല്ഹാസനുമായി മഞ്ഞുമ്മല് ബോയ്സ് ടീം നടത്തിയ കൂടിക്കാഴ്ചയും തമിഴ് യൂട്യൂബ് ചാനലുകള് ചിത്രത്തിന് നല്കുന്ന പ്രമോഷനും ചിത്രത്തെ മികച്ച രീതിയില് തമിഴിൽ തുണയ്ക്കുന്നുണ്ട്. അന്താരാഷ്ട്ര മേന്മയുള്ള ഒരു സർവൈവൽ ത്രില്ലറാണ് ചിദംബരത്തിന്റെ മഞ്ഞുമ്മൽ ബോയ്സ്. ഒപ്പം സൗഹൃദത്തിന്റെ ആഴവും സിനിമ സംസാരിക്കുന്നു. 'ഗുണ' ചിത്രീകരിക്കുമ്പോള് ആ ഗുഹ ഇത്ര അപകടം പിടിച്ച സ്ഥലമാണെന്ന് തങ്ങള്ക്ക് അറിയുമായിരുന്നില്ലെന്നാണ് സിനിമ കണ്ട ശേഷം സംവിധായകൻ സന്താനഭാരതി പറഞ്ഞത്. ചിത്രത്തിൽ കമൽഹാസനും ഗുണ സിനിമയിലെ ഗാനം 'കണ്മണി അൻപോടി'നും നൽകിയിരിക്കുന്ന ട്രിബ്യുട്ട് തമിഴ് സിനിമ പ്രേമികളെ സ്വാധീനിച്ചിട്ടുണ്ട്.