ഭാഷയുടെ അതിർത്തികൾ ഭേദിച്ച് ചിദംബരം ഒരുക്കിയ മഞ്ഞുമ്മൽ ബോയ്സ് മലയാളത്തിന് അഭിമാനമായിരിക്കുകയാണ്. മഞ്ഞുമ്മൽ ബോയ്സ് പോലെ സിനിയമിക്കായി നിർമ്മിച്ച ഗുണ കേവും ചർച്ചാ വിഷയമാണ്. കലാസംവിധായകൻ അജയൻ ചാലിശേരിയും സംഘവുമാണ് പെരുമ്പാവൂരിലെ ഒരു ഗോഡൗണിൽ ഗുണ കേവ് നിർമ്മിച്ചത്. ഇപ്പോഴിതാ ഗുണ കേവ് സെറ്റ് വർക്ക് തുടങ്ങുന്ന ദിവസത്തെ സെൽഫിയുമായെത്തിയിരിക്കുകയാണ് അജയൻ ചാലിശ്ശേരി.
'കടുത്ത കോൺഫിഡൻസ് ആണ് എപ്പോഴും മുന്നോട്ടു നയിക്കുന്നത്! ഗുണ കേവ് സെറ്റ് വർക്ക് തുടങ്ങുന്ന ദിവസത്തെ സെൽഫി !! പിന്നിൽ 'സാത്താനിൻ അടുക്കളയ് ' ആയി മാറാൻ ഒരുങ്ങി എന്നേക്കാൾ പലമടങ്ങ് വലിപ്പത്തിൽ തലയുയർത്തി നിൽക്കുന്ന പെരുമ്പാവൂരിലെ ഗോഡൗൺ!!,' എന്ന കുറിപ്പോടെയാണ് അജയൻ ചാലിശ്ശേരി ചിത്രം പങ്കുവെച്ചിരിക്കുന്നത്.
അജയൻ ചാലിശ്ശേരിയുടെ പോസ്റ്റിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. 'കഠിന പ്രയത്നത്തിന്റെ ഫലം...100 ശതമാനം വിജയം', 'അവാർഡുകൾ ഒരുപാട് ലഭിക്കട്ടെ', 'ഇവിടെയാണല്ലേ ഇതിഹാസം ഉണ്ടാക്കിയത്', 'സിനിമയിൽ ഒരിടത്തും ഏതാണ് സെറ്റ് ഏതാണ് ഒറിജിനൽ എന്ന് മനസ്സിലാവുന്നില്ല' എന്നിങ്ങനെ പോകുന്നു കമന്റുകൾ.
അതേസമയം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രമെന്ന റെക്കോർഡ് ഇതിനകം മഞ്ഞുമ്മൽ ബോയ്സ് സ്വന്തമാക്കി കഴിഞ്ഞു. 2018 എന്ന സിനിമയുടെ കളക്ഷൻ മറികടന്നാണ് ചിത്രം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. കൊച്ചിയിൽ നിന്ന് ഒരു സംഘം യുവാക്കൾ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലിൽ എത്തുന്നതും, അവിടെ അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
തെലുങ്കിലും തമിഴിലും കോടികൾ വാങ്ങുന്ന നായിക മലയാളത്തിൽ; കത്തനാരിൽ അനുഷ്കയുടെ പ്രതിഫലം എത്ര?പറവ ഫിലിംസിന്റെ ബാനറിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഗുണ കേവിന്റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.