'മഞ്ഞുമ്മൽ ബോയ്സിന്' പിന്നാലെ കൊടൈക്കനാലും ഗുണ കേവുമൊക്കെ വീണ്ടും സോഷ്യൽ മീഡിയയിൽ സ്ഥാനം പിടിക്കുന്ന കാഴ്ച്ച കുറേ നാളുകളായി കാണുന്നതാണ്. ഇപ്പോഴും ആ ട്രെൻഡിന് കുറവൊന്നും സംഭവിച്ചിട്ടില്ല. ഗുണ കേവ് എന്ന ഡെവിൾസ് കിച്ചൻ കാണാൻ പോകുന്നവരും കൂട്ടുകാരുമൊത്ത് മസനഗുഡി വഴി ഊട്ടി എന്ന ട്രാക്ക് മാറ്റി മഞ്ഞുമ്മൽ വഴി കൊടൈക്കനാലിലേക്ക് പോകുന്നവരും നിരവധിയാണ്. എന്നാൽ എത്ര ശ്രമിച്ചാലും നിഗൂഢതയുടെ മറവിൽ ഒളിച്ചിരിക്കുന്ന ഗുണാ കേവിലേക്ക് ഇറങ്ങിച്ചെന്ന് ആസ്വദിക്കാൻ കഴിയില്ല എന്നതാണ് യാഥാർത്ഥ്യം. അതിന് അവസാനമായി സാധിച്ചത് മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ അണിയറപ്രവർത്തകർക്കും താരങ്ങൾക്കും മാത്രമാണ്.
സൗഹൃദത്തിന്റെയും ചിത്രീകരണത്തിന്റെയും നല്ല അനുഭവങ്ങളാണ് മഞ്ഞുമ്മൽ സിനിമയുടെ അണിയറ പ്രവർത്തകർക്ക് പറയാനുള്ളത്, ഒപ്പം ഗുണ കേവെന്ന ഭീകര ഭംഗിയെ കുറിച്ചും. സിനിമ ഇറങ്ങി മാസങ്ങൾ പിന്നിട്ടിട്ടും ഗുഹയിലെ ഓർമ്മകൾ വീണ്ടും അയവിറക്കുകയാണ് ടീം. സിനിമയുടെ ഛായാഗ്രകൻ ഇംതിയാസ് ഖദീർ കഴിഞ്ഞ ദിവസം പങ്കുവെച്ച ഖാലിദ് റഹ്മാന്റെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
ഗുണ കേവിൽ നിന്നിറങ്ങി വരുന്ന ഖാലിദ് റഹ്മാനോട് എങ്ങനെയുണ്ട് എന്ന് ചോദിക്കുമ്പോൾ 'ഒരു നൂറ് നൂറ്റമ്പത് പേരെ വെച്ച് പാർട്ടി നടത്താനുള്ള സ്ഥലമുണ്ട് അകത്ത്, ഒരു പട്ടിക്കുഞ്ഞുമറിയില്ല' എന്നാണ് ഖാലിദിന്റെ മറുപടി. മഞ്ഞുമ്മൽ താരത്തിന് നന്ദി പറഞ്ഞുകൊണ്ട് മറ്റൊരു വീഡിയോ കൂടി ഇംതിയാസ് പങ്കുവെച്ചിട്ടുണ്ട്.
അതേസമയം, ഫെബ്രുവരി 22ന് റിലീസ് ചെയ്ത മഞ്ഞുമ്മൽ ബോയ്സിന്റെ തെലുങ്ക് ഡബ്ബ്ഡ് വേർഷൻ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുകയാണ്. തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ ഏപ്രിൽ ആറ് മുതൽ പ്രദർശനം ആരംഭിച്ച ആദ്യ ദിനം തന്നെ ബുക്ക് മൈ ഷോയിലൂടെ ഏറ്റവും അധികം ടിക്കറ്റുകൾ വിറ്റുപോയ തെലുങ്ക് ഡബ്ബ് ചെയ്ത മലയാളം ചിത്രം എന്ന റെക്കോർഡ് മഞ്ഞുമ്മൽ ബോയ്സ് സ്വന്തമാക്കി.'ചെറിയ ബഡ്ജറ്റിൽ മികച്ച ക്വാളിറ്റി സിനിമകൾ ഒരുക്കുന്നതിൽ മലയാളം സിനിമയാണ് ഏറ്റവും മികച്ചത്' എന്നാണ് തെലുങ്ക് പ്രേക്ഷകർ ഒരേ സ്വരത്തിൽ പറയുന്നത്.