'അസാധ്യ കൈയ്യൊതുക്കത്തിലൂടെ ഒരു അത്ഭുത സിനിമ'; അഞ്ചക്കള്ളകോക്കാനെ പ്രശംസിച്ച് മധുപാൽ

'ചെമ്പോസ്കി യു ആർ ബ്രില്യന്റ്... ബോത്ത് ഉല്ലാസ് ആൻഡ് ചെമ്പൻ വിനോദ്'

dot image

ലുക്മാനെയും ചെമ്പൻ വിനോദിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്ത ചിത്രം അഞ്ചക്കള്ളകോക്കാനെ പ്രശംസിച്ച് സംവിധായകനും നടനുമായ മധുപാൽ. അസാധ്യ കൈയ്യൊതുക്കത്തിലൂടെ ഒരു അത്ഭുത സിനിമ എന്നാണ് അഞ്ചക്കള്ളകോക്കാനെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. ഉല്ലാസ് ചെമ്പനെയും ചെമ്പൻ വിനോദിനെയും ലുക്മാൻ ഉൾപ്പടെയുള്ള എല്ലാ അഭിനേതാക്കളെയും അദ്ദേഹം അഭിനന്ദിച്ചു. സിനിമയിൽ ജില്ലാപ്പികളായി അഭിനയിച്ച മെറിൻ, പ്രവീൺ എന്നിവരുടെ പ്രകടനത്തെ മധുപാൽ എടുത്ത് പരാമർശിച്ചു.

'അസാധ്യമായ കൈയ്യൊതുക്കത്തിലൂടെ ഒരു അത്ഭുത സിനിമ. കഥയും കഥാപാത്രങ്ങളും ജീവിച്ചിരിക്കുന്നവരും മരിച്ചവരും തന്നെയാണ്. കണ്ടുപോയതെങ്കിലും ജീവിതത്തിൽ ചിലതൊക്കെ എപ്പോഴും പുതിയതായി പ്രത്യക്ഷപ്പെടും. ചെമ്പോസ്കി യു ആർ ബ്രില്യന്റ്... ബോത്ത് ഉല്ലാസ് ആൻഡ് ചെമ്പൻ വിനോദ്. ആ നാടും ആളുകളും വീണ്ടും കാണും,കണ്ടുതീരാത്ത മനുഷ്യർ. വായിച്ചു മറക്കുന്ന കഥകളല്ല. കാണാനും കേൾക്കാനും കാത്തിരിക്കുന്ന വിസ്മയം. ലുക്മാൻ, ശ്രീജിത്ത് രവി,മണികണ്ഠൻ ആചാരി, അച്യുതാനന്ദൻ, സെന്തിൽ, പിന്നെയും ഒരുപാട് കലാകാരന്മാരും കലാകാരികളും... എടുത്ത് പറയേണ്ട രണ്ട് പേരുണ്ട് പ്രവീൺ, മെറിൻ, ചുള്ളമ്മാര്... എന്താ എനർജി. ഒരു പഴയ കാലം വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം,' എന്ന് മധുപാൽ കുറിച്ചു.

1980-കളുടെ അവസാനം പശ്ചാത്തലമാക്കി കേരള കർണാടക അതിർത്തിയിലെ കാളഹസ്തി എന്ന ഒരു സാങ്കല്പിക ഗ്രാമത്തിൽ നടക്കുന്ന കഥയാണ് അഞ്ചക്കള്ളകോക്കാൻ. ലുക്മാനും ചെമ്പൻ വിനോദിനും പുറമെ മണികണ്ഠൻ ആചാരി, മെറിൻ ഫിലിപ്പ്, മേഘാ തോമസ്, ശ്രീജിത്ത് രവി, സെന്തിൽ കൃഷ്ണ, പ്രവീൺ ടി ജെ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചെമ്പൻ വിനോദിന്റെ ചെമ്പോസ്കി മോഷൻ പിക്ചേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്.

ഉല്ലാസ് ചെമ്പനും വികിൽ വേണുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ആർമോ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. മണികണ്ഠൻ അയ്യപ്പയാണ് സംഗീത സംവിധാനം. എഡിറ്റിങ്ങ് നിർവഹിച്ചത് രോഹിത് വി എസ് വാര്യത്ത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us