'അബദ്ധങ്ങളുടെ അയ്യര് കളി'; ഷേക്സ്പീരിയൻ നാടകവുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഡ്രാമ

'ഒരു തട്ടുപൊളിപ്പൻ തമാശക്കഥയായി അവതരിപ്പിക്കപ്പെടുന്ന ഷേക്സ്പിയറിന്റെ നാടകത്തിലെ സങ്കടകരമായ അവസ്ഥകളെ ഇന്നത്തെ ലോക സാഹചര്യത്തിൽ അവതരിപ്പിക്കുകയാണ് 'അബദ്ധങ്ങളുടെ അയ്യരുകളി'യിലൂടെ'

dot image

തൃശൂർ: വില്യം ഷേക്സ്പിയറിന്റെ ദ കോമഡി ഓഫ് ഇറേഴ്സ് (The Comedy of Errors) എന്ന നാടകത്തിന്റെ മലയാള ആവിഷ്കാരമായ 'അബദ്ധങ്ങളുടെ അയ്യരുകളി' കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സ് വിഭാഗം ഏപ്രിൽ ഒൻപത് മുതൽ 12 വരെ നാല് ഷോകളായി അവതരിപ്പിക്കുന്നു.

സ്കൂൾ ഓഫ് ഡ്രാമ വകുപ്പധ്യക്ഷൻ ശ്രീജിത്ത് രമണൻ രൂപവിധാനവും സംവിധാനവും നിർവഹിച്ച് ഡൽഹി സെയിന്റ് സ്റ്റീഫൻസ് കോളേജ് ഇംഗ്ലീഷ് അധ്യാപകൻ എൻ പി ആഷ്ലി രംഗപാഠം തയാറാക്കി, ബാച്ചലർ ഓഫ് തീയേറ്റർ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്നു. ഇന്നത്തെ പൗരത്വം, ദേശീയ സ്വത്വം, വിഭജനം തുടങ്ങിയ ചരിത്രത്തിലെ അപകടങ്ങൾ, അഭയാർത്ഥികൾ എന്നീ പ്രശ്നങ്ങളെയാണ് തമാശ നാടകത്തിന്റെ പുനരാഖ്യാനത്തിലൂടെ അവതരിപ്പിക്കുന്നത്. അറബിക്കഥയുടെ പശ്ചാത്തലത്തിലാണ് നാടകം സെറ്റു ചെയ്തിരിക്കുന്നത്.

മലയാള സിനിമയും നാടകവേദിയും പല തരം സാമൂഹിക-സാംസ്കാരിക സാഹചര്യങ്ങളെ അവതരിപ്പിക്കാൻ വില്യം ഷേക്സ്പിയറുടെ രചനകളെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ആ ധാരയിൽ വരുന്ന ഈ നാടകം പല കലാ-സാങ്കേതിക സങ്കേതങ്ങളുടെ സങ്കലനമായിരിക്കുമെന്നും ഇതിലൂടെ വിദ്യാർത്ഥികളുടെ പരിശീലനത്തിന് നാടകാവതരണപ്രക്രിയ ഉപയോഗപ്പെടുത്തുകയാണെന്നും സംവിധായകൻ ശ്രീജിത്ത് രമണൻ പറഞ്ഞു. 'ഒരു തട്ടുപൊളിപ്പൻ തമാശക്കഥയായി അവതരിപ്പിക്കപ്പെടുന്ന ഷേക്സ്പിയറിന്റെ നാടകത്തിലെ സങ്കടകരമായ അവസ്ഥകളെ ഇന്നത്തെ ലോക സാഹചര്യത്തിൽ അവതരിപ്പിക്കുകയാണ് 'അബദ്ധങ്ങളുടെ അയ്യരുകളി'യിലൂടെ എന്ന് ശ്രീജിത്ത് കൂട്ടിച്ചേർത്തു.

അവിശ്വസനീയമായ ഒരു കഥയാണ് ആധാര കൃതിയിലേത് എന്നതിനാൽ നമ്മുടെ കഥാപാരമ്പര്യത്തിലെ ഭാവനാസമ്പുഷ്ടമായ ധാരയായ അറബിക്കഥയുടെ അന്തരീക്ഷം ഉപയോഗപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു എന്ന് പുനരാഖ്യാനം തയാറാക്കിയ എൻ പി ആഷ്ലി പറഞ്ഞു. പത്താം നൂറ്റാണ്ടിലെ അറബ്- പേർഷ്യൻ ചരിത്രത്തിലെ സാഹചര്യത്തിൽ പഠനം നടത്തി അന്നത്തെ അന്തരീക്ഷത്തിൽ സംഭവ്യമായ ഒരു സങ്കൽപ്പകഥ നിർമ്മിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. കച്ചവടത്തിലൂടെയും പ്രവാസത്തിലൂടെയും നൂറ്റാണ്ടുകളുടെ ബന്ധമുണ്ടെങ്കിലും മലയാള നാടകവേദി ഈ നാടുകളിൽ നിന്നുള്ള കഥകളെ അവതരിപ്പിക്കാൻ ശ്രമിച്ചു കാണാറില്ല, അദ്ദേഹം വ്യക്തമാക്കി. എല്ലാ ദിവസവും വൈകീട്ട് ഏഴ് മണിക്ക് അരണാട്ടുകര ക്യാമ്പസിൽ പ്രൊഫ രാമാനുജം സ്റ്റുഡിയോ തിയേറ്ററിൽ ആണ് നാടകം അരങ്ങേറുക.

അണിയറപ്രവർത്തകർ; മെയ്ക്ക് അപ്പ്: പട്ടണം റഷീദ്, വെളിച്ചം: ഷൈമോൻ ചേലാട്, വസ്ത്രാലങ്കാരം: അനിത ശ്രീജിത്ത്, പ്രൊഡക്ഷൻ മാനേജർ: നിധിൻ വലിയാത്ര, മാസ്ക് & ക്ലൗണിങ് : രാഹുൽ ശ്രീനിവാസൻ , നിഴൽ പാവ : രാജീവ് പുലവർ , പ്രൊജക്ഷൻ മാപ്പിങ് : അനൂപ് K V. അഭിനയിക്കുന്നവർ: അനഘ രഘു, അഞ്ജലി രാജ്, അരുൺ എ കെ, ബ്രഹ്മദത്ത സുകുനാഥൻ, ഗീതിയ ശ്രീനിവാസൻ, ഗൗരി മനോഹരി എസ്, ഗ്രാംഷി പ്രതാപൻ, ജമാൽ മാലിക്, ജിഷ്ണു വേദൻ, രാഹുൽ പ്രസാദ്, ശ്രീനന്ദ സുരേഷ്, ശ്രെയസ് വാസുദേവൻ, സ്റ്റീവ് ആന്റണി, വൈഷ്ണ ജിതേഷ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us