ഏതാനും ദിവസങ്ങൾക്കു മുൻപാണ് കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡ് സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കാനും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറായാനും സാധ്യതയുണ്ടെന്ന് വാക്സിൻ നിർമാതാക്കളായ അസ്ട്രസെനക്ക സമ്മതിച്ചത്. ഇതിന് പിന്നാലെ വാക്സിൻ സ്വീകരിച്ചവരിൽ ശാരീരിക ബുദ്ധിമുട്ടുകളുണ്ടാകുന്നതായി നിരവധി പേർ പ്രതികരിച്ചെത്തിയിരുന്നു. കഴിഞ്ഞ ദിവസം നടൻ ശ്രേയസ് തൽപഡേയും ഇതേ പരാമർശം നടത്തിയത് വലിയ ചർച്ചകൾക്കാണ് വഴി വെച്ചത്. കഴിഞ്ഞ വർഷം ഹൃദയാഘാതം ഉണ്ടായെന്നും ഇപ്പോൾ ആരോഗ്യവാനായി ഇരിക്കുന്നുവെന്നും നടൻ പറഞ്ഞു.
2023 ഡിസംബറിലാണ് 'വെൽക്കം ടു ദ ജംഗിൾ' എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ച് ശ്രേയസ് തൽപഡേക്ക് ഹൃദയാഘാതമുണ്ടാകുന്നത്. ഈ സാഹചര്യത്തിലാണ് കൊവിഡ് വാക്സിൻ കോവിഷീൽഡിൻ്റെ പാർശ്വഫലങ്ങളെക്കുറിച്ചും അത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുടെ വർധനവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചും താരം പറഞ്ഞത്.
ഇതു കൂടാതെ, ഹൃദയസ്തംഭനത്തിന് പിന്നാലെ 10 മിനിറ്റ് നേരത്തേക്ക് ശ്രേയസിൻ്റെ ഹൃദയമിടിപ്പ് നിലച്ചിരുന്നുവെന്ന് ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയെ അഭിമുഖത്തിൽ നടൻ പറഞ്ഞു. ശ്രേയസിന്റെ ജീവിത പങ്കാളി ദീപ്തിയാണ് ഞട്ടിക്കുന്ന ഈ സംഭവം തന്നോട് വെളിപ്പെടുത്തിയതെന്നും ശ്രേയസ് വെളിപ്പെടുത്തി.
കൊവിഡ് വാക്സിനെടുത്തതിന് ശേഷമാണ് എനിക്ക് തളർച്ചയും ക്ഷീണവും അനുഭവപ്പെടാൻ തുടങ്ങിയത്. അത് കൊവിഡ് ആകാം, വാക്സിന്റെ പ്രതികരണം ആകാം. രണ്ടിൽ ഏതാണെന്ന് അറിയില്ല, പക്ഷേ അത് എൻ്റെ അവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ശ്രേയസ് പറഞ്ഞു. 'ഇത് വളരെയധികം ഭയപ്പെടുത്തുന്നു. നമ്മുടെ ശരീരത്തിൽ എന്താണ് കുത്തിവെച്ചിരിക്കുന്നതെന്ന് നമുക്ക് സത്യത്തിൽ അറിയില്ല. നമുക്ക് വാക്സിൻ തരുന്ന കമ്പനികളെ വിശ്വസിക്കുകയും അവരു പറയുന്നതിനനുസരിച്ച് ചെയ്യുന്നു. കൊവിഡിന് മുൻപുവരെ ഇങ്ങനെയൊരു കാര്യത്തേക്കുറിച്ച് ഒരിക്കൽപ്പോലും കേട്ടിട്ടില്ല. വാക്സിൻ എന്താണ് നമ്മളോട് ചെയ്തതെന്ന് നമുക്ക് അറിയണം,'ശ്രേയസ് തൽപഡേ കൂട്ടിച്ചേർത്തു.