ഇനി തിയേറ്റർ തന്നെ അഭയം; മലയാള സിനിമകൾക്ക് ഒടിടി വില്ലനാകുമോ, രക്ഷയില്ലാതെ സൂപ്പർ ഹിറ്റുകളും

ചില തെലുങ്ക്, തമിഴ് സിനിമകൾ ഒടിടി ഏറ്റെടുക്കുന്നുണ്ട് എന്നത് മാറ്റി നിർത്തിയാൽ പ്രാദേശിക സിനിമകളുടെ ഒടിടി പ്ലാറ്റ്ഫോം കച്ചവടം ഏതാണ്ട് അവസാനിച്ച മട്ടാണ്

dot image

കൊവിഡ് മഹാമാരി സിനിമ മേഖലയ്ക്ക് വെല്ലുവിളിയായപ്പോൾ ഒരാശ്രയമെന്ന നിലയിലായിരുന്നു ഒടിടി പ്ലാറ്റ്ഫോമുകൾ സിനിമയെ ഏറ്റെടുക്കാൻ തുടങ്ങിയത്. ഇതോടെ ഒടിടി ട്രെൻഡായി. കൊവിഡ് അവസാനിച്ച് തിയേറ്ററുകൾ വീണ്ടും പ്രേക്ഷകർക്കായി തുറന്നപ്പോഴും ഒടിടി മലയാള സിനിമയെ അടക്കം സ്വാധീനിച്ചിരുന്നു. ഒടിടി പ്ലാറ്റ്ഫോമുകൾ കൂണുപോലെ മുളച്ചതോടൊപ്പം ഇതിന്റെ ഫലമായി ഒടിടിക്ക് വേണ്ടി മാത്രം സിനിമകൾ നിർമ്മിക്കാൻ തുടങ്ങുന്ന സാഹചര്യവും വന്നെത്തി. എന്നാൽ ഈ ട്രെൻഡ് മാറി ഇപ്പോൾ മലയാള സിനിമകൾക്ക് തിയേറ്ററിനെ വീണ്ടും ആശ്രയിക്കേണ്ട സാഹചര്യത്തിലേക്ക് എത്തിയിരിക്കുന്നു.

ചില തെലുങ്ക്, തമിഴ് സിനിമകൾ ഒടിടി ഏറ്റെടുക്കുന്നുണ്ട് എന്നത് മാറ്റി നിർത്തിയാൽ പ്രാദേശിക സിനിമകളുടെ ഒടിടി പ്ലാറ്റ്ഫോം കച്ചവടം ഏതാണ്ട് അവസാനിച്ച മട്ടാണ്. കച്ചവടത്തിൽ തിരിച്ചടി നേരിട്ടതോടെ ഇനി സിനിമകൾ വാങ്ങേണ്ടതില്ലെന്നാണ് ഒടിടികൾ തീരുമാനിച്ചിരിക്കുന്നത്. പല സിനിമകളിൽ നിന്നും മുടക്ക് മുതലിന്റെ 10 ശതമാനം പോലും ലഭിക്കുന്നില്ലെന്നാണ് ചില ഒടിടികളുടെ വിലയിരുത്തൽ.

27 കോടിക്ക് അവകാശം വാങ്ങിയ ഒരു സിനിമയിൽ നിന്ന് ഒടിടിക്ക് ലഭിച്ചത് 50 ലക്ഷത്തിൽ താഴെ മാത്രമാണ്. ഇടനിലക്കാരായ ഏജന്റുമാരാണ് നിർമ്മാതാക്കളും ഒടിടിയുമായുള്ള കച്ചവടം നടത്തുന്നത്. മത്രമല്ല ഒടിടിയിൽ കാര്യങ്ങൾ തീരുമാനിക്കുന്നവർക്കും കമ്മീഷൻ കൊടുത്തു. ഇത്തരത്തിൽ പരിധി ലംഘിച്ചതോടെയാണ് ഇനി സിനിമയെടുക്കേണ്ട എന്ന തിരുമാനത്തിലെത്തിയത്.

പുതിയ വരിക്കാരെ കിട്ടാൻ സാധ്യതയില്ലാത്ത സിനിമകൾ വേണ്ടെന്നും ഒടിടികൾ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ഒടിടിയെ പ്രതീക്ഷിച്ച് നിർമ്മിച്ച് മുപ്പതോളം സിനിമകളെങ്കിലും നിലച്ച മട്ടാണ്. പൂർത്തിയാകാനായിരിക്കുന്നതാകട്ടെ നൂറോളം സിനിമകളും. സൂപ്പർ ഹിറ്റ് സിനിമകളുടെ അവസ്ഥ മറ്റൊന്നല്ല. റിലീസ് ചെയ്ത് കളക്ഷൻ ലഭിക്കുന്നുണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രമേ ഏറ്റെടുക്കൂ എന്നും ഒടിടി വ്യക്തമാക്കിയിട്ടുണ്ട്. വമ്പൻ ഹിറ്റ് സിനിമകൾ പോലും കടുത്ത വിലപേശലിന് ശേഷമാണ് പരിഗണിക്കപ്പെടുന്നത്.

dot image
To advertise here,contact us
dot image