ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന 'കത്തനാരി'ൽ അനുഷ്ക ഷെട്ടിയുമെത്തുന്നു. അനുഷ്ക ഷെട്ടിയുടെ ആദ്യ മലയാള ചിത്രമാണ് 'കത്തനാർ' . 'അരുന്ധതി', 'ബാഹുബലി', 'രുദ്രമാദേവി', 'ഭാഗമതി', എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച അനുഷ്ക ഷെട്ടിയുടെ തികച്ചും വ്യത്യസ്തമായ പ്രകടനമാണ് ചിത്രത്തിൽ എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
സെറ്റിലെത്തിയ താരത്തെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സ്വീകരിച്ചു. അമാനുഷിക ശക്തികളുണ്ടെന്ന് വിശ്വസിച്ചിരുന്ന കേരളത്തിലെ പുരോഹിതനായ കടമറ്റത്ത് കത്തനാരുടെ കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമ്മിക്കുന്നത്.
വെർച്വൽ പ്രൊഡക്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ചിത്രത്തിന്റെ രണ്ട് മിനിറ്റ് ദൈർഘ്യം വരുന്ന ഗ്ലീംപ്സ് ജയസൂര്യയുടെ പിറന്നാൾ ദിനത്തിൽ പുറത്ത് വിട്ടിരുന്നു. വലിയ സ്വീകാര്യതയാണ് ഗ്ലീംപ്സ് വീഡിയോക്ക് ലഭിച്ചത്. 45000 ചതുരശ്ര അടി വിസ്തീർണമുള്ള മോഡുലാർ ഷൂട്ടിംഗ് ഫ്ലോറിലാണ് സിനിമയുടെ പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കുന്നത്. മുപ്പതിൽ അധികം ഭാഷകളിലായ് ചിത്രം റിലീസ് ചെയ്യും. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം എത്തുക. ആദ്യ ഭാഗം ഈ വർഷം തന്നെ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.