മലയാളത്തിലെ ഒട്ടുമിക്ക മീഡിയകളിലും അഭിമുഖങ്ങൾ നൽകി 'ഇന്റർവ്യൂ സ്റ്റാർ' എന്ന പേര് സ്വന്തമാക്കിയ താരമാണ് ധ്യാൻ ശ്രീനിവാസൻ. ധ്യാനിന്റെ 'വർഷങ്ങൾക്ക് ശേഷം' എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഈയടുത്ത് നിരവധി അഭിമുഖങ്ങൾ നൽകി ശ്രദ്ധ നേടിയത്. എന്നാൽ ഇന്റർവ്യൂ സ്റ്റാർ എന്ന ലേബലിൽ മാത്രം ഒതുങ്ങേണ്ടയാളല്ല ധ്യാനെന്നും വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിൽ അദ്ദേഹം അത് തെളിയിച്ചതാണെന്നും പറയുകയാണ് സംവിധായകൻ ഡിജോ ജോസ് ആന്റണി.
അഭിമുഖങ്ങളിൽ സംസാരിക്കുന്നത് പോലെ തന്നെ എല്ലാ കാര്യങ്ങളും മനസിൽ വെക്കാതെ തുറന്ന് പറയുന്നയാളാണ് ധ്യാനെന്നും എന്നാൽ സ്ക്രീനിൽ ഗംഭീര പെർഫോമറാണെന്നും ഡിജോ പറഞ്ഞു. 'മലയാളി ഫ്രം ഇന്ത്യ' എന്ന ഡിജോ ചിത്രത്തിലെ ധ്യാനിന്റെ കഥാപാത്രത്തെ കുറിച്ചും സംവിധായകൻ സൈന പ്ലസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
'ധ്യാനിനെ ഇപ്പോഴും പറയപ്പെടുന്നത് ഒരു ഇന്റർവ്യു സ്റ്റാർ എന്ന തരത്തിലാണ്. കാരണം ധ്യാൻ വളരെ ജെനുവിനായാണ് എല്ലാം തുറന്നു പറയുന്നത്. പക്ഷെ ഞാൻ അദ്ദേഹത്തിന്റെ കൂടെ പ്രവർത്തിച്ചപ്പോൾ എനിക്ക് മറ്റൊരു അനുഭവമാണുണ്ടായത്. ഒരു ആർട്ടിസ്റ്റിനേക്കാളുപരി സത്യസന്ധനായ ഒരു മനുഷ്യൻ കൂടിയാണദ്ദേഹം. സംസാരിക്കുക മാത്രമല്ല, വളരെ ഹാർഡ് വർക്കിങ്ങാണ്. അദ്ദേഹം അഭിമുഖങ്ങളിലിരുന്ന് സംസാരിക്കുന്നത് കേട്ടാൽ വെറുതേയാണ് എന്ന് തോന്നും. പക്ഷെ അദ്ദേഹം ഇൻ്റർവ്യു സ്റ്റാർ മാത്രമല്ല കിടിലൻ പെർഫോമർ കൂടിയാണ്. അത് 'വർഷങ്ങൾക്ക് ശേഷം' എന്ന സിനിമയിലൂടെ അദ്ദേഹം തെളിയിച്ചു കാണിച്ചു,' ഡിജോ പറഞ്ഞു.
'വിനീത് ശ്രീനിവാസൻ വളരെ നന്നായാണ് അദ്ദേഹത്തെ കഥാപാത്രത്തിനായി ഉപയോഗിച്ച് നൽകിയത്. അതിൽ വളരെ സന്തോഷമുണ്ട്. മലയാളി ഫ്രം ഇന്ത്യയിലെ ധ്യാനിന്റെ കഥാപാത്രം മറ്റൊരാൾക്ക് ചെയ്യാൻ സാധിക്കില്ല. അത്ര രസമായാണ് അദ്ദേഹം സിനിമയിൽ അഭിനയിച്ചിരിക്കുന്നത്. കുറെ ഇന്റർവ്യു ചെയ്യുന്നു, കുറേ സിനിമകളിൽ അഭിനയിച്ചു പോകുന്നു എന്നത് മാത്രമല്ല ധ്യാൻ എന്ന് ഞാൻ വിനീതിനോടും പറഞ്ഞിട്ടുണ്ട്. വരും സിനിമകളിൽ ധ്യാൻ ഇതേ ഫോക്കസിൽ പോയാൽ നന്നായിരിക്കും എന്ന് തോന്നിയിട്ടുണ്ട്. ധ്യാനിനെ സംബന്ധിച്ചിടത്തോളം എല്ലാ ദിവസവും പണിയെടുക്കണമെന്നേയുള്ളൂ,' സംവിധായകൻ കൂട്ടിച്ചേർത്തു.
'എട മോനേ ലൈസൻസൊണ്ടോ ? ഇല്ലെങ്കി എന്റെ ലൈസൻസ് അമ്പാൻ്റടുത്തുണ്ട് അത് വാങ്ങിച്ചോ...'