വമ്പൻ താരങ്ങളില്ലാതെ യൂത്തിന്റെ കഥ പറഞ്ഞുകൊണ്ട് തിയേറ്ററിൽ വിജയക്കൊടി പാറിച്ച ചിത്രമാണ് പ്രേമലു. ആദ്യ ദിനത്തിൽ വെറും 90 ലക്ഷം രൂപ മാത്രം കളക്ട് ചെയ്ത സിനിമ പിന്നീട് മൗത്ത് പബ്ലിസിറ്റിയിലൂടെ വലിയ വിജയം നേടുകയും തെലുങ്ക്, തമിഴ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുകയുമുണ്ടായി. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസ് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ഈ മാസം 12 മുതൽ ഡിസ്നി ഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ സ്ട്രീമിങ് ആരംഭിക്കുക.
കഴിഞ്ഞ ദിവസമായിരുന്നു സിനിമ തിയേറ്ററുകളിൽ 50 ദിവസങ്ങൾ പിന്നിട്ടത്. നിലവിൽ 381 തിയേറ്ററുകളിലാണ് സിനിമ പ്രദർശനം തുടരുന്നത്. അൻപത് ദിവസങ്ങൾ പിന്നിടുമ്പോൾ 130 കോടിയോളം നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു.
തമിഴ്നാട്ടിൽ നിന്ന് മാത്രം സിനിമ 10 കോടിയിലധികം രൂപ കളക്ട് ചെയ്തു കഴിഞ്ഞു. 17 ദിവസങ്ങൾ കൊണ്ടാണ് സിനിമ 10.1 കോടി നേട്ടം കൈവരിച്ചിരിക്കുന്നത്. ഡിഎംകെ നേതാവും അഭിനേതാവും നിര്‍മ്മാതാവുമായ ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് മൂവീസാണ് പ്രേമലുവിന്റെ തമിഴ് തിയേറ്ററിക്കല്‍ റിലീസ് റൈറ്റ്സ് സ്വന്തമാക്കിയത്. റെഡ് ജയന്റ് മൂവീസ് ഇതാദ്യമായാണ് ഒരു മലയാള ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ വിതരണം ഏറ്റെടുക്കുന്നത്.
നേരത്തെ തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്നും ഏറ്റവും അധികം കളക്ഷൻ നേടുന്ന മലയാളം സിനിമ എന്ന റെക്കോർഡ് പ്രേമലു നേടിയിരുന്നു. തെലുങ്കിൽ ഹിറ്റായിരുന്ന പുലിമുരുകനെ പിന്നിലാക്കിയാണ് സിനിമ തെലുങ്ക് സംസ്ഥാനങ്ങളിലെ ഒന്നാമനായത്. ബാഹുബലി, ആര്‍ആര്‍ആര്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന് എസ് എസ് രാജമൗലിയുടെ മകന് എസ് എസ് കാര്‍ത്തികേയയുടെ ഉടമസ്ഥതയിലുള്ള ഷോയിംഗ് ബിസിനസ് എന്ന വിതരണ കമ്പനിയാണ് പ്രേമലുവിന്റെ തെലുങ്ക് റൈറ്റ്സ് സ്വന്തമാക്കിയിരുന്നത്.
മരുഭൂമിയിൽ അയാൾ ലൈംഗികദാരിദ്ര്യം അനുഭവിച്ചിരുന്നെന്ന് പറയാന്‍ എന്തിനാണ് ഒരു എഴുത്തുകാരൻ!മൂന്ന് കോടി ബജറ്റിലൊരുങ്ങിയ ചിത്രത്തിന് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും മികച്ച അംഗീകാരമാണിത്. നസ്ലിനും മമിതയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും ശ്രദ്ധ നേടിയ താരങ്ങളാണ്. തമാശ കൊണ്ട് നിറഞ്ഞ സിനിമ പ്രണയത്തിനും പ്രാധാന്യം നൽകുന്നു.