ഏറ്റവും വേഗത്തിൽ 50 കോടി നേടിയ ചിത്രങ്ങളിൽ ഇനി ഒന്നാം സ്ഥാനക്കാരൻ 'ആടുജീവിതം'. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം 'ലൂസിഫറിന്റെ' റെക്കോർഡാണ് ഇതോടെ പൃഥ്വിയുടെ തന്നെ ആടുജീവിതം മറികടന്നിരിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. മലയാള സിനിമയുടെ സുവർണ നേട്ടത്തിലേക്ക് കടക്കുന്ന ആടുജീവിതിത്തിന് ലോകമെമ്പാട് നിന്നും അഭിനന്ദന പ്രവാഹമാണ് കഴിഞ്ഞ രണ്ട് ദിവസമായി വന്നുകൊണ്ടിരിക്കുന്നത്.
ആഗോള തലത്തിൽ മാർച്ച് 28-ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ഓപ്പണിങ് കളക്ഷൻ മാത്രം 16.5 കോടിയായിരുന്നു. ആടുജീവിതത്തെ പ്രകീർത്തിച്ച് സിനിമ-സാംസ്കാരിക മേഖലയിൽ നിന്നും നിരവധി പേരാണ് അഭിനന്ദനങ്ങളറിയിക്കുന്നത്. കൂടാതെ സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരും പൃഥ്വിരാജിനും ബ്ലെസിക്കും ബെന്യാമിനും നജീബിനും സിനിമയിലെ മറ്റ് താരങ്ങൾക്കും ഹൃദയത്തിൽ തൊട്ട നന്ദി അറിയിക്കുകയാണ്.
#Aadujeevitham smashes a 5-year-old record as Mollywood's fastest to reach 50 crore worldwide, surpassing the milestone set by #Lucifer🐐🔥 pic.twitter.com/iCiUDd4eqK
— MalayalamReview (@MalayalamReview) March 31, 2024
അതേസമയം ആടുജീവിത്തതിന് ബഹ്റൈനിൽ പ്രദർശനാനുമതി ലഭിച്ചിരിക്കുകയാണ്. ഏപ്രിൽ മൂന്ന് മുതലാണ് സിനിമ ബഹ്റൈനിൽ പ്രദർശിപ്പിക്കുക. നേരത്തെ ജിസിസി രാജ്യങ്ങളിൽ യുഎഇയിൽ മാത്രമായിരുന്നു സിനിമയ്ക്ക് പ്രദർശനാനുമതി ലഭിച്ചിരുന്നത്. ആടുജീവിതം ബഹ്റൈനിലെ തിയേറ്ററുകളിലുമെത്തുന്നു എന്ന വാർത്തയെ പ്രേക്ഷകർ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. ആടുജീവിതത്തിന്റെ ആദ്യ ഷോയ്ക്ക് എല്ലാ തിയേറ്ററുകളിലും വലിയ തോതിൽ ഓൺലൈൻ ബുക്കിങ് ലഭിച്ചിട്ടുണ്ട്.
കൂടാതെ ഒമാൻ, ഖത്തർ എന്നിവിടങ്ങളിലെ സെൻസറിങ് മാർച്ച് 31 ന് നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മലയാള സിനിമയുടെ കളക്ഷനിൽ വലിയ പങ്ക് ജിസിസി രാജ്യങ്ങൾ വഹിക്കുന്നുണ്ട്. കൂടുതൽ ജിസിസി രാജ്യങ്ങളിൽ പ്രദർശനം തുടങ്ങുന്നതോടെ സിനിമയുടെ കളക്ഷനിലും അത് ഗുണം ചെയ്യുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.
ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയിൽ സൗദി അറേബ്യയിലെ ഇന്ത്യൻ പ്രവാസി തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. 160ന് മുകളില് ദിവസങ്ങളാണ് ആടുജീവിതത്തിന്റെ ചിത്രീകരണത്തിന് വേണ്ടി വന്നത്. എആർ റഹ്മാൻ സംഗീതം ഒരുക്കിയ സിനിമയുടെ ശബ്ദമിശ്രണം റസൂൽ പൂക്കുട്ടിയാണ് നിർവഹിച്ചിരിക്കുന്നത്.
വിഷ്വൽ റൊമാൻസിന്റെ ബാനറില് എത്തുന്ന ചിത്രത്തില് ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുനിൽ കെ എസ് ആണ് ഛായാഗ്രഹണം, എഡിറ്റിങ് ശ്രീകർ പ്രസാദ്.
'ചില്ലറക്കാരനല്ല നജീബിന്റെ രക്ഷകൻ'; റിപ്പോർട്ടർ ടി വി യുടെ വീഡിയോ പങ്കുവെച്ച് ജിമ്മി ജീന് ലൂയിസ്