താര ദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക ജയറാമിന്റെ വിവാഹം ഇന്ന് രാവിലെ ഗുരുവായൂർ അമ്പലത്തിൽ വെച്ച് നടന്നു. വലിയ താര ബഹളങ്ങളൊന്നും ഇല്ലാതെ അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും ഏതൊരു മാതാപിതാക്കളുടെയും സ്വപ്നമാണ് മകളുടെ വിവാഹമെന്നും ജയറാമും പാര്വതിയും പ്രതികരിച്ചു. 32 വര്ഷം മുമ്പ് ഗുരുവായൂരപ്പന്റെ നടയില് ഇതുപോലെ താലി കെട്ടാനുള്ള ഭാഗ്യം തങ്ങള്ക്കുണ്ടായെന്നും ജയറാം കൂട്ടിച്ചേര്ത്തു.
മാളവികയെ കല്ല്യാണ മണ്ഡപത്തിലേക്ക് കൈപിടിച്ചുകൊണ്ടു വന്നത് ജയറാമാണ്. ജയറാമിന്റെ മടിയിലിരുന്ന മാളവികയുടെ കഴുത്തില് നവനീത് താലി ചാര്ത്തി. ചുവപ്പ് നിറത്തിലുള്ള പട്ടുസാരിയായിരുന്നു മാളവികയുടെ വേഷം. തമിഴ് സ്റ്റൈലിലാണ് മാളവിക സാരിയുടുത്തത്. മാളവികയെ ഒരുക്കുന്ന വീഡിയോ മേക്കപ്പ് ആര്ട്ടിസ്റ്റ് വികാസ് ഇന്സ്റ്റഗ്രാമില് പങ്കുവെച്ചിട്ടുണ്ട്.
നെറ്റിച്ചുട്ടിയും മൂക്കുത്തിയുമണിഞ്ഞ്, മുല്ലപ്പൂവും ചൂടി അതീവസുന്ദരിയായിട്ടാണ് വധു മണ്ഡപത്തിലെത്തിയത്. ഹെവി ചോക്കറും അതിന് യോജിക്കുന്ന കമ്മലും വളയുമാണ് ആഭരണങ്ങളായി അണിഞ്ഞത്. മിഞ്ചിയും വിരല് വരെ കോര്ത്തുവെച്ച വലിയ പാദസരവും അരപ്പട്ടയും വ്യത്യസ്തത നല്കി.
കഴിഞ്ഞ ഡിസംബര് എട്ടിനായിരുന്നു മാളവികയുടെയും നവനീതിന്റേയും വിവാഹനിശ്ചയം. കൂര്ഗിലെ മൊണ്ട്രോസ് ഗോള്ഫ് റിസോര്ട്ടില്വെച്ചാണ് ചടങ്ങുകള് നടന്നത്. അതിനുശേഷം അടുത്ത കുടുംബാഗങ്ങള്ക്കും സുഹൃത്തുക്കള്ക്കും പാര്ട്ടിയും ഒരുക്കിയിരുന്നു. പാലക്കാട് നെന്മാറ കീഴേപ്പാട്ട് കുടുംബാംഗവും യു എന്നിലെ മുന് ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റേയും വത്സയുടേയും മകനാണ് നവനീത്. യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു. യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയാണ് നവനീത്.