നജീബിൻ്റെ മരുഭൂമിയിലൂടെയുള്ള വെല്ലുവിളി നിറഞ്ഞ യാത്രയിൽ കരുത്തായ ഇബ്രാഹിം ഖാദിരിയെ മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ആടുജീവിതത്തിലെ ആ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ജിമ്മി ജീൻ ലൂയിസിനെ പരിചയപ്പെടുത്തുകയാണ് ആടുജീവിതത്തിന്റെ അണിയറപ്രവർത്തകർ. ആദ്യമായി ഒരു ഇന്ത്യൻ നിർമ്മാണത്തിൽ പങ്കാളിയായതിനെക്കുറിച്ചും ചിത്രീകരണ വേളയിൽ നേരിട്ട വെല്ലുവിളികളെ കുറിച്ചും ജിമ്മി സംസാരിക്കുന്ന വീഡിയോ ആണ് നിർമ്മാതാക്കളിൽ ഒരാളായ വിഷ്വൽ റൊമാൻസിന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചിരിക്കുന്നത്.
ദി ബോൺ ഐഡൻ്റിറ്റി, ടിയേർസ് ഓഫ് ദി സൺ, ഹീറോസ് തുടങ്ങിയ ഹോളിവുഡ് സിനിമകളിലൂടെ ശ്രദ്ധേയനായ ജിമ്മി നിരവധി ഭാഷകളിലും രാജ്യങ്ങളിലും അനുഭവിച്ചിട്ടുണ്ടെങ്കിലും ഇതുപോലൊരു സിനിമാറ്റിക് ഷൂട്ടിങ് അനുഭവം ആദ്യമാണെന്നാണ് വീഡിയോയിലൂടെ പറയുന്നത്. ഇബ്രാഹിം ഖാദിരി എന്ന കഥാപാത്രത്തെ, അദ്ദേഹം നൽകുന്ന സന്ദേശങ്ങൾ, നിഗൂഢത തന്നെ ആകർഷിച്ചിരുന്നു എന്ന് ജിമ്മി വ്യക്തമാക്കി.
അറബിയിലുള്ള സംഭാഷണം വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. മാത്രമല്ല, മരുഭൂമിയിലെ കൊടുങ്കാറ്റും ചൂടും പാമ്പ് പോലുള്ള ജീവികളും ഇതെല്ലാത്തിനുമപ്പുറം ഒരു സിനിമാറ്റിക് ആണെങ്കിലും ആക്ഷന്റെ പ്രാധാന്യം നൽകുന്നതിനാൽ അതും വെല്ലുവിളി നിറഞ്ഞതായിരുന്നു. ലോസ് ഏഞ്ചൽസ് ആണ് എന്റെ ബെയ്സ്, എന്നാൽ ഇറ്റലി, സ്പെയ്ൻ, ആഫ്രിക്ക, ഗാന, നൈജീരിയ അങ്ങനെ തുടങ്ങി കരീബിയനിൽ പോലും അഭിനയിച്ചിട്ടുണ്ട്. പക്ഷെ ഒരിക്കൽ പോലും ഒരു ഇന്ത്യൻ പ്രൊഡക്ഷന്റെ ഭാഗമാകുമെന്ന് ഞാൻ കരുതിയിരുന്നില്ല, ജിമ്മി പറയുന്നു.
നിരവധി പേരാണ് ഇബ്രാഹിം ഖാദിരിയായി മികച്ച പ്രകടനം കാഴ്ച്ചവെച്ച ജിമ്മിക്ക് അഭിനന്ദനങ്ങളറിയിക്കുന്നത്. ഇബ്രാഹിം ഖാദിരി ഒരു വികാരമാണെന്നും മാലാഖയാണെന്നുമാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. മാത്രമല്ല, ജിമ്മി ജീനിന് മലയാളി പ്രേക്ഷകർ ഏറ്റെടുത്തുകൊണ്ട് നൽകിയിരിക്കുന്ന പേര് ജിമ്മിച്ചായൻ എന്നാണ്.