മലയാള സിനിമാപ്രേമികള് 2024ൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ബ്ലെസ്സിയുടെ ആടുജീവിതം. സിനിമയുടെ ട്രെയ്ലർ അടുത്തിടെ റിലീസ് ചെയ്തിരുന്നു. ചെമ്മീൻ ചിത്രത്തിന് ശേഷം മലയാള സിനിമ ഏറ്റവും കാത്തിരുന്ന ചിത്രം ആടുജീവിതമാണെന്ന് പറഞ്ഞിരിക്കുകയാണ് സത്യൻ അന്തിക്കാട്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ ആണ് സത്യൻ അന്തിക്കാട് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
'ചെമ്മീന് ശേഷം മലയാള സിനിമ ഏറ്റവും കാത്തിരുന്ന ചിത്രം ആട് ജീവിതമാണ്. രണ്ടിലും ലെജൻഡറി സംഗീത സംവിധായകർ. ഒന്നിൽ കടലിന്റെ കഥ മറ്റൊന്നിൽ മരുഭൂമിയുടെ കഥ' എന്നാണ് സത്യൻ അന്തിക്കാട് പറഞ്ഞത്.
'ജയമോഹന്മാരോട് പോവാൻ പറ, സിനിമ പറയുന്നത് മനിതരുടെ സ്നേഹമാണ്'; മറുപടിയുമായി ബി ഉണ്ണികൃഷ്ണൻതകഴി ശിവശങ്കരപ്പിള്ളയുടെ നോവലിനെ ആസ്പദമാക്കി രാമു കാര്യാട്ട് സംവിധാനം ചെയ്ത ചിത്രമായിരുന്നു ചെമ്മീൻ. ചിത്രത്തിലെ കറുത്തമ്മയെയും പരീക്കുട്ടിയെയും ഒന്നും മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. ചിത്രത്തിലെ പാട്ടുകളും അതുപോലെ തന്നെ മലയാളികൾക്ക് പ്രിയങ്കരമാണ്. വയലാർ രാമവർമ എഴുതിയ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് സലിൽ ചൗധരിയാണ്. ദക്ഷിണേന്ത്യൻ സംഗീതത്തിലെ സലിൽ ചൗധരിയുടെ മലയാളത്തിലെ അരങ്ങേറ്റമായിരുന്നു ചെമ്മീൻ എന്ന ചിത്രം.
ചെമ്മീൻ ചിത്രം പോലെ ആടുജീവിതവും ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കിയുള്ള ചിത്രമാണ്. ചിത്രത്തിലെ സംഗീത സംവിധാനം നിർവഹിക്കുന്നത് എ ആർ റഹ്മാനാണ്. ബെന്യാമിന്റെ നോവലിന് ലഭിക്കാവുന്ന മികച്ച ദൃശ്യാവിഷ്ക്കാരം തന്നെയായിരിക്കും സിനിമ എന്നതിനൊപ്പം പൃഥ്വിരാജിന്റെ മികച്ച അഭിനയ മുഹൂർത്തങ്ങളും അടുത്തിടെ ഇറങ്ങിയ ട്രെയ്ലർ ഉറപ്പ് നൽകുന്നുണ്ട്. ഈ മാസം 28 ന് ചിത്രം ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ പ്രദർശനത്തിനെത്തും.
സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വി അവതരിപ്പിക്കുന്നത്. 160ന് മുകളില് ദിവസങ്ങളാണ് ആടുജീവിതത്തിന്റെ ചിത്രീകരണത്തിന് വേണ്ടി വന്നത്. കൊവിഡ് മഹാമാരി സിനിമയുടെ ചിത്രീകരണം നീളുന്നതിന് കാരണമായിരുന്നു. ചിത്രീകരണ സമയത്തെ ദൃശ്യങ്ങൾ ഉൾപ്പെടുത്തി കൊറോണ ഡേയ്സ് എന്ന ഡോക്യുമെന്ററി അടുത്തിടെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു.