നാളെ ആടുജീവിതം ആഗോള റിലീസിന് തയ്യാറെടുത്തു നിൽക്കെ സംവിധായകൻ ബ്ലെസിയെ കുറിച്ച് വികാര നിർഭരമായ കുറിപ്പ് പങ്കുവെയ്ക്കുകയാണ് ആടുജീവിതത്തിന്റെ സൃഷ്ടാവ് ബെന്യാമിൻ. 16 വർഷം നീണ്ട സപര്യയാണ് ആടുജീവിതം എന്ന സിനിമയെന്നും അദ്ദേഹം സമൂഹത്തിനു ഒരു പാഠപ്പുസ്തകമാണെന്നും ബെന്യാമിൻ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ബെന്യാമിൻ കുറിപ്പ് പങ്കുവെച്ചത്.
പ്രശ്നങ്ങളിലും പ്രതിസന്ധികളിലും പതറാതെ ഒരു സമൂഹത്തെ മുന്നോട്ട് നയിക്കുന്നവനാണ് നായകൻ. ഈ മനുഷ്യന്റെ നിശ്ചയദാർഢ്യം ഇല്ലായിരുന്നുവെങ്കിൽ വഴിയിലെവിടെയെങ്കിലും വീണു പോകാമായിരുന്ന ഒരു സിനിമയാണ് ആടുജീവിതം. 16 വർഷം നീണ്ട സപര്യ. അതിനിടയിൽ ഒന്നിന് പുറകെ ഒന്നായി വന്നുകൂടിയ ഒരായിരം കടമ്പകൾ. തളർന്നു പോകേണ്ട നിമിഷങ്ങൾ. ഉപേക്ഷിച്ചു പോകേണ്ട സന്ദർഭങ്ങൾ. ഇതൊന്നും നടക്കാൻ പോകുന്നില്ല എന്ന പരിഹാസങ്ങൾ. എങ്ങനെയും മുടക്കും എന്ന ചിലരുടെ വെല്ലുവിളികൾ. ഒന്നിനെയും അയാൾ കൂസിയില്ല. ഒന്നിനോടും അയാൾ പ്രതികരിച്ചില്ല. എല്ലാത്തിനെയും പുഞ്ചിരിയോടെ നേരിട്ടു. നിശബ്ദനായി മുന്നോട്ട് മാത്രം നടന്നു.
'നജീബേ, തീക്കാറ്റും വെയിൽ നാളവും നിന്നെ കടന്നു പോകും. നീ അവയ്ക്ക് മുന്നിൽ കീഴടങ്ങരുത്. തളരുകയുമരുത്' എന്ന വാക്കുകൾ ഹൃദയത്തിൽ വഹിച്ച് അയാൾ മുന്നോട്ട് തന്നെ നടന്നു. ആ നിശ്ചയദാർഢ്യം കണ്ട് പിന്തിരിഞ്ഞു നടക്കാൻ തീരുമാനിച്ചിരുന്നവർ പോലും കൂടെ കൂടി. നാളെ അയാളുടെ സപര്യ പരിപൂർണ്ണതയിൽ എത്തുകയാണ്. ബ്ലെസി പ്രിയപ്പെട്ട സഹോദരാ. നിങ്ങൾ ഈ സമൂഹത്തിനു ഒരു പാഠപ്പുസ്തകമാണ്. എങ്ങനെയാണ് തന്റെ ലക്ഷ്യത്തിലേക്ക് പതറാതെ നടക്കേണ്ടത് എന്ന പാഠപ്പുസ്തകം. നിങ്ങൾക്ക് എന്റെ ഹൃദയത്തിൽ നിന്ന് ഒരു കണ്ണീരുമ്മ...
പ്രിയപെട്ടവരേ, എന്താണ് ഈ മനുഷ്യൻ ഇത്ര കാലം നടത്തിയ തീക്ഷ്ണ യാത്രയുടെ അന്തിമ ഫലം എന്നറിയാൻ നമുക്ക് തിയേറ്ററിൽ പോയി ആ ചിത്രം കാണാം. അത് മാത്രമാണ് നമുക്ക് തിരിച്ചു കൊടുക്കാവുന്ന സ്നേഹം.
നാളെയാണ് ആടുജീവിതം റിലീസിനെത്തുന്നത്. പ്രീ-ബുക്കിങ്ങിലൂടെ വൻ നേട്ടമുണ്ടാക്കിയിരിക്കുന്ന സിനിമ കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.