'ആദിപുരുഷി'ന് ശേഷം മറ്റൊരു രാമായണ കഥയുടെ സിനിമാറ്റിക് വേർഷൻ അണിയറയിലാണ്. ആദിപുരുഷ് നേരിട്ട വിമർശനങ്ങളെയും ട്രോളുകളെയും ബോക്സ് ഓഫീസ് പരാജയങ്ങളെയും മറികടക്കാൻ പുതിയ 'രാമായണ'ത്തിന് കഴിയുമെന്ന പ്രതീക്ഷയും പ്രേക്ഷകർ പ്രകടിപ്പിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തു വന്നതിന് പിന്നാലെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.
സായി പല്ലവി, രൺബീർ കപൂർ എന്നിവരാണ് ചിത്രത്തിൽ രാമനും സീതയുമായി അഭിനയിക്കുന്നത്. രാമന്റെ വേഷത്തിലുള്ള രൺബീർ കപൂറിൻറെയും സീതയുടെ വേഷത്തിലുള്ള സായി പല്ലവിയുടെയും ചിത്രങ്ങൾ വൈറലായതോടെ കോസ്റ്റ്യൂമിനെ കുറിച്ചും രൺബീറിന്റെ ലുക്കിനെ കുറിച്ചുമെല്ലാം വിമർശനങ്ങൾ ഉയരുന്നുണ്ട്.
ക്ലീൻ ഷേവ് ചെയ്ത രൺബീറിന്റെ രാമൻ ലുക്ക് പോര എന്നാണ് അഭിപ്രായം. രാമനെ വരച്ചുവച്ചതുപോലെയുണ്ടെന്നും ഇരുവരുടെയും മേക്കപ്പും വസ്ത്രധാരണവും നന്നായിട്ടില്ല എന്നും കമന്റുകളെത്തുന്നുണ്ട്. രാമനായി രൺബീറിനെ തിരഞ്ഞെടുക്കേണ്ടിയിരുന്നില്ല എന്നും എന്നാൽ സായി പല്ലവി നല്ല ചോയിസ് ആണെന്നും അഭിനയത്തിന്റെ കാര്യത്തിലും തങ്ങൾക്ക് സംശയമില്ലെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'രാമായണം'. 700 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. എന്നാൽ ബ്രഹ്മാണ്ഡ ബജറ്റിന്റേതായ ഒന്നും താരങ്ങളുടെ കോസ്റ്റ്യൂമിൽ പോലും കാണാനില്ല എന്നും വിമർശനമുണ്ട്. എന്നാൽ സിനിമ മുഴുവൻ കാണാതെ കുറച്ച് ചിത്രങ്ങൾ വെച്ച് മാത്രം വിലിയിരുത്തരുതെന്നാണ് സിനിമയെ പിന്തുണയ്ക്കുന്നവരുടെ പക്ഷം.
രൺബീർ കപൂർ, സായി പല്ലവി, സണ്ണി ഡിയോൾ, ലാറ ദത്ത, രാകുൽ പ്രീത് സിങ് തുടങ്ങിയവരാണ് അഭിനേതാക്കൾ. സണ്ണി ഡിയോൾ ഹനുമാന്റെ വേഷമാണ് ചെയ്യുന്നത്. ലാറ ദത്തയും രാകുൽ പ്രീത് സിങ്ങും യഥാക്രമം കൈകേയിയായും ശൂർപ്പണഖയായും അഭിനയിക്കുമെന്നാണ് റിപ്പോർട്ട്. ബോബി ഡിയോൾ കുംഭകർണനായേക്കും. മൂന്ന് ഭാഗങ്ങളിലായാണ് സിനിമയുടെ റിലീസ്. ആദ്യ ഭാഗം 2025-ൽ റിലീസ് ചെയ്യും.
'അപ്പാ, എന്നെ എപ്പോഴെങ്കിലും മിസ് ചെയ്തിട്ടുണ്ടോ?'; ശ്രുതി ഹാസന്റെ ചോദ്യത്തിന് കമൽഹാസന്റെ മറുപടി