ഉലകനായകൻ ആരാധകർക്ക് ഒരു ട്രിപ്പിൾ ട്രീറ്റ്; തഗ് ലൈഫിൽ കമൽ മൂന്ന് വേഷങ്ങളിൽ?

'നായകന്' ശേഷം മണിരത്നവും കമലും ഒന്നിക്കുന്നു എന്നതാണ് തഗ് ലൈഫിന്റെ ഏറ്റവും വലിയ പ്രത്യേകത

dot image

തെന്നിന്ത്യയിൽ തന്നെ ഏറ്റവും ഹൈപ്പുള്ള സിനിമകളിൽ ഒന്നാണ് മണിരത്നവും കമൽ ഹാസനും ഒന്നിക്കുന്ന തഗ് ലൈഫ്. വലിയ താരനിര അണിനിരക്കുന്ന സിനിമയുടെ എല്ലാ അപ്ഡേറ്റുകൾക്കും സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ഇപ്പോഴിതാ കമൽ ആരാധകർക്ക് ഏറെ ആവേശമുണർത്തുന്ന അപ്ഡേറ്റാണ് സിനിമയെക്കുറിച്ച് വന്നിരിക്കുന്നത്.

തഗ് ലൈഫിൽ കമൽഹാസൻ മൂന്ന് വേഷങ്ങളിലെത്തുമെന്നാണ് പുതിയ റിപ്പോർട്ട്. 1978 ൽ പുറത്തിറങ്ങിയ സട്ടം എൻ കയ്യിൽ എന്ന സിനിമയിലാണ് കമൽ ആദ്യമായി ഒന്നിലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പിന്നീട് മൈക്കിൾ മദന കാമരാജൻ മുതൽ ദശാവതാരം വരെ നിരവധി സിനിമകളിൽ അദ്ദേഹം ഒന്നിലധികം വേഷങ്ങളിലെത്തി വിസ്മയിപ്പിച്ചിട്ടുണ്ട്. മണിരത്നത്തെ പോലൊരു സംവിധായകന്റെ സിനിമയിൽ കമൽഹാസൻ ഒന്നിലധികം കഥാപാത്രങ്ങളാകുമ്പോൾ അത് മികച്ച അനുഭവമായിരിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

1987ൽ പുറത്തിറങ്ങിയ 'നായകന്' ശേഷം മണിരത്നവും കമലും ഒന്നിക്കുന്നു എന്നതാണ് തഗ് ലൈഫിന്റെ ഏറ്റവും വലിയ പ്രത്യേകത. എ ആർ റഹ്മാനാണ് സിനിമയുടെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. മലയാളത്തിൽ നിന്ന് ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ് തുടങ്ങിയവരും തഗ് ലൈഫിന്റെ ഭാഗമാകുന്നുണ്ട്. ജയം രവി, തൃഷ കൃഷ്ണൻ, ഗൗതം കാർത്തിക് എന്നിവരും സിനിമയുടെ ഭാഗമാണ്. ദുൽഖർ സൽമാനും സിനിമയുടെ ഭാഗമായിരുന്നുവെങ്കിലും മറ്റ് സിനിമകളുടെ തിരക്കുകൾ മൂലം തഗ് ലൈഫിൽ നിന്ന് പിന്മാറിയതായും റിപ്പോർട്ടുകളുണ്ട്.

രവി കെ ചന്ദ്രൻ ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിങ്ങും അൻപറിവ് സംഘട്ടന സംവിധാനവും നിർവ്വഹിക്കുന്നു. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

dot image
To advertise here,contact us
dot image