വമ്പൻ താരങ്ങളില്ലാതെ യൂത്തിന്റെ കഥ പറഞ്ഞുകൊണ്ട് തിയേറ്ററിൽ വിജയക്കൊടി പാറിച്ച ചിത്രമാണ് പ്രേമലു. ആദ്യ ദിനത്തിൽ വെറും 90 ലക്ഷം രൂപ മാത്രം കളക്ട് ചെയ്ത സിനിമ പിന്നീട് മൗത്ത് പബ്ലിസിറ്റിയിലൂടെ വലിയ വിജയം നേടുകയും തെലുങ്ക്, തമിഴ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുകയുമുണ്ടായി. റോമാന്റിക്- കോമഡി ജോണറിൽ കഥ പറഞ്ഞ സിനിമ ഇപ്പോൾ തിയേറ്ററിൽ 50 ദിവസനാണ് പിന്നിട്ടിരിക്കുകയാണ്.
പ്രേമലുവിന്റെ 50-ാം ദിവസത്തിന്റെ സന്തോഷം നിർമ്മാതാക്കൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. നിലവിൽ 381 തിയേറ്ററുകളിലാണ് സിനിമ പ്രദർശനം തുടരുന്നത്. അൻപത് ദിവസങ്ങൾ പിന്നിടുമ്പോൾ 130 കോടിയോളം നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു.
മൂന്ന് കോടി ബജറ്റിലൊരുങ്ങിയ ചിത്രത്തിന് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും മികച്ച അംഗീകാരമാണിത്. നസ്ലിനും മമിതയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും ശ്രദ്ധ നേടിയ താരങ്ങളാണ്. തമാശ കൊണ്ട് നിറഞ്ഞ സിനിമ പ്രണയത്തിനും പ്രാധാന്യം നൽകുന്നു. സിനിമയുടെ തെലുങ്ക് ഡബ്ബിംഗ് അവകാശം പ്രശസ്ത സംവിധായകൻ എസ് എസ് രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയക്കാണ്.