പടം ഇറങ്ങുന്നത് കേരളത്തിലാണെങ്കിലും കഥ നടക്കുന്നത് ഹൈദരാബാദ്, കൊടൈക്കനാൽ, ഗൾഫ്, മദിരാശി, ബംഗളൂരു എന്നിവിടങ്ങളിലാണ്. കേരളം വിട്ടു പോകുന്നവരുടെ എണ്ണം കൂടുന്നതു പോലെ മലയാള സിനിമയും സഞ്ചരിക്കുകയാണ്. ഈ അടുത്ത കാലത്തായുണ്ടാകുന്ന മോളിവുഡ് വിജയ ചിത്രങ്ങളുടെ കഥകളെല്ലാം നടക്കുന്നത് കേരളത്തിന് പുറത്തുള്ള നഗരങ്ങളിലാണ് എന്നത് വൈരുദ്ധ്യമായി തോന്നുമെങ്കിലും രസകരമായൊരു സത്യമാണ് അത്.
വിനോദ യാത്രയ്ക്കും പഠനത്തിനും ജോലിക്കുമായി മലയാളികൾ കൂടുതലും തിരഞ്ഞെടുക്കുന്ന നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള ജീവിതങ്ങളാണ് സിനിമകളായി പുറത്തുവരുന്നത് എന്നതുകൊണ്ടു തന്നെ മലയാളികൾക്ക് മാത്രമല്ല ഇതര ഭാഷാ പ്രേക്ഷകർക്കും ഈ സിനിമകൾ കണക്ട് ചെയ്യാൻ വളരെ അനായാസം സാധിക്കുന്നു എന്നത് മോളിവുഡിന്റെ പ്ലസ് പോയിന്റാണ്.
ആദ്യം ഈ ട്രെൻഡിന്റെ വഴി വെട്ടിയത് 'പ്രേമലു' എന്ന ഫൺ എന്റർടെയ്നറാണ്. ഏറെ കാലമായി ഒരു മുഴു നീള ചിരി പടം കാത്തിരുന്ന മലയാളികളെ ഗിരീഷ് എ ഡിയും പിള്ളേരും കൊണ്ട് പോയത് അങ്ങ് ഹൈദരാബാദിലേക്കായിരുന്നു. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രം താര സമ്പന്നമല്ല. പക്ഷേ തമാശകളുടെ ക്വാളിറ്റിയും രസകരമായ മുഹൂർത്തങ്ങളും പല യങ്സ്റ്റേഴ്സിനും പ്രത്യേകിച്ച് സ്വന്തം നാട്ടിൽ നിന്ന് പുറത്ത് ജോലി ചെയ്യുന്നവർക്ക് കണക്ട് ചെയ്യാൻ കഴിയുന്നതായിരുന്നു. അതാണ് രാജ്യന്തര തലത്തിൽ പ്രേമലു ശ്രദ്ധിക്കപ്പെട്ടത്. ഇത് രാജമൗലി അടക്കമുള്ള പ്രമുഖരുടെ ശ്രദ്ധയും പ്രീതിയും പിടിച്ചുപറ്റി എന്നുമാത്രമല്ല പ്രേമലുവിനെ മറ്റൊരു തലത്തിലേക്ക് ഇതെത്തിച്ചു.
മലയാളത്തിലെ ഏറ്റവും വലിയ കളക്ഷൻ റെക്കോർഡുമായി നിൽക്കുന്ന ചിത്രമാണ് 'മഞ്ഞുമ്മൽ ബോയ്സ്'. ബോക്സ് ഓഫീസിൽ 200 കോടി ക്ലബ്ബും താണ്ടി എത്തിയത് തമിഴ്നാട്ടിൽ നിന്ന് ചിത്രത്തിന് ലഭിച്ച സ്വീകാര്യത കൊണ്ടുകൂടിയാണ്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം സൗഹൃദത്തിനും അതിജീവനത്തിനുമാണ് പ്രധാന്യം നൽകിയത്. ചിത്രത്തിലെ ഗുണ കേവിന്റെ സെറ്റ് കേരളത്തിലിട്ടുകൊണ്ട് കൊടൈക്കനാലിന്റെ പശ്ചാത്തലത്തിലൊരുങ്ങിയ മഞ്ഞുമ്മൽ ബോയ്സ് ചിത്രം തമിഴ് നാട്ടിൽ നിന്ന് മാത്രം റെക്കോർഡ് കളക്ഷനാണ് സ്വന്തമാക്കിയത്.
'ആടുജീവിതം' സൗദി അറേബ്യയയിലെ നജീബിന്റെ ജീവിതം ഒരു സിനിമ പ്രേക്ഷകർക്ക് മുന്നിൽ എത്തിയപ്പോൾ പൃഥ്വിരാജ് എന്ന നടന്റെ കരിയറിൽ ബ്ലെസി പൊൻതൂവൽ കൂടി ചൂടിക്കുകയാണ്, ഒപ്പം സംവിധായകന്റെ മികവും വാനോളം വാഴ്ത്തപ്പെട്ടു. സിനിമയുടെ മുക്കാൽ ഭാഗവും ചിത്രീകരിച്ചത് ചുട്ടു പഴുത്ത മരുഭൂമിയിലായിരുന്നു. ശാന്തമായ മരുഭൂമിയുടെ പല മുഖങ്ങളും ചിത്രത്തിൽ കാണിക്കുമ്പോൾ വീടിനും കുടുംബത്തിനും വേണ്ടി സ്വന്തം ഇഷ്ടങ്ങളെ പെട്ടിക്കുള്ളിലാക്കി വിമാനം കയറിയ പ്രവാസികളെ അറിയാതെ ഓർത്തു പോകും. കേരളത്തിന് സുപരിചിതമായ നജീബിന്റെ ജീവിതം ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ വരെ ചർച്ച ചെയ്യപ്പെട്ടു എന്നത് മലയാള സിനിമയ്ക്ക് അഭിമാനമാവുന്ന നേട്ടമാണ്.
അബ്ദു റഹീമിൻ്റെ ജീവിതത്തിലെ ട്വിസ്റ്റും ടേണും ഉദ്വേഗവും; ഓർമ്മയിൽ പെയ്ത് പെരുമഴക്കാലവും ബ്ലഡ് മണിയുംവിഷു റിലീസായെത്തിയ രണ്ട് ചിത്രങ്ങൾ 'വർഷങ്ങൾക്കു ശേഷവും', 'ആവേശവും' തിയേറ്ററുകളിൽ ഓളം തീർത്ത് മുന്നേറുകയാണ്. 1970കളിൽ രണ്ട് സുഹൃത്തുകൾ സിനിമാ മോഹവുമായി മദിരാശിയിലേക്ക് എത്തിപ്പെടുന്നതും തുടർന്നുള്ള സംഭവങ്ങളിലൂടെ ഇന്നത്തെ സിനിമയുടെ കഥയും പറഞ്ഞ് ചിത്രം സിനിമയ്ക്കുള്ളിലെ സിനിമയാണ് പറയുന്നത്. മദിരാശി പ്രമേയമാക്കി ഒരുപാട് ചിത്രങ്ങൾ മലയാളത്തിൽ വന്നു പോയിട്ടുണ്ടെങ്കിലും മൂന്ന് കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന വിനീത് ശ്രീനിവാസൻ സിനിമ തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്.
അതേസമയം, ഫഹദ് ഫാസിലിന്റെ രംഗണ്ണനെ ആരാധകർ ഏറ്റെടുത്ത മട്ടാണ്. ബംഗളൂരു നഗരത്തിലെ ലോക്കൽ ഗുണ്ടയായി രംഗണ്ണൻ തകർത്താടുമ്പോൾ തിയേറ്ററുകളിൽ ആവേശമാണ്. കേരളാ ബോക്സ് ഓഫീസിൽ നിന്ന് വര്ഷങ്ങള്ക്കു ശേഷം മൂന്ന് കോടിയും ആവേശം 3.50 കോടിയുമാണ് ആദ്യ ദിനം നേടിയത്. ആവേശം 4.92 കോടിയും വർഷങ്ങൾക്കു ശേഷം 6 കോടിയുമാണ് ജിസിസി രാജ്യങ്ങളിൽ നിന്ന് നേടിയിരിക്കുന്നത്. രണ്ട് സിനിമകളും ചേർന്ന് 10 കോടിയിലധികം രൂപ ഇതുവരെ കളക്ട് ചെയ്തു എന്നത് മാത്രമല്ല ജിസിസിയിൽ നിന്ന് ഒരു ദിവസം മോളിവുഡ് നേടുന്ന സർവകാല റെക്കോർഡ് കളക്ഷനുമാണിത്.
മലയാള സിനിമകളെ ഇരു കയ്യും നീട്ടി ഇതരഭാഷക്കാർ സ്വീകരിക്കുന്നതിന് പ്രധാന കാരണം കഥ പറയുന്നതും നടക്കുന്നതും അവർക്ക് സുപരിചിതമായ ഇടങ്ങളിലായതു കൊണ്ടും അവരുടെ ജീവിത സാഹചര്യങ്ങളുമായി കഥയെ ബന്ധിപ്പിക്കാൻ കഴിയുന്നതു കൊണ്ടുമാണ്. മറ്റ് നഗരങ്ങളിലെ കഥകളും ജീവിതവും മലയാള സിനിമയിൽ വന്നു പോയിട്ടുണ്ടെങ്കിലും അടുത്ത കാലത്തൊന്നും ഇത്രയധികം ചിത്രങ്ങൾ ഒരേ കാലയളവിൽ വന്നിട്ടില്ല എന്നതും ഇങ്ങനെ സ്വീകാര്യത ലഭിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.