തെലുങ്ക്, തമിഴ് സിനിമകളിൽ വമ്പൻ പ്രതിഫലം വാങ്ങുന്ന സൂപ്പർനായികയാണ് അനുഷ്ക ഷെട്ടി. 'അരുന്ധതി', 'ബാഹുബലി', 'രുദ്രമാദേവി', 'ഭാഗമതി', എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച താരം കത്തനാർ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. ഇപ്പോഴിതാ സിനിമയ്ക്കായി അനുഷ്കയുടെ പ്രതിഫലം സംബന്ധിച്ച റിപ്പോർട്ടുകളാണ് ശ്രദ്ധ നേടുന്നത്.
അഞ്ച് കോടിയാണ് തന്റെ ആദ്യ മലയാളം സിനിമയ്ക്കായി അനുഷ്ക ഷെട്ടിയുടെ പ്രതിഫലം എന്നാണ് റിപ്പോർട്ട്. ബാഹുബലിക്ക് മുമ്പ് താരം ഒരു സിനിമയ്ക്കായി മൂന്ന് കോടി വരെയായിരുന്നു പ്രതിഫലം വാങ്ങിയിരുന്നത്. പിന്നീട് തുക വർധിപ്പിക്കുകയും ഒടുവിലത്തെ ചിത്രമായ മിസ് ഷെട്ടി ആൻഡ് മിസ്റ്റർ പോളിഷെട്ടിക്കായി ആറ് കോടി വാങ്ങിയെന്നുമാണ് സൂചന.
കഴിഞ്ഞ ദിവസമായിരുന്നു അനുഷ്ക കത്തനാരുടെ സെറ്റിൽ ജോയിൻ ചെയ്തത്. സിനിമയിൽ കള്ളിയങ്കാട്ട് നീലി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്ന അഭ്യൂഹങ്ങളുണ്ട്. അമാനുഷിക ശക്തികളുണ്ടെന്ന് വിശ്വസിച്ചിരുന്ന കേരളത്തിലെ പുരോഹിതനായ കടമറ്റത്ത് കത്തനാരുടെ കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമ്മിക്കുന്നത്.
ദുൽഖറിന് പകരം 'തഗ് ലൈഫി'ൽ ഇനിയാര്; മണിരത്നവും സംഘവും ഈ നടനെ പരിഗണിക്കുന്നു?വെർച്വൽ പ്രൊഡക്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ചിത്രത്തിന്റെ രണ്ട് മിനിറ്റ് ദൈർഘ്യം വരുന്ന ഗ്ലീംപ്സ് ജയസൂര്യയുടെ പിറന്നാൾ ദിനത്തിൽ പുറത്ത് വിട്ടിരുന്നു. വലിയ സ്വീകാര്യതയാണ് ഗ്ലീംപ്സ് വീഡിയോക്ക് ലഭിച്ചത്. 45000 ചതുരശ്ര അടി വിസ്തീർണമുള്ള മോഡുലാർ ഷൂട്ടിംഗ് ഫ്ലോറിലാണ് സിനിമയുടെ പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കുന്നത്. മുപ്പതിൽ അധികം ഭാഷകളിലായ് ചിത്രം റിലീസ് ചെയ്യും. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം എത്തുക. ആദ്യ ഭാഗം ഈ വർഷം തന്നെ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.