ആടുജീവിതം സിനിമയുടെ റിലീസിന് പിന്നാലെ പ്രശംസകളേറെ വരുന്നതിനൊപ്പം വിവാദങ്ങളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷമാവുകയും ചിലത് കത്തി പടരുകയും ചെയ്തിട്ടുണ്ട്. അതിലൊന്നായിരുന്നു ബെന്യാമിൻ ഒരഭിമുഖത്തിൽ സിനിമയിലെ ചില ഷോട്ടുകളുടെ കാര്യം പറഞ്ഞത്. സിനിമയിൽ നജീബിന്റെ കഥാപാത്രവും ആടുമായുള്ള സീനുകൾ ചിത്രീകരിച്ചിരുന്നുവെന്നും എന്നാൽ അത് പിന്നീട് മാറ്റുകയായിരുന്നുവെന്നുമാണ് ബെന്യാമിൻ പറഞ്ഞത്. എന്നാൽ സംവിധായകൻ ബ്ലെസി ഇത് നിഷേധിച്ചിരുന്നു.
രണ്ട് പേരുടെയും വാക്കുകളിലെ വൈരുദ്ധ്യം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. എന്നാൽ അത് തങ്ങൾ തമ്മിലുണ്ടായ ആശയവിനിമയത്തിലെ പിശകാണെന്നും താൻ തെറ്റിധരിച്ചതാണെന്നുമാണ് ബെന്യാമിൻ പറയുന്നത്. സിനമയക്ക് ആദ്യം എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. അതിന് കാരണം ആടുമായുള്ള സീൻ എടുത്തതുകൊണ്ടാകാമെന്നാണ് താൻ കരുതിയത് എന്നും എ സർട്ടിഫിക്കറ്റ് മാറിയപ്പോൾ ആ സീൻ എടുത്തു കളഞ്ഞു എന്ന് വിചാരിക്കുകയായിരുന്നുവെന്നും ബെന്യാമിൻ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വിവാദങ്ങളെ ഞങ്ങൾ ഗൗരവമായി എടുക്കുന്നില്ല. അത് ഞങ്ങൾ തമ്മിലുള്ള ഒരു കമ്യൂണിക്കേഷൻ ഗ്യാപിൽ സംഭവിച്ചതാണ്. ഈ സിനിമ ഷൂട്ട് ചെയ്ത് തീർത്തിട്ട് തന്നെ ഏതാണ്ട് ഒന്നൊന്നര വർഷമായി. സിനിമയുടെ രണ്ടാം ഘട്ട ഷൂട്ടിന് മുൻപ് ഞാനും പൃഥ്വിരാജും ബ്ലെസിയും ക്രൂവുമൊക്കെയായി വലിയ ചർച്ചകൾ ഉണ്ടായിരുന്നു. ഒരോ സീനുകളെ കുറിച്ചും ഞങ്ങൾ സംസാരിച്ചിരുന്നു. ആടുകളുമായി ബന്ധപ്പെട്ട എല്ലാ സീനുകളും എടുക്കണമെന്നാണ് ഞങ്ങൾ വിചാരിച്ചിരുന്നത്.
എന്നാൽ എടുക്കാൻ കഴിഞ്ഞിരുന്നില്ല. പക്ഷെ ഞാൻ കരുതിയിരുന്നത് അത് എടുത്തിട്ടുണ്ട് എന്നാണ്. പിന്നെ ഞാൻ അറിയുന്നത് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആയി പോയി എന്നതാണ്. അപ്പോൾ ഞാൻ വിചാരിച്ചത് ആ സീൻ ഉള്ളതുകൊണ്ടാകാം എ സർട്ടിഫിക്കേഷൻ ലഭിച്ചത് എന്നാണ്. എന്നാൽ യഥാർത്ഥത്തിൽ പൃഥ്വിരാജിന്റെ മറ്റൊരു സീൻ ഉള്ളതുകൊണ്ടാണ് എ സർട്ടിഫിക്കറ്റ് ലഭിച്ചത്. പിന്നീട് അവരത് മാറ്റുകയും ചെയ്തു , ബെന്യാമിൻ പറഞ്ഞു.
റിവേഴ്സ് കമ്മിറ്റി ബോംബെയിൽ പൊയപ്പോൾ സെൻട്രൽ കമ്മിറ്റിയാണ് ചിത്രത്തിന് നമുക്ക് യു/എ സർട്ടിഫിക്കറ്റ് നൽകുന്നതെന്ന് ഇതിന് തുടർച്ചായിയ ബ്ലെസി വിശദീകരിച്ചു. സിനിമയുടെ പിന്നിലെ അധ്വാനം ഇത്തരം വിവാദങ്ങളിലൂടെ നഷ്ടപ്പെടേണ്ടതല്ലെന്നും അദ്ദേഹം പറഞ്ഞു.
'പറയുന്നവരെ സംബന്ധിച്ചിടത്തോളം അവർക്ക് അത് ചെറിയ വ്യായാമം മാത്രമാണ്. എന്നാൽ അത് ചെയ്യുന്നവരെ സംബന്ധിച്ച്, സിനിമയ്ക്ക് ഇങ്ങനെ ഒരു സ്വീകാര്യത ഇല്ലായിരുന്നുവെങ്കിൽ എനിക്ക് എന്തായിരിക്കും സംഭവിക്കുക, അത് ആരും ചിന്തിക്കുന്നില്ല. എല്ലാവരും നജീബിനെ കുറിച്ചും മറ്റെല്ലാവരെയും കുറിച്ചും പറയുന്നുണ്ട്. ഇങ്ങനെ ഒരു മണ്ടത്തരം എടുത്ത ഒരു വിഡ്ഢി എന്ന രീതിയിൽ എല്ലാവരും എന്നെ എങ്ങനെയൊക്കെ ചിത്രീകരിച്ചേനെ, ഞാൻ ഉണ്ടാകുമായിരുന്നോ,അതൊന്നും ആരും ചിന്തിക്കുകയും പറയുകയും ചെയ്യുന്നി'ല്ലെന്നും ബ്ലെസി വ്യക്തമാക്കി.
16 വർഷം ബ്ലെസി സാർ എങ്ങനെ അതിജീവിച്ചു എന്ന ചോദ്യം കൂടിയുണ്ട്. അദ്ദേഹത്തിന് എന്തുകൊടുത്തു എന്ന് എന്തുകൊണ്ടാണ് ആരും ചോദിക്കാത്തത്. ഞാൻ മറ്റ് നോവലുകൾ എഴുതി, പൃഥ്വിരാജ് സിനിമകളിൽ അഭിനയിച്ചു, ക്രൂവിൽ മറ്റുള്ളവരെല്ലാം അവരവരുടെ ജോലികൾ ചെയ്തു. പക്ഷെ അദ്ദേഹം മാത്രം ഈ 16 വർഷവും ഇതിൽ മാത്രം മുഴുകിയിരിക്കുകയായിരുന്നു, എത്ര പണം കൊടുത്താൽ അതിനെ മറികടക്കാനാകുമെന്ന് ബെന്യാമിൻ ചോദിച്ചു.