ചന്ദ്രനില് ചെന്നാലും അവിടെയൊരു മലയാളിയുടെ ചായക്കട കാണാം എന്ന ആലങ്കാരിക പ്രയോഗം മലയാളികളെ സംബന്ധിച്ച് വെറുതയങ്ങുണ്ടായതല്ല. അതിജീവനത്തിന് വേണ്ടി കടല്ദൂരങ്ങള് പിന്നിട്ട് വന്കരകള് താണ്ടിയവരും, അടിമകളും തടവുകാരുമായി നാടുകടത്തപ്പെട്ടവരുമടക്കം, പല ദേശങ്ങളില് പരദേശികളായി ജീവിക്കേണ്ടി വന്ന കേരളീയര്, ലോകഭൂപടത്തില് തങ്ങളെ അടയാളപ്പെടുത്തിയതിനെ സൂചിപ്പിക്കുന്ന വിശേഷണമാണത്.
വിവിധ ഭൂഖണ്ഡങ്ങളില് പ്രവാസജീവിതം നയിക്കുന്നതില് കേരളം പോലെ ഇത്രയും ദീര്ഘമായ ചരിത്രമുള്ളവരുടെ നാട് ലോകത്ത് തന്നെ വേറെയുണ്ടാവില്ല. പ്രവാസം അത്രമേല് കേരളീയ സാമൂഹികതയുമായി ഇഴചേര്ന്നു കിടക്കുന്നതാണ്. മണലാര്യണങ്ങളിലേക്ക് കുടിയേറി ജീവിക്കാനായി ചോര നീരാക്കിയ മനുഷ്യരുടെ കഥ കൂടി ചേര്ക്കാതെ കേരളത്തിന്റെ ചരിത്രം ഒരിക്കലും പൂര്ത്തിയാകില്ല.
പ്രവാസ ജീവിതത്തിന്റെ തീക്ഷ്ണതകളെയും അതിലടങ്ങിയിരിക്കുന്ന ആഴമേറിയ അപകടങ്ങളെയും മലയാളിക്ക് മുന്നില് അവതരിപ്പിച്ച ഹൃദയഭേദകമായ നോവലായിരുന്നു ബെന്യാമിന് എഴുതിയ ആടുജീവിതം. വര്ഷങ്ങള്ക്ക് ശേഷം ആടുജീവിതം സിനിമയായി തിയ്യേറ്ററുകളില് റിലീസ് ചെയ്യപ്പെട്ടിരിക്കുകയാണ്. മലയാളത്തില് നിന്നിറങ്ങിയ ലോക സിനിമ എന്ന നിലയില് ആടുജീവിതം പ്രശംസയേറ്റുവാങ്ങുമ്പോള് ഒരിക്കല് കൂടി മലയാളികളുടെ ഗള്ഫ് ജീവിതം ചര്ച്ചയാവുകയാണ്.
ജീവിതത്തില് എന്നപോലെ കേരളീയരുടെ കലയിലും സാഹിത്യത്തിലും സിനിമയിലും പ്രവാസ ജീവിതത്തിന്റെ സാന്നിധ്യവും സ്വാധീനവും മുറിച്ചുമാറ്റാന് പറ്റാത്ത അത്രയും ആഴത്തില് വേരോടിയിട്ടുണ്ട്. പ്രവാസവും അനുബന്ധജീവിതവും പ്രമേയമായി വന്ന സിനിമകള്ക്ക് പതിറ്റാണ്ടുകളുടെ പഴക്കവുമുണ്ട്. അതിലേറ്റവും ഒടുവിലത്തെ അധ്യായമാണ് ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം.
പ്രവാസവും മലയാള സിനിമയും
1980 ല് മറുനാടന് മൂവീസിന്റെ ബാനറില് എം ടി വാസുദേവന് നായര് എഴുതി ആസാദ് സംവിധാനം ചെയ്ത 'വില്ക്കാനുണ്ട് സ്വപ്നങ്ങള്' മലയാളിയുടെ ആദ്യ ഗള്ഫ് കാഴ്ചയായിരുന്നു. ഗള്ഫ് കാണാന് നിങ്ങള്ക്കൊരു സുവര്ണാവസരം എന്ന പരസ്യ വാചകത്തോടെ പുറത്തിറങ്ങിയ ആ സിനിമ തന്നെയായിരുന്നു നടന് മമ്മൂട്ടിയെന്ന അഭിനേതാവിൻ്റെ പേര് അടയാളപ്പെടുത്തിയ ആദ്യസിനിമ. അതുവരെ കേട്ടറിവ് മാത്രമുണ്ടായിരുന്ന ദുബായ് ആദ്യമായി മലയാളികള് കാണുന്നത് ഈ ചിത്രത്തിലൂടെയാണ്. പത്തേമാരി യാത്രയുടെ ഭീകരതയും, തൊഴിലിന് വേണ്ടിയുള്ള അലച്ചിലുകളും, മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന കാലാവസ്ഥയുമെല്ലാം സിനിമയില് വിശദമായി തന്നെ ചിത്രീകരിക്കപ്പെട്ടിരുന്നു. അതുവരെ മലയാളികള്ക്കുണ്ടായിരുന്ന ഗള്ഫിനെക്കുറിച്ചുള്ള തിളക്കമാര്ന്ന ധാരണകളെ തിരുത്തുന്നത് കൂടിയായിരുന്നു എംടിയുടെ രചനയില് പിറന്ന ഈ സിനിമ.
1982 ഐവി ശശി സംവിധാനം ചെയ്ത 'ഈ നാട്' മലയാളത്തിലെ ആദ്യത്തെ സമ്പൂര്ണ്ണ പൊളിറ്റിക്കല് സിനിമയാണെങ്കിലും ഗള്ഫ് ജീവിതം കേരളത്തില് ഉണ്ടാകുന്ന മാറ്റങ്ങളുടെ ദൃശ്യവത്കരണം കൂടിയായിരുന്നു ആ ചിത്രം. ബോംബെയില് ഒരു മധുവിധു എന്ന ജി വിവേകാനന്ദന്റെ ചെറുകഥയെ ആസ്പദമാക്കി ബാലൂ കിരിയത്ത് എഴുതി സംവിധാനം ചെയ്ത 'വിസ' 1983 ല് പുറത്തിറങ്ങുമ്പോള് നമ്മുടെ ഗള്ഫ് കാഴ്ചകളും ചിന്തകളും വല്ലാതെ മാറാന് തുടങ്ങി. ഒരുപക്ഷേ പ്രവാസ ജീവിതത്തിന്റെ യാതനകളും ആത്മ സംഘര്ഷങ്ങളും ആദ്യമായി അടയാളപ്പെടുത്തിയ ഒരു മലയാള ചിത്രം മമ്മൂട്ടിയും മോഹന്ലാലും അഭിനയിച്ച വിസ തന്നെയായിരിക്കും.
1984 ല് പികെ നന്ദനവര്മ എഴുതിയ 'അക്കരെ' എന്ന കഥ അതേ പേരില് കെഎന് ശശിധരന് സിനിമയാക്കി. ഗള്ഫുകാരുടെ ജീവിതത്തിലുണ്ടാകുന്ന ആഡംബരങ്ങളും അഭിവൃദ്ധിയും കണ്ട് മോഹിക്കുന്ന ഒരു തഹസില്ദാരുടെയും ഭാര്യയുടെയും ജീവിതമാണ് സിനിമയില് ചിത്രീകരിച്ചത്.
ജഗദീഷിന്റെ കഥയില് ശ്രീനിവാസന് തിരക്കഥ എഴുതി 1985ല് പുറത്തിറങ്ങിയ 'അക്കരെ നിന്നൊരു മാരന്' പ്രവാസ ജീവിതത്തിന്റെ തമാശ കോറിയിട്ട ചലച്ചിത്രമായപ്പോള്, ചൂഷണങ്ങളില് പെട്ട ഒരുപാട് ചെറുപ്പക്കാരുടെ ജീവിതത്തെ നര്മ്മത്തില് ചാലിച്ച ഒരു വീക്ഷണം ആയിരുന്നു 87 പുറത്തിറങ്ങിയ സത്യന് അന്തിക്കാട് ചിത്രം 'നാടോടിക്കാറ്റ്'. നാട്ടിലെ കടുത്ത തൊഴിലില്ലായ്മ കാരണം പ്രവാസികളാകാന് മോഹിച്ച് അതിന് വേണ്ടി സര്വവും വിറ്റുപെറുക്കി ഒടുവില് വഞ്ചിക്കപ്പെട്ട രണ്ട് യുവാക്കളെയായിരുന്നു സിനിമയില് ചിത്രീകരിച്ചത്.
സത്യൻ അന്തിക്കാട് വീണ്ടും ശ്രീനിവാസനിലൂടെ ഗൾഫിനെ പകർത്തിയ സിനിമയായിരുന്നു വരവേൽപ്പ്. ഗൾഫ് സിനിമയിൽ നിശബ്ദ സാന്നിധ്യമാണെങ്കിലും സിനിമ പറഞ്ഞത് ഒരു പ്രവാസിയോട് നാടിനുള്ള 'പുത്തൻപണക്കാരൻ' സമീപനത്തിൻ്റെ ജീവിത യാഥാർത്ഥ്യങ്ങളായിരുന്നു. മോഹൻലാലിൻ്റെ മുരളീധരൻ എന്ന പ്രവാസി ഗൾഫിൽ അധ്വാനിച്ചുണ്ടാക്കിയ പണം നാട്ടിൽ മുടക്കി സ്വന്തമായൊരു ഉപജീവനമാർഗ്ഗം കണ്ടെത്താൻ നടത്തുന്ന ശ്രമത്തിനിടിയിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികളെ സരസമായി അവതരിപ്പിക്കുന്നുണ്ട് വരവേൽപ്പ്. ഒരുവേള മുരളീധരൻ എന്ന പ്രവാസിയുടെ ജീവിതം കേരളത്തിലെ തൊഴിൽ സംസ്കാരത്തിന് നേരെയുള്ള രൂക്ഷമായ വിമർശനമായി കൂടി മാറിയിരുന്നു. സാധാരണക്കാരനായ പ്രവാസിയോട് നാടിനുള്ള സമീപനം പലനിലയിൽ വരവേൽപ്പിൽ ആവിഷ്കരിക്കുന്നുണ്ട്.
മലയാളിയുടെ വളര്ച്ചയ്ക്കൊപ്പം പ്രവാസ ജീവിതം പിന്നെയും കടന്നുപോയി. 1999ല് മുരളിയെ നായകനാക്കി പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത 'ഗര്ഷോം' പ്രവാസികളുടെ ജീവിതത്തിലെ യാതനകളുടെ അങ്ങേയറ്റം കാണിച്ചുതരുന്ന സിനിമയായിരുന്നു. തൊണ്ണൂറുകളില് ലോകത്തിലും ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയ സാഹചര്യങ്ങളിലുമെല്ലാം വന്ന മാറ്റങ്ങളെ കൂടി പശ്ചാത്തലത്തില് അവതരിപ്പിച്ചുകൊണ്ടായിരുന്നു പ്രവാസജീവിതത്തിന്റെ സങ്കീര്ണതകളെ പിടി കുഞ്ഞുമുഹമ്മദ് അവതരിപ്പിച്ചത്.
അറേബ്യന് വ്യവസായ ലോകത്തെ മലയാളിയുടെ വളര്ച്ചയുടെയും ഉയര്ച്ചയുടെയൊക്കെ കാഴ്ചയായിരുന്നു 2001 ല് പുറത്തിറങ്ങിയ മമ്മൂട്ടിയുടെ 'ദുബായ്'. പൂര്ണ്ണമായും ദുബായില് ചിത്രീകരിച്ച അന്നത്തെ കാലത്തെ ഒരു ബിഗ് ബജറ്റ് സിനിമ കൂടിയായിരുന്നു ദുബായ്.
2015 ല് സലിം അഹമ്മദിന്റെ സംവിധാനത്തില് പുറത്തിറങ്ങിയ മമ്മൂട്ടി നായകനായ 'പത്തേമാരി' ഒരു ശരാശരി പ്രവാസിയുടെ ജീവിതത്തിന്റെ എല്ലാ ഗര്ത്തങ്ങളെയും അത്രേമല് സൂക്ഷ്മമായി അവതരിപ്പിച്ച ചിത്രമായിരുന്നു. ഒരു വലിയ ദീര്ഘ നിശ്വാസത്തോടെ മാത്രമേ നമുക്ക് ചിത്രം കണ്ട് പൂര്ത്തിയാക്കാന് കഴിയുകയുള്ളൂ.
അറബിക്കഥ, പെരുമഴക്കാലം, ഡയമണ്ട് നെക്ലൈസ്, മരുഭൂമിയിലെ ആന, അറബിയും ഒട്ടകവും മാധവന് നായരും, ഗദ്ദാമ, നിലമ്പൂര് ആയിഷയുടെ കഥ പറഞ്ഞ ആയിഷ, തുടങ്ങി നിരവധി സിനിമകള് ഗള്ഫ് പശ്ചാത്തലമാക്കിയും പ്രവാസ ലോകത്തെക്കുറിച്ചും അതിന്റെ സ്വാധീനത്തെ കുറിച്ചും മലയാളത്തില് ഇക്കാലങ്ങളില് ഇറങ്ങിയിട്ടുണ്ട്.
'നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകളാണ്' എന്ന കുറിപ്പോടെ 2008 ല് പുറത്തിറങ്ങിയ ബെന്യാമിന്റെ 'ആടുജീവിതം' ഇന്ന് ലോക സിനിമയുടെ ചരിത്രത്തില് മലയാളിയുടെ പ്രവാസ കഥ ചരിത്രമായി എഴുതി ചേര്ക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
'സ്വപ്നം കണ്ടതിനേക്കാള് വലിയൊരു അത്ഭുതലോകത്തേക്കാണ് ഞാനും ഹക്കീമും വിമാനം ഇറങ്ങിയത്. ഇന്നത്തെപ്പോലെ സിനിമയിലോ ടെലിവിഷനിലോ കാണാന് ഭാഗ്യമുണ്ടായിരുന്നില്ല.ബോംബെ കൗതുകമായിരുന്നെങ്കില് സൗദി അറേബ്യ വലിയൊരു വിസ്മയം ആയിരുന്നു എന്നാണ് നജീബ് ആടുജീവിതത്തില് പറയുന്നത്.
എന്നാല് പോകെപ്പോകെ അത്ഭുത കാഴ്ചകള് കണ്ണില് നിന്നും മറഞ്ഞു മറഞ്ഞു പോവുകയും തീക്ഷ്ണമായ യാതനകളിലേക്ക് അയാളുടെ ജീവിതം വലിച്ചെറിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഒടിഞ്ഞു തൂങ്ങിയ കൈകള് കൊണ്ട് പാല് കറന്ന് അര്ബാബിന് കൊടുക്കുമ്പോള് അയാള്ക്ക് കരയാന് കണ്ണീരു പോലും ഇല്ലാതായ അവസ്ഥ ഉണ്ടായിട്ടുണ്ട്. പ്രവാസിയുടെ വിയര്പ്പിന്റെ ഉപ്പുമണം പുരണ്ട ഒരു അത്തര് കുപ്പിയെങ്കിലും ഇല്ലാത്ത മലയാളി വീട് നമുക്ക് ഉണ്ടാകില്ല. അതുകൊണ്ടുതന്നെ ഉള്ളുലയ്ക്കുന്ന കാഴ്ചകളുടെ ആടുജീവിതം കരഞ്ഞുകൊണ്ടല്ലാതെ ഒരു മലയാളിക്കും കണ്ടുതീര്ക്കാന് സാധിച്ചേക്കില്ല.