മലയാള സിനിമ 2024-ന് സമ്മാനിച്ച ഏറ്റവും നല്ല മാസങ്ങൾ എന്ന് വിശേഷിപ്പിക്കാം ഫെബ്രുവരി മാർച്ച് മാസങ്ങളെ. എന്നാൽ സിനിമയുടെ വിജയത്തിനൊപ്പം സോഷ്യൽ മീഡിയയിൽ ഒരു ട്രെൻഡ് പടർന്ന് പിടിക്കുകയാണ്. വിജയ സിനിമകളുടെ പേരിലുള്ള മാർക്കെറ്റിങ്. ഫുഡ് ബിസിനസ് മുതൽ കേരള പൊലീസ് വരെ അവരുടെ പരസ്യവും മുന്നറിയിപ്പും ആകർഷകമാക്കാനായി സിനിമകളുടെ ക്യാപ്ഷനാണ് തിരഞ്ഞെടുക്കുന്നത്. അതിൽ ഭ്രമയുഗവും പ്രേമലുവും മഞ്ഞുമ്മൽ ബോയ്സും ഇടം നേടിയിരുന്നു. കഴിഞ്ഞ ദിവസം 'ആടുജീവിതം' കൂടി റിലീസിനെത്തിയതോടെ ഈ ട്രെൻഡ് തുടരുകയാണ്.
ആടുജീവിതത്തിന്റെ പോസ്റ്ററിന്റെ പശ്ചാത്തലത്തിൽ മിൽമ - ചൂട് ജീവിതം, ബർഗർ ലോഞ്ച് - ബർഗർ ജീവിതം, അച്ചാർ പരസ്യത്തിന് അച്ചാർ ജീവിതം, ടിഎംടി കമ്പികളുടെ പരസ്യത്തിന് ആടാത്ത ജീവിതം, കാർ വാഷിന്റെ പരസ്യത്തിന് കാർ ജീവിതം എന്നിങ്ങനെ പോകുന്നു പരസ്യങ്ങളുടെ നീണ്ട നിര. മത്രമല്ല നിങ്ങൾ എവിടെയെങ്കിലും ഒറ്റപ്പെട്ടു പോയാൽ വിളിക്കാം എന്ന അറിയിപ്പുമായി കേരള പൊലീസ് പങ്കുവെച്ചിരിക്കുന്നത് ആടുജീവിതം പോസറ്ററിലെ നജീബ് ഒറ്റയ്ക്ക് നടക്കുന്ന ചിത്രമാണ്.
ഇത് കൂടാതെ ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല എന്ന പറഞ്ഞ് കൊണ്ട് ആടുജീവിത്തിന്റെ ഇംഗ്ലീഷ് ടൈറ്റിലായ ഗോട്ട് ലൈഫ് (The Goat Life) ഗോ ടു ലൈഫ് (Go To Life) എന്നും പുന സൃഷ്ടിച്ചിട്ടുണ്ട്. ഭ്രമയുഗം, പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് സിനിമകൾ റിലീസ് ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് സിനിമകളുടെ പേരിൽ പരസ്യമിറങ്ങിയതെങ്കിൽ ആടുജീവിതം റിലീസ് ചെയ്ത അന്ന് തന്നെ ഇത്തരം പരസ്യങ്ങളും സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുകയാണ്. അതേസമയം ഗംഭീര തുടക്കം കുറിച്ചുകൊണ്ട് ആടുജീവിതം രണ്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. റിലീസ് ദിനത്തിൽ ആഗോള തലത്തിൽ 16.7 കോടിയാണ് ചിത്രം നേടിയിരുക്കുന്നത്.
'പ്രേമലു'വിന്റെ 50-ാം ദിവസം; തിയേറ്റർ വിടാതെ സച്ചിനും റീനുവും കൂട്ടുകാരും