ചെന്നൈ: ഇളയരാജ ഗാനങ്ങളുടെ പകര്പ്പവകാശവുമായി ബന്ധപ്പെട്ട് റെക്കോഡിങ് കമ്പനിയുടെ അപ്പീലില് വാദം കേള്ക്കുന്നതില് നിന്ന് ജഡ്ജി പിന്മാറി. കഴിഞ്ഞ ദിവസം വാദം കേൾക്കുന്നതിനിടെയാണ് മദ്രാസ് ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് ആര്. സുബ്രഹ്മണ്യം പിന്മാറിയത്. ഇതോടെ കേസ് മറ്റൊരു ബെഞ്ചിന് നൽകുന്നതിന് ചീഫ് ജസ്റ്റിസിന്റെ അനുമതി തേടാന് രജിസ്ട്രാര്ക്ക് നിര്ദേശം നല്കി.
എക്കൊ റെക്കോഡിങ് കമ്പനിയാണ് അപ്പീൽ സമർപ്പിച്ചത്. ഇളയരാജയുടെ സംഗീത സംവിധാനത്തിലൊരുങ്ങിയ 4500-ലധികം ഗാനങ്ങൾക്ക് അദ്ദേഹത്തിന് മാത്രം പ്രത്യേക അവകാശം നല്കിയ 2019-ലെ ഏകാംഗ ബെഞ്ച് ഉത്തരവ് നൽകിയിരുന്നു. ഇതിനെതിരെയാണ് അപ്പീല്.
2014-ൽ ആഗി മ്യൂസിക്, എക്കൊ റെക്കോഡിങ് കമ്പനി, ആന്ധ്രയിലെ യൂണിസിസ് ഇഫൊ സൊലൂഷന് കമ്പനി, മുംബൈയിലെ ഗിരി ട്രേഡിങ് കമ്പനി എന്നിവര്ക്കെതിരായി ഇളയരാജ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതി പ്രത്യേക ഉത്തരവിറക്കിയത്.
തന്റെ അനുമതിയില്ലാതെ സ്വന്തം പാട്ടുകൾ ഉപയോഗിച്ച് ലാഭം ഉണ്ടാക്കുന്നുവെന്നും ഇതിൽ നിന്ന് കമ്പനികളെ തടയണമെന്നും ഇളയരാജ ആവശ്യപ്പെട്ടിരുന്നു. 1957-ലെ പകര്പ്പവകാശ നിയമത്തിലെ 57-ാം വകുപ്പു പ്രകാരം ഭാഗികമായോ പൂര്ണമായോ കൈമാറിയ പാട്ടുകള്ക്ക് മുകളില് അവകാശം സ്ഥാപിക്കാൻ സംഗീത സംവിധായകര്ക്ക് സാധിക്കുമെന്നായിരുന്നു ജസ്റ്റിസ് സുമന്തിന്റെ സിംഗിള് ബെഞ്ച് 2019-ല് നിരീക്ഷിച്ചത്.
മാഞ്ഞിട്ടും മായാത്ത സൗകുമാര്യ ഭാവങ്ങൾക്ക് 11 വയസ്സ്