![search icon](https://www.reporterlive.com/assets/images/icons/search.png)
വിനീത് ശ്രീനിവാസൻ സംവിധാനത്തിലൊരുങ്ങിയ 'വർഷങ്ങൾക്കു ശേഷം' തിയേറ്ററുകളിൽ നിറഞ്ഞോടി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രം 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചത്. ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
മോഹൻലാലും പങ്കാളി സുചിത്രയും അടക്കമുള്ള സിനിമാ മേഖലയിലെ എല്ലാവരും ചിത്രത്തിന് മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയിരുന്നത്. പ്രണവ് മോഹൻലാലിൻറെ സഹോദരി വിസ്മയ മോഹൻലാൽ ചിത്രം രണ്ടു തവണ കണ്ടെന്നും മനോഹരമായ ചിത്രമാണെന്നും പറഞ്ഞിരിക്കുകയാണ്. ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ച് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് മായാ ഇക്കാര്യം പറയുന്നത്.
1970കളിൽ രണ്ട് സുഹൃത്തുകൾ സിനിമാ മോഹവുമായി മദിരാശിയിലേക്ക് എത്തിപ്പെടുന്നതും തുടർന്നുള്ള സംഭവങ്ങളിലൂടെയുമാണ് സിനിമയ്ക്കുള്ളിലെ സിനിമ ചിത്രം പറയുന്നത്. നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 100 കോടി കടക്കാനുള്ള എല്ലാ സാധ്യതകളും വർഷങ്ങൾക്കു ശേഷത്തിനുണ്ട്. റിലീസ് ചെയ്ത ആദ്യ ദിവസം കേരളാ ബോക്സോഫീസിൽ നിന്നും 3 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.