'ആട്ടം' സിനിമ കണ്ട് സംവിധായകൻ ആനന്ദ ഏകർഷിയെ വിളിച്ച് അഭിനന്ദിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. വീട്ടിലിരുന്ന തനിക്ക് ലഭിച്ച അപ്രതീക്ഷിതമായ ഫോൺകോൾ നൽകിയ ആകാംക്ഷയെ കുറിച്ചും അതിരില്ലാത്ത സന്തോഷത്തെ കുറിച്ചും ആനന്ദ് ഒരു കഥ പറയും പോലെയാണ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
താൻ ആരാധിച്ച, സിനിമ പഠനത്തിന് റഫറൻസുകളെടുത്ത സിനിമകളുടെ സംവിധായകൻ സിനിമയെ കുറിച്ച് സംസാരിച്ചത് ഭാഗ്യമാണെന്നും ആട്ടം സിനിമയ്ക്ക് കിട്ടിയ ഈ മഹാപുരസ്കാരം ലഭിച്ചതു പോലെയാണ് തനിക്ക് തോന്നിയത് എന്നും ആനന്ദ് ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചിട്ടുണ്ട്.
ഒരുപക്ഷെ 'ആട്ടം' ഇറങ്ങിയതിന് ശേഷം ഇത്രയും ഹൃദയം നിറഞ്ഞ് കവിഞ്ഞ ഒരു ദിവസം ഉണ്ടായിട്ടില്ല. അതിന് കാരണം ഇന്ന് എനിക്ക് വന്ന ഒരു കോളാണ്. ചുമ്മാ കട്ടിലിൽ ചില വൈരുദ്ധ്യാത്മിക ദിവാസ്വപ്നങ്ങൾ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ഫോൺ വരുന്നത്. പരിചയമില്ലാത്ത നമ്പർ കാണുമ്പോൾ, അത് എടുക്കുമ്പോൾ, പരിചയമില്ലാത്ത ആളുകളെ കാണുമ്പോൾ ശബ്ദത്തിനു ഗാംഭീര്യം കൂട്ടാൻ കുഞ്ഞിലേ മുതലേ ശീലിച്ചു തുടങ്ങിയതാണ്. ചുടല വരെ അത് ഇനി പോകും എന്ന് തോന്നുന്നില്ല. ഫോൺ അടിക്കുന്നു. ഉറക്കചടവ് ശബ്ദ ഗാംഭീര്യത്തിന് ആക്കം കൂട്ടും എന്നുള്ളത് ലോകത്തിനോട് ഞാൻ പ്രത്യേകം പറയണ്ടല്ലോ.
"ഹലോ", സാക്ഷാൽ രഘുവരനെ മനസ്സിൽ ഉരുവിട്ട് ഞാൻ പറഞ്ഞു.
"ആനന്ദ് അല്ലെ"
"അതേയ് " രഘുവരൻ തുടർന്നു
"ഞാൻ സത്യൻ ആണ്. സത്യൻ അന്തിക്കാട്"
"അയ്യോ സാറേ!"
ശബ്ദം പതറി, പുതപ്പ് വലിച്ചെറിഞ്ഞു, ചാടി എണീറ്റു, ഫാൻ ഓഫ് ചെയ്തു, വാതിൽ അടച്ച് കുറ്റി ഇട്ടു. രഘുവരനെ കാൺമാനില്ല.
ജീവിതത്തിലെ അതി സുന്ദരമായ ആ നിമിഷം നേരിടാൻ ഞാൻ ഞാനായി. വെറും പൈതൽ.
"പറയു സാർ" കണ്ണുകളിൽ നനവ്. നെഞ്ചിൽ ബാൻഡ് മേളം.
"ഞാൻ ആട്ടം കണ്ടു ആനന്ദ്! ഒരു കറ പോലും ഇല്ലാത്ത മനോഹരമായ സിനിമ", സാർ പറഞ്ഞു.
സിനിമയുടെ ടെക്നിക്കൽ മികവിനെയും അഭിനേതാക്കളുടെ പ്രതിഭയെയും തിരക്കഥയെയും നാടക കൂട്ടായ്മയുടെ ശക്തിയെയും അതിന് നേതൃത്വം നൽകിയ വിനയ് ഫോർട്ടിനെയും ഈ സിനിമ നിർമ്മിച്ച പ്രൊഡ്യൂസറിന്റെ ഇച്ചാശക്തിയെയും സാർ വാത്സല്യത്തോടെ അഭിനന്ദിച്ചു. സാറിന്റെ ശബ്ദം കേൾക്കുമ്പോഴും മറുപടി പറയുമ്പോഴും തലച്ചോറിൽ അസംഘ്യം ചിത്രങ്ങളാണ് മിന്നിമറഞ്ഞത് എന്ന് ഞാൻ പ്രത്യേകം പറയണ്ടല്ലോ. ഗാന്ധിനഗർ സെക്കന്ഡ് സ്ട്രീറ്റും നാടോടിക്കാറ്റും സന്ദേശവും പിൻഗാമിയും മഴവിൽ കാവടിയും, വീണ്ടും ചില വീട്ടുകാര്യങ്ങളും ഒക്കെ ഒരു സിലബസ് പോലെ തിരിച്ചും മറിച്ചും പഠിച്ച കുടുകുടെ ചിരിച്ച, പലയാവർത്തി ചിന്തിച്ച ആ എനിക്ക് ഫോണിന് മറുപുറം അതിന്റെയൊക്കെ സൃഷ്ടാവ് ഇന്നലെ കണ്ട് പിരിഞ്ഞ ഒരാളോടെന്ന പോലെ സരസമായി സംസാരിക്കുമ്പോൾ ഗുരുകൃപയുടെ മഹാവലയം വീണ്ടും അതാ വിരിഞ്ഞു വരുന്നതായി തോന്നി. ലളിത സാഹിത്യത്തിൽ പറഞ്ഞാൽ 'എന്തൊരു ഭാഗ്യം'.
ആട്ടം കാണാനും സത്യൻ സാറിനെ സിനിമ കാണിക്കാനും സിനിമ കണ്ട് ഒരുപാട് സ്നേഹത്തോടെ സത്യസന്ധമായ അഭിനന്ദനങ്ങൾ എന്നെ വിളിച്ചു അറിയിക്കാനും സാറിന്റെ മകനും 'പാച്ചുവും അത്ഭുത വിളക്കും' എന്ന രസികൻ സിനിമയുടെ സംവിധായകനുമായ അഖിലിന്റെ സുമനസ്സിനോടും എന്റെ നന്ദി തീർത്താൽ തീരാത്തതാണ്!
"ഇനിയും നല്ല സിനിമകൾ ചെയ്യാൻ ആനന്ദിന് കഴിയും, ഒരു ദിവസം നേരിൽ കാണാട്ടോ" എന്ന് പറഞ്ഞ് സത്യൻ അന്തിക്കാട് സാർ ഫോൺ വെക്കുമ്പോൾ ആട്ടം സിനിമയ്ക്ക് കിട്ടിയ ഈ മഹാപുരസ്കാരം എനിക്ക് ഒറ്റയ്ക്ക് പിടിക്കാവുന്നതിലും അപ്പുറമാണ്. അതുകൊണ്ടാണ് നിങ്ങളെ കൂടി ഏല്പിക്കാം എന്ന് കരുതി ഇവിടെ എത്രയും പെട്ടന്ന് കുറിച്ചത്. നാട്ടിലെ വേനൽ ഒക്കെ പൊയ്യ്! എന്റെ വീടിനു ചുറ്റും ആ ഒരു അഞ്ചു മിനിറ്റ് സുന്ദരമായ മഴ ആയിരുന്നു, ആനന്ദ് കുറിച്ചു.