മോളിവുഡ് പ്രേക്ഷകരെ കീഴടക്കി തെലുങ്കിൽ പ്രയാണമാരംഭിച്ച റോം-കോം ചിത്രം പ്രേമലും തെലുങ്കിൽ ചരിത്ര വിജയം സ്വന്തമാക്കിയിരിക്കുകയാണ്. തെലുങ്കിൽ ഹിറ്റായിരുന്ന പുലിമുരുകനെയാണ് പ്രേമലു പിന്നിലാക്കിയിരിക്കുന്നത്. തെലുങ്ക് സംസ്ഥാനങ്ങളില് നിന്ന് പ്രേമലു ഇതുവരെ നേടിയത് 11 കോടിക്കടുത്താണ്. നിലവിൽ പ്രേമലു ഒന്നാമതും പുലിമുരുകൻ രണ്ടാമതും 2018 മൂന്നാമതുമാണ്.
സിനിമയെ പ്രശംസിച്ച് തമിഴ്-തെലുങ്ക് ഇൻഡസ്ട്രിയിലെ താരങ്ങളും പ്രതികരണമറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രേമലു കണ്ട അനുഭവം പങ്കുവെച്ച നടൻ ശിവകാർത്തികേയന്റെ പോസ്റ്റ് ശ്രദ്ധേയമായിരുന്നു. വിദേശത്തും ചിത്രത്തിന് ആരാധകർ ഏറെയാണ്. ചിത്രം തമിഴിലേക്ക് ഏറ്റെടുത്തിരിക്കുന്നത് റെഡ് ജെയ്ൻ്റ് മൂവീസ് ആണ്.
റിലീസ് ചെയ്ത് ഒരു മാസം കൊണ്ടാണ് പ്രേമലു ആഗോള തലത്തിൽ 100 കോടി ക്ലബിൽ ഇടം നേടിയത്. ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ മലയാള സിനിമയാണ് പ്രേമലു. പുലിമുരുകൻ, ലൂസിഫർ, 2018, മഞ്ഞുമ്മൽ ബോയ്സ് എന്നീ സിനിമകളാണ് ഇതിന് മുന്പ് 100 കോടി ക്ലബിൽ ഇടം നേടിയത്. മാർച്ച് 15-നാണ് പ്രേമലുവിന്റെ തെലുങ്ക് പതിപ്പ് റിലീസ് ചെയ്തത്. സിനിമയുടെ തെലുങ്ക് ഡബ്ബിംഗ് അവകാശം പ്രശസ്ത സംവിധായകൻ എസ് എസ് രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയയാണ് സ്വന്തമാക്കിയത്. ഹൗസ് ഫുള്ളായി തെന്നിന്ത്യയിൽ പ്രദർശനം തുടരുകയാണ് ചിത്രം.