മലയാള സിനിമകൾ പ്രദർശിപ്പിക്കില്ല; 'ഇപ്പോ എങ്ങനെ ഇരിക്കണ്', പിവിആറിനെ ട്രോളി സോഷ്യൽ മീഡിയ

ആവേശവും ജയ് ഗണേഷും വർഷങ്ങൾക്കു ശേഷവും കാണാൻ പിവിആറിൽ എത്തിയവർ നിരാശരായി മടങ്ങി

dot image

കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ് പിവിആർ ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. വിഷു റിലീസിനെത്തിയ മലയാള സിനിമകൾ തിയേറ്ററുകളിൽ ഹിറ്റടിച്ചതോടെ പിവിആറിന് അടിമുടി ട്രോളുകളാണ് ലഭിക്കുന്നത്.

കേരളത്തിൽ 39 സ്ക്രീനുകൾ ഉള്ള പിവിആറിന് മലയാള സിനിമകൾ പ്രദർശിപ്പിക്കാതെ മറ്റു ഭാഷാ സിനിമകൾ കൊണ്ട് നിലനിൽപ്പ് ഉണ്ടാകുമോ എന്നാണ് ഉയരുന്ന ചോദ്യം. ആവേശവും ജയ് ഗണേഷും വർഷങ്ങൾക്കു ശേഷവും കാണാൻ പിവിആറിൽ എത്തിയവർ നിരാശരായി മടങ്ങിയതായും പലരും എക്സിൽ കുറിച്ചു. ആടുജീവിതം സിനിമയുടെ പ്രദർശനവും പിവിആർ അവസാനിപ്പിച്ചിരുന്നു. കേരളത്തിൽ പിവിആറിന്റെ അധഃപതനം എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

വിനീതും കൂട്ടുകാരും പൊളി;കോടമ്പാക്കം ഓർമ്മകളിൽ'വർഷങ്ങൾക്കു ശേഷം'മുങ്ങി നിവർന്ന് മലയാള സിനിമ,റിവ്യു

കൊച്ചി ഫോറം മാളിൽ ആരംഭിച്ച പുതിയ പിവിആർ–ഐനോക്സിലും മലയാള ചിത്രങ്ങളുടെ റിലീസില്ല. നിർമാണം പൂർത്തിയാക്കുന്ന മലയാള സിനിമകളുടെ ഡിജിറ്റൽ കണ്ടന്റ് മാസ്റ്ററിങ് ചെയ്ത് തിയേറ്ററുകളിൽ എത്തിച്ചിരുന്നത് യുഎഫ്ഒ, ക്യൂബ് തുടങ്ങിയ കമ്പനികളായിരുന്നു. എന്നാൽ ഇത്തരം കമ്പനികൾ ഉയർന്ന നിരക്ക് ഈടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിർമാതാക്കളുടെ സംഘടന പ്രൊഡ്യൂസേഴ്സ് ഡിജിറ്റൽ കണ്ടന്റ് എന്ന സംവിധാനം വഴി സ്വന്തമായി മാസ്റ്ററിങ് യൂണിറ്റ് ആരംഭിച്ചിരുന്നു.

പുതിയതായി നിര്മിക്കുന്ന തിയേറ്ററുകളിൽ ഈ സംവിധാനം ഉപയോഗിക്കണമെന്നും നിർമാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. തിയേറ്ററുകളിൽ ഡിജിറ്റൽ പ്രിന്റ് എത്തിക്കാൻ തിയേറ്റർ ഉടമകൾ നൽകുന്ന ഫീസിനോടൊപ്പം നിർമാതാക്കളുടെ കയ്യിൽനിന്നും ഡിജിറ്റൽ സർവീസ് പ്രൊവൈഡർമാർ ഫീസ് ഈടാക്കുന്നുണ്ട്. പ്രൊഡ്യൂസേഴ്സ് ഡിജിറ്റൽ കണ്ടന്റ് എന്ന സംവിധാനം വഴി ആറായിരം രൂപയിൽ താഴെ മാത്രം ചെലവിൽ തിയേറ്ററുകളിൽ സിനിമ എത്തിക്കാൻ കഴിയുമെന്നിരിക്കെ, പതിനായിരമോ അതിലേറെയോ ഫീസ് കൊടുത്ത് സിനിമ എത്തിക്കുന്നതിന്റെ ആവശ്യമെന്തെന്നാണ് എന്നാണ് നിര്മാതാക്കളുടെ സംഘടന ചോദിക്കുന്നത്. തർക്കത്തെ തുടർന്നാണ് പിവിആറിന്റെ ഈ നടപടി.

dot image
To advertise here,contact us
dot image