ബോളിവുഡിൽ ഏറെക്കാലമായി വിവാദമായിക്കൊണ്ടിരിക്കുന്ന വിഷയമാണ് നെപ്പോട്ടിസം. എന്നാൽ ബോളിവുഡ് വിട്ട് സൗത്ത് ഇന്ത്യൻ സിനിമ ഇൻഡസ്ട്രിയിൽ അത്ര കാര്യമായി ഇതിനെ കുറിച്ച് സംസാരിച്ചിട്ടില്ല, പ്രത്യേകിച്ചും ദക്ഷിണേന്ത്യൻ താരങ്ങളിൽ പലരും സിനിമ പാരമ്പര്യം പിന്തുടരുന്നവരായിട്ടും. എന്നാൽ തങ്ങൾ 'നെപ്പോ കിഡ്സ്' ആണ് എന്ന് തുറുന്ന് സമ്മതിക്കുകയാണ് പൃഥ്വിരാജ്. മാഷബിൾ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താനും ദുൽഖറുമൊക്കെ നെപ്പോ കിഡ്സ് ആണ് എന്നും അതിന്റെ കാരണവും പൃഥ്വി തുറന്ന് പറഞ്ഞത്.
സിനിമയിലേക്ക് വന്നതിനെ കുറിച്ചും ദുൽഖർ സൽമാനെ കുറിച്ചും സംസാരിച്ചപ്പോഴായിരുന്നു നടൻ പ്രതികരിച്ചത്. 'തങ്ങൾ വളരേയേറെ പരിചയമുള്ള ആൾക്കാരാണെന്നും അയൽക്കാരാണെന്നും തങ്ങൾ നെപ്പോ കിഡ്സ് ആണെന്നും നടൻ ചിരിച്ചുകൊണ്ട് പറഞ്ഞു. സിനിമയിൽ വന്നതിനെ കുറിച്ച് പൃഥ്വി പറഞ്ഞതിങ്ങനെ 'ഞാൻ എന്നെക്കുറിച്ച് പറയാം, സിനിമ ഇൻഡസ്ട്രിയിലേക്ക് എനിക്ക് വരാൻ വളരെ എളുപ്പമായിരുന്നു എന്നതാണ് വസ്തുത. അത് ഞാൻ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. എൻ്റെ കുടുംബപ്പേര് കൊണ്ട് മാത്രമാണ് എനിക്ക് എൻ്റെ ആദ്യ സിനിമ ലഭിച്ചത്. ഞാൻ ഒരു നല്ല നടനാകുമെന്ന് ആരോ കരുതി, എന്നെ സ്ക്രീൻ ടെസ്റ്റ് പോലും ചെയ്തിട്ടില്ല' പൃഥ്വിരാജ് പറഞ്ഞു.
എന്നാൽ, ഒരിക്കൽ സിനിമയിൽ വന്നാൽ തന്റെ കഴിവ് തെളിയിക്കുന്ന കാര്യത്തിൽ എല്ലാവരും നേരിടേണ്ടത് ഒരേ കാര്യം തന്നെയാണെന്നും പൃഥ്വിരാജ് അഭിപ്രായപ്പെട്ടു. 'എൻ്റെ ആദ്യ സിനിമയ്ക്ക് ഞാൻ കടപ്പെട്ടിരിക്കുന്നത് എൻ്റെ കുടുംബം നൽകിയ പേരിനോടാണ്. പക്ഷേ, എൻ്റെ ആദ്യ സിനിമയോട് മാത്രമേ ഞാൻ കടപ്പെട്ടിട്ടുള്ളൂ. എന്നെക്കാൾ കഴിവുള്ള ആളുകൾ ആ അവസരത്തിനായി കാത്തിരിക്കുകയാണെന്ന് എനിക്കറിയാം,' അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാളത്തിന്റെ പ്രിയ നടൻ സുകുമാരൻ്റെയും മല്ലികയുടെയും മകനാണ് പൃഥ്വിരാജ്. ജ്യേഷ്ഠൻ ഇന്ദ്രജിത്ത്, ജേഷ്ഠൻ്റെ ഭാര്യ പൂർണിമ എന്നിവരും അഭിനേതാക്കളാണ്. കൂട്ടത്തിലെ ഒറ്റപ്പെട്ടയാൾ സുപ്രിയയാണെന്നും പൃഥ്വിരാജ് പറയുന്നു. സുപ്രിയ മാത്രമേ അഭിനേതാവല്ലാത്തതായുള്ളുവെന്നും തമാശ രൂപേണ പൃഥ്വിരാജ് പറഞ്ഞു. അതേസമയം, ദുൽഖർ സൽമാൻ മലയാളത്തിലെ ഇതിഹാസ നടന്റെ മകനാണെന്നു പൃഥ്വിരാജ് കൂട്ടിച്ചേർത്തു.
തിയേറ്ററിലെത്തി വെറും രണ്ടാഴ്ചയ്ക്കുള്ളിൽ ഒടിടിയിൽ; ജി വി പ്രകാശ്-മമിത ചിത്രം സ്ട്രീമിങ് ആരംഭിച്ചു