ആടുജീവിതത്തിന് വേണ്ടി താൻ നടത്തിയ ശാരീരിക മാറ്റങ്ങളെ കുറിച്ച് സിനിമയിൽ ഹക്കീം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കെ ആർ ഗോകുൽ പറയുന്നു. ആദ്യ ഷെഡ്യൂളിൽ 64 കിലോ ആയിരുന്നെങ്കിൽ അവസാന ഷെഡ്യൂളിലെത്തിയപ്പോൾ അത് 44 കിലോ ആയി കുറച്ചുവെന്നും ചില ദിവസങ്ങളിൽ വാട്ടർ ഡയറ്റ് മാത്രമെടുത്തിരുന്നുവെന്നും ഗോകുൽ പറഞ്ഞു.
സിനിമയിൽ പൃഥ്വിരാജിനൊപ്പം മരുഭൂമിയിൽ ജീവിച്ച ഹക്കീമും സിനിമയിൽ പൃഥ്വിയെ പോലെ തന്നെ പ്രധാനപ്പെട്ട കഥാപാത്രമായിരുന്നുവെന്ന് പൃഥ്വിരാജ് തന്നെ വേദിയിൽ പറഞ്ഞിരുന്നു. ഡയറ്റിന്റെ ഭാഗമായി താൻ ചില ജിവസങ്ങളിൽ ഹക്കീം കഴിച്ചിരുന്നതുപോലെ കുബ്ബൂസും വെള്ളവും മാത്രം കഴിച്ച് ജീവിച്ചിരുന്നു എന്നും ഗോകുൽ പറയുന്നു. തന്റെ രൂപവും കോലവും കണ്ട് കഞ്ചാവാണെന്ന് കരുതി പൊലീസ് ദേഹ പരിശോധന വരെ നടത്തിയിരുന്നുവെന്നും ഗോകുൽ റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
നജീബിനെ പേലെ തന്നെ ഹിക്കീമിനും ശാരിരീകമായ മാറ്റങ്ങളാവശ്യമായിരുന്നു. പ്രായത്തിനൊത്ത ആരോഗ്യമുള്ളയാളായാണ് കഥയിൽ ഹക്കീമിനെ കുറിച്ച് പറയുന്നത്. ആദ്യ ഷെഡ്യൂളിന്റെ സമയത്ത് എന്തുവേണമെങ്കിലും കഴിക്കാം. ഞാൻ ഇഷ്ടം പോലെ കഴിച്ചു. തടി കൂട്ടി ഒരു 64 കിലോയിലേക്ക് എത്തിച്ചു. സിനിമയുടെ ലാസ്റ്റ് ഷെഡ്യൂളായപ്പോഴേക്കും അത് മാറി 44.6 കിലോയിലേക്ക് എത്തി. പൃഥ്വിരാജിന്റെ ട്രെയ്നർ അജിത്തിന്റെ ഉപദേശങ്ങളൊക്കെ സ്വീകരിച്ചു.
അതുകൂടാതെ അമ്മയ്ക്ക് അറിയുന്ന ഡയറ്റീഷ്യന്മാരൊക്കെ ഉണ്ടായിരുന്നു. അവര് പറഞ്ഞതിനനുസരിച്ച് ഡയറ്റുകളൊക്കെ നോക്കി. 1500 കലോറിയിൽ നിന്ന് 1000 ആയി, പിന്നെ അത് 500 ആയി. പിന്നീട് മൂന്ന് ദിവസം വാട്ടർ ഡയറ്റ് മാത്രം ചെയ്തിരുന്നു, അതായത് മൂന്ന് ദിവസം വെള്ളവും കാപ്പിയും മാത്രം കുടിച്ചു. എന്നാൽ മൂന്നാം ദിവസം ഞാൻ വീണു.
അപ്പോഴെനിക്ക് മനസിലായി ചുവരുണ്ടെങ്കിലെ ചിത്രം വരയ്ക്കാൻ കഴിയുകയുള്ളു എന്ന്. അതിനു ശേഷം മുന്തിരി ജ്യൂസ്, റോബസ്റ്റ് അങ്ങനെയുള്ള ചില പഴങ്ങൾ മാത്രമാക്കി. ചില ദിവസങ്ങളിൽ ഹക്കീം മസരയിൽ കഴിക്കുന്നത് പോലം കുബ്ബൂസ് വെള്ളത്തിൽ മുക്കിയും കഴിച്ചു. കാരണം, ഹക്കീം അനുഭവിച്ച കാര്യങ്ങളിലൂടെ ഒരു തരിയെങ്കിലും ഞാനും കടന്നു പോയാലെ ഹക്കീമിനെ സ്ക്രീനിൽ അവതരിപ്പിക്കുമ്പോൾ ആ കഥാപാത്രത്തിനോട് ഞാൻ നീതി പുലർത്തുന്നതായി തോന്നുകയുള്ളു എന്ന് തോന്നി.
വീട്ടിൽ വെച്ചാണ് ഡയറ്റ് ഒക്കെ ചെയ്തത്. ഒരോ ദിവസവും ഞാൻ മെലിഞ്ഞു വരുന്നത് കണ്ട് അമ്മ ബ്ലെസി സാറിനെ വിളിച്ചു. 'എന്റെ മകൻ മെലിഞ്ഞു കൊണ്ടിരിക്കുകയാണ്. എന്താണ് ചെയ്യേണ്ടത്? എന്തെങ്കിലും ഒന്ന് കഴിക്കാൻ പറയുമോ?', എന്ന് ചോദിച്ചു. സാധാരണ ഒരു പയ്യൻ മെലിഞ്ഞ് മുടി നീട്ടി താടിയൊക്കെ വളർത്തിക്കഴിഞ്ഞാൽ സ്വാഭാവികമായും നാട്ടുകാർ പറയുക കഞ്ചാവാണ് എന്നാണ്. അങ്ങനെ പറഞ്ഞു നടന്നിട്ടുമുണ്ട്. എന്നെ ഒരു വട്ടം പൊലീസ് പിടിച്ചു.
ഹെൽമെറ്റില്ലാതെ പോയതിനാണ് പിടിച്ചെതെങ്കിലും, എന്റെ കയ്യിൽ എന്താണുള്ളത് എന്ന് ചോദിച്ച് എന്നെ പരിശോധിക്കുകയൊക്കെ ചെയ്തിരുന്നു. പിന്നീട് സിനിമയ്ക്ക് വേണ്ടിയാണ് എന്ന് പറഞ്ഞപ്പോളാണ് അവർ ഓകെയായത്. ബ്ലെസി എന്ന ഫിലിം മേക്കറുടെ വിശ്വാസത്തിലാണ് ഞാൻ ഇത്രയും നാളുകൾ പിടിച്ച് നിന്നത്. നമ്മൾ ആത്മാർത്ഥമായി എന്ത് ആഗ്രഹിച്ചാലും അതിന്റെ റിസൾട്ട് എന്നാണെങ്കിലും നമുക്ക് കിട്ടുമല്ലോ.